തിരുവനന്തപുരം: ആദ്യത്തെ ഉർവ്വശി അവാർഡ് ജേതാവായ ശാരദ മുതൽ മഞ്ജുവാര്യർ വരെ നടിമാർക്ക് ഒരു ക്ഷാമവും ഇല്ലാത്ത ഇൻഡസ്ട്രിയാണ് മലയാളം. മറ്റ് ഭാഷകൾക്ക് വരെ മാതൃകയാക്കാവുന്ന ശക്തമായ സ്ത്രീ കഥപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ട മലയാളത്തിൽ ഇന്ന് നടിമാരെ സംബന്ധിച്ച് ചർച്ചകൾ സജീവമാവുകയാണ്. സമീപകാല മലയാള സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾ കാണാനേ ഇല്ല എന്നതാണ് ചർച്ചകൾക്ക് വഴിവെക്കുന്നത്. അഞ്ജലി മേനോൻ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോസ്റ്റുമായി രംഗത്തെത്തിയപ്പോൾ വെറുതെ നോക്കുകുത്തിയാകുന്ന കഥാപാത്രങ്ങൾ ഉണ്ടാകുന്നതിനേക്കാൾ കഥാപാത്രങ്ങൾ ഇല്ലാതിരിക്കുന്നതാണ് നല്ലെതെന്നായിരുന്നു നടി നിഖില വിമലിന്റെ അഭിപ്രായം.

ചർച്ചകൾ സജീവമാകുമ്പോൾ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനവുമായി സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ഈ സമയത്താണ് നായിക ആയുള്ള ആദ്യ സിനിമയിൽ തന്നെ നായകനൊപ്പം തുല്യമായ വേഷത്തിൽ കഴിവ് തെളിയിച്ച് ഇതേ മലയാളത്തിൽ നിന്നൊരു യുവ നായിക തന്റെ ജൈത്രയാത്ര തുടരുന്നത്. തമിഴിലെ ആദ്യ പരിശ്രമത്തിൽ കാലിടറിയങ്കിലും അതിനുപിന്നാലെയും അന്യഭാഷകളിൽ നിന്നുൾപ്പടെ നിരവധി അവസരങ്ങൾ ഈ നായികയെത്തേടി എത്തുന്നുണ്ട്. പറഞ്ഞുവരുന്നത് മാറ്റാരെക്കുറിച്ചുമല്ല മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്ന മമിത ബൈജുവിനെക്കുറിച്ചാണ്. മലയാളത്തിലെ ഏക്കാലത്തെയും വലിയ പണം വാരിച്ചിത്രങ്ങളിലൊന്നായ പ്രേമലു അതിന്റെ രണ്ടാം വരവിന് തയ്യാറെടുക്കുമ്പോൾ മമിതയുടെ സിനിമാ വഴികളെക്കുറിച്ചറിയാം

അച്ഛനും അമ്മയും ഇട്ടപേര് മറ്റൊന്ന്.. അബദ്ധം പറ്റിയത് ജനനസർട്ടിഫിക്കറ്റിൽ

മമിതയോട് പ്രിയം ഏറുമ്പോഴും ഏവരിലും കൗതുകമുണർത്തുന്നത് ആ പേര് തന്നെയാണ്. ഈ അടുത്ത കാലത്താണ് ഇതിന് പിന്നിലെ കഥ മമിത തന്നെ വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും തനിക്ക് ഇട്ട പേര് നമിത എന്നായിരുന്നു എന്നും എന്നാൽ ഒരു അബദ്ധത്തിൽ മമിത ആയതാണെന്നും താരം പറയുന്നു. ആ കഥ ഇങ്ങനെ..നമിത എന്നായിരുന്നു അച്ഛനും അമ്മയും ഇട്ട പേര്. സ്‌കുളിൽ ചേർക്കുന്ന സമയത്താണ് ജനന സർട്ടിഫിക്കറ്റിലെ നമിത എന്നുള്ളത് മമിത ആയ അക്ഷരത്തെറ്റ് കാണുന്നത്.

പിന്നീട് സ്‌കൂളിൽ അപ്പോൾ അച്ഛനും അമ്മയും തിരുത്താൻ പോയപ്പോൾ സ്‌കൂൾ പ്രിൻസിപ്പൽ ആണ് മമിത മതി എന്ന് പറഞ്ഞത്. അങ്ങനെയാണ് ആ പേര് സ്ഥിരമായത്. സിനിമയിൽ സജീവമായപ്പോഴാണ് പലരും മമിത എന്ന പേരിന്റെ അർത്ഥം ചോദിച്ചു തുടങ്ങിയത്.
തുടർന്നാണ് മമിതയും അന്വേഷിച്ച് തുടങ്ങിയത്. ഗൂഗിളിൽ നിന്നും കിട്ടിയത് സ്വീറ്റ് എന്നുള്ള അർത്ഥം ആണ്. പിന്നെ ഇ പേര് സിനിമാ ലോകത്ത് ഒരു ഐഡന്റിറ്റി നൽകുന്നുണ്ടെന്നും താരം പറയുന്നു.

ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് പത്രത്തിൽ വന്ന ഫോട്ടോ..

സിനിമ കുഞ്ഞിലേ കാണാൻ ഇഷ്ടമായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കും എന്ന് ഒരിക്കലും കരുതിയില്ല. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ ചാലി പാലാ ചേട്ടന്റെ മകളായി അഭിനയിച്ചിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ നൃത്തമത്സരത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ എന്റെ പടം പത്രത്തിൽ കണ്ട പപ്പയുടെ സുഹൃത്ത് വഴിയാണ് സർവോപരി പാലക്കാരനിൽ വിളിക്കുന്നത്. അന്നെനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു. പിന്നെ ഷൂട്ടിങ് ഒക്കെ എങ്ങനെയാണെന്ന് കാണാം എന്ന് കരുതി പോയതാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ എൻട്രി.

പിന്നെ വരുന്നത് ഹണി ബി ടുവിലാണ്. സർവോപരി പാലക്കാരന്റെ കാമറമാൻ ആണ് ഹണി ബീ ടുവിന്റെ കാമറ ചെയ്തത്. അദ്ദേഹം വിളിച്ചിട്ടാണ് ആ സിനിമയിൽ പോയത്. ഹണി ബീ ടുവിൽ ആസിഫ് ഇക്കയുടെ അനിയത്തി, വികൃതിയിൽ സൗബിൻ ചേട്ടന്റെ അനിയത്തി എന്നീ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സമയത്ത് തന്നെ ഡാകിനി, കൃഷ്ണം, വരത്തൻ, സ്‌കൂൾ ഡയറി, ആൻ ഇന്റർ നാഷണൽ ലൗ സ്റ്റോറി, കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സ് എന്നി ചിത്രങ്ങളിലും ചെറിയ വേഷത്തിലെത്തി.

അഭിനയത്തോട് കൂട്ട് കൂടുന്നു.. പിന്നാലെ ഓപ്പറേഷൻ ജാവയിലേക്ക്

സിനിമയിൽ വേഷങ്ങൾ കിട്ടിത്തുടങ്ങിയതോടെ കൂടുതൽ വേഷങ്ങൾക്കായി ഓഡിഷനിലൊക്കെ പോയിത്തുടങ്ങി. അഭിനയത്തോട് ശരിക്കും ഇഷ്ടം തോന്നിത്തുടങ്ങുന്നത് അങ്ങനെയാണ്. ഓഡിഷൻ വഴിയാണ് ഓപ്പറേഷൻ ജാവയിൽ എത്തിയത്. ജാവയുടെ അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് സർ ആണ് ഇങ്ങനെ ഒരു ഓഡിഷനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ചെന്നു, തരുൺ ചേട്ടന് ഇഷ്ടപ്പെട്ടു. നല്ല അനുഭവങ്ങളാണ് ഓപ്പറേഷൻ ജാവയുടെ സെറ്റ് തന്നത്. ഓരോ സിനിമയും ഓരോ പാഠശാലയാണ്. ഓരോ സെറ്റും വ്യത്യസ്തമാണ്.

തരുൺ ചേട്ടൻ വളരെ നല്ല വ്യക്തിയാണ്. അദ്ദേഹം നമ്മളെ പ്രഷർ ചെയ്യില്ല. ചേട്ടാ ഇങ്ങനെ ചെയ്താലോ എന്ന് ചോദിച്ചാൽ എന്നാൽ അങ്ങനെ ചെയ്തു നോക്കൂ എന്ന് പറയും. നമ്മളെ കംഫർട്ടബിൾ ആക്കി ചേട്ടന് വേണ്ടത് ചെയ്തു എടുക്കും. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നതാണെന്ന് തോന്നില്ല. ചേട്ടന് സിനിമ എങ്ങനെ വേണം എന്ന് നല്ല ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്താണ് വേണ്ടത് അത് കിട്ടുന്നതുവരെ ക്ഷമയോടെ ചെയ്യിക്കും. എന്നാൽ ഒട്ടും ബുദ്ധിമുട്ടിക്കില്ല. സമയം എടുത്തു പറഞ്ഞു തരും.സെറ്റിൽ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. ബാലു ചേട്ടനെ ഹണി ബി മുതൽ അറിയാം സുഹൃത്തുക്കൾ ആണ്. അതുകൊണ്ടു തന്നെ വളരെ നന്നായി സഹകരിച്ചു ചെയ്യാൻ പറ്റിയെന്നുമാണ് ജാവയെക്കുറിച്ച് മമിത പറയുന്നത്.

ഓപ്പറേഷൻ ജാവയിലെ കഥാപാത്രം താനാണെന്ന് പലർക്കും അറിയില്ല. അത്തരമൊരനുഭവവും മമിത പങ്കുവെച്ചിട്ടുണ്ട്. തന്റെ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ ഞാൻ ഓപ്പറേഷൻ ജാവയിൽ അൽഫോൻസാ എന്ന കഥാപാത്രത്തിന്റെ കാര്യം പറഞ്ഞു. അപ്പോൾ അവർക്ക് അതിശയമായി. അത് ഞാൻ ആണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല എന്ന് പറഞ്ഞു. കുറച്ചുകൂടി പ്രായം തോന്നുന്ന കഥാപാത്രമാണ് ജാവയിലേത്.ഓപ്പറേഷൻ ജാവ തിയറ്ററിൽ എത്തിയപ്പോൾ തന്നെ നല്ല വിജയമായിരുന്നു. അന്നുമുതൽ നല്ല റെസ്പോൺസ് കിട്ടിത്തുടങ്ങി.ഒടിടിയിൽ വന്നതിനു ശേഷം കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചു.ഇതോടെയാണ് അവസരങ്ങൾ തേടി വന്നുതുടങ്ങിയത്.ഇവിടുന്നങ്ങോട്ട് ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി.

ഖൊഖൊ, രണ്ട്,സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സൂപ്പർ ശരണ്യപ്രണയവിലാസം, നിവിൻ പോളി ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ ഇതൊക്കെ സംഭവിക്കുന്നത്.

പ്രേമലുവിലൂടെ നായികാ പദവിയും നൂറുകോടി ക്ലബും

സൂപ്പർ ശരണ്യയിലൂടെ സോനാര എന്ന ശ്രദ്ധേയ കഥാപാത്രം സമ്മാനിച്ച ഗിരീഷ് എ ഡി തന്നെയാണ് മമിതയെ ആദ്യമായി നായികയായി അവതരിപ്പിക്കുന്നതും. നസ്ലിൻ, മമിത എന്നിവരെ പ്രധാനവേഷങ്ങളിലവതരിപ്പിച്ച പ്രേമലു മലയാള സിനിമയിലെ പണം വാരിച്ചിത്രങ്ങളിൽ മുൻപന്തിയിലാണ്. സൂപ്പർ ശരണ്യയിലെ പ്രകടനം തന്നെയാണ് പ്രേമലുവിലേക്കും മമിതയ്ക്ക് വഴി തുറന്നത്.സച്ചിൻ എന്ന കഥാപാത്രത്തിലൂടെ നസ്ലിൻ കസറിയപ്പോൾ ഒപ്പം നിന്ന് റീനു എന്ന കഥാപാത്രത്തിലൂടെ മമിതയും കൈയടി നേടി.ഈ കോമ്പോയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വികരിച്ചപ്പോൾ വഴിമാറിയത് നിരവധി റെക്കോർഡുകളും പിറന്നത് നൂറു കോടി നേടിയ യുവ നായിക നായകന്മാർ എന്ന ലേബലും.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സിനിമയ്ക്കു ലഭിച്ചത്.തെലുങ്കിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാളം മൊഴിമാറ്റ ചിത്രമെന്ന പുലിമുരുകന്റെ നേട്ടവും പ്രേമലു കടത്തിവെട്ടി. 12 കോടിയാണ് പുലിമുരുകൻ നേടിയത് എന്നാൽ പ്രേമലു 16 കോടിയോളമാണ് കലക്ഷൻ നേടിയത്. തമിഴ്‌നാട്ടിൽ 7 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്.ബാഹുബലി, ആർആർആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്.

തമിഴിൽ ആദ്യം കാലിടറി എങ്കിലും കൈ നിറയെ അവസരങ്ങൾ

പ്രേമലുവിന് പിന്നാലെ ഇതരഭാഷകളിൽ നിന്നും കൈ നിറയെ അവസരങ്ങളാണ് മമിതയെത്തേടി എത്തുന്നത്.ജി വി പ്രകാശിന്റെ നായികയായി റെബൽ എന്ന ചിത്രത്തിലൂടെയായിരുന്നു മമിതയുടെ തമിഴ് അരങ്ങേറ്റം. മാർച്ച് 22ന് റെബൽ തിയേറ്ററുകളിൽ എത്തിയ പടം പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രേമലു ഒടിടി എത്തുന്നതിന് മുൻപെ തന്നെ ചിത്രം ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു.എങ്കിലും ചിത്രത്തിലെ മമിതയുടെ വേഷം ശ്രദ്ധ നേടി.

ഇത് കൂടാതെ സൂര്യയെ നായകനാക്കി സംവിധായകൻ ബാല പ്രഖ്യാപിച്ച വണങ്കാൻ എന്ന ചിത്രത്തിലും മമിതയ്ക്ക് മികച്ച വേഷം ഉണ്ടായിരുന്നു.ആദ്യ ഷെഡ്യൂളും പൂർത്തിയാക്കിയിരുന്നു. എന്നാൽ കഥയിലെ മാറ്റങ്ങളെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തെ തുടർന്ന് സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറി. എന്നാൽ ഇതോടെ താനും പിന്മാറിയതായി മമിത തന്നെ വെളിപ്പെടുത്തുകയായിരുന്നു.സെറ്റിലെ ചില പ്രശ്നത്തെത്തുടർന്നാണ് മമിതയുടെ പിന്മാറ്റം എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാർത്തകൾ. സംഭവം ചർച്ചാ വിഷയമായതോടെ വിശദീകരണവുമായി മമിത തന്നെ രംഗത്ത് വരികയായിരുന്നു.

സൂര്യ സാറുമായുള്ള കോംബിനേഷൻ സീനൊക്കെ ഷൂട്ട് ചെയ്തിരുന്നു.സൂര്യ പിന്മാറിയതിനാൽ മറ്റൊരു താരത്തെ വച്ച് വീണ്ടും ചിത്രം ആദ്യം മുതൽ ഷൂട്ട് ചെയ്യാനായിരുന്നു സംവിധായകൻ ബാലയുടെ ആലോചന. 40 ദിവസത്തെ ഷൂട്ട് കഴിഞ്ഞ ശേഷമാണ് കഥയിൽ മാറ്റങ്ങൾ വരുത്തിയത്.അതിനാൽ കൂടുതൽ ദിവസങ്ങൾ ചിത്രത്തിന് നൽകേണ്ടി വരും എന്നാൽ നേരത്തെ തന്നെ മറ്റ് ചില ചിത്രങ്ങൾക്ക് ഡേറ്റ് നൽകിയതിനാൽ കൂടുതൽ ദിവസങ്ങൾ വണങ്കാന് വേണ്ടി മാറ്റിവയ്ക്കാനില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മമിത വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്.

രണ്ട് അവസരങ്ങളിൽ കാലിടറിയെങ്കിലും അവസരങ്ങൾ വീണ്ടും മമിതയെ തേടി എത്തി.രാംകുമാർ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തിലാണ് വിഷ്ണു വിശാലിന്റെ നായികയായി മമിത എത്തുന്നത്.കൊടൈക്കനാലിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.മമിത അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്.

ഡ്രൈവിങ്ങിനെയും യാത്രകളെയും സ്നേഹിച്ച പെൺകുട്ടി

പതിയെ കാറോടിക്കുന്ന അമൽ ഡേവിസിനെ കണ്ട് ഇനി കുറച്ച് ഞാൻ ഓടിക്കട്ടെ എന്നാണ് റീനുവിന്റെ ചോദ്യം.. ഇവൻ ആളിത്തിരി പെശകാന്നു പറയുമ്പോ ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞ് കാറെടുത്ത് റീനുവിന്റെ ഒരു പറപ്പിക്കലുണ്ട്. സിനിമ കണ്ട
ആർക്കും ഇഷ്ടമാകുന്ന രംഗം.. പ്രേമലുവിലെ റീനുവിനെപ്പോലെ തന്നെയാണ് മമിതയ്ക്കും ഡ്രൈവിങ്ങ്..അത്രക്ക് പാഷനാണ്..ചുരുക്കി പറഞ്ഞാൽ സിനിമയ്ക്കൊപ്പം ചേർന്നുനിൽക്കുന്ന ഇഷ്ടമാണ് മമിതയ്ക്കു ഡ്രൈവിങ്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഡ്രൈവിങ് സീറ്റിൽ കയറിയതാണ്.18ാം വയസ്സിൽ ലൈസൻസ് എടുക്കേണ്ട ചടങ്ങുമാത്രമേ ഉണ്ടായിരുന്നുള്ളൂ.പപ്പ ഡോ.ബൈജു തന്നെയാണ് ആദ്യ ഗുരു.മക്കൾ ഡ്രൈവിങ് പഠിച്ചിരിക്കണമെന്ന പപ്പയുടെ നിർബന്ധമാണ് മമിതയുടെ ഈ പ്രിയത്തിന് പിന്നിൽ. കോട്ടയം കിടങ്ങൂരിൽ വീടിനടുത്തുള്ള ഗ്രൗണ്ടിൽ ചേട്ടൻ മിഥുനെയും കൂട്ടിയായിരുന്നു പഠനം. വാഗൺ ആർ ആയിരുന്നു വാഹനം. പപ്പ ഫ്രീ ആകുമ്പോഴേ ഇതെല്ലാം നടക്കൂ.. അമ്മ മിനിയുടെ ആക്ടീവയിൽ സ്‌കൂട്ടർ ഓടിക്കാൻ പഠിച്ചു. ഒപ്പം ബൈക്കും പരിശീലിച്ചു.

ബിരുദ പഠനത്തിനായി കൊച്ചി തേവര സേക്രട്ട് ഹാർട്ടിൽ ചേർന്നപ്പോൾ പുതിയ കാർ വാങ്ങാമെന്നു തീരുമാനിച്ചു. ഫോക്സ്വാഗൻ പോളോ ജിടി ആയിരുന്നു മനസ്സിൽ. കാരണം ഫോക്സ്വാഗൻ ബ്രാൻഡ് ഇഷ്ടമാണ്. ഷോറൂമിൽ അന്വേഷിച്ചപ്പോൾ പോളോ നിർത്താൻ പോകുകയാണെന്നറിഞ്ഞു.അപ്പോൾ പപ്പ പറഞ്ഞു 'നിർത്താൻ പോകുന്ന മോഡൽ വേണ്ട പകരം ടൈഗൂൺ എടുക്കാം.' ഡ്രൈവ് ചെയ്തു.. നല്ല കംഫട്ട് സീറ്റിങ്, പവർഫുൾ എൻജിൻ. എല്ലാം കൊണ്ടും പെർഫക്ട് ഓക്കെ. അങ്ങിനെ ആണ് ടൈഗൂൺ സ്വന്തമാക്കുന്നത്.

സെഡാൻ കാറുകളേക്കാൾ താരത്തിന് ഇഷ്ടം എസ്യുവി ആണ്.കുഴിഞ്ഞിരിക്കുന്ന ഫീൽ ആണ് സെഡാൻ ഓടിക്കുമ്പോൾ തോന്നിയിട്ടുള്ളതെന്നണ് മമിത പറയുന്നത്.കോംപാക്ട് എസ്യുവിയാണെങ്കിൽ സീറ്റിങ് വളരെ കംഫർട്ടബിൾ ആണ്.റോഡ് നന്നായി കാണാം.നഗര യാത്രകളാണെങ്കിലും കൊണ്ടുനടക്കാൻ സൗകര്യം തുടങ്ങി ഏറെ ഗുണങ്ങളുണ്ട്. വീട്ടിൽ അമ്മയുടെ ഫോഡ് ഐക്കൺ അപ്പൂപ്പന്റെ ഹ്യുണ്ടെയ് സാൻട്രോ എന്നിവയെല്ലാം ഇടയ്ക്കിടെ ഓടിച്ചുനോക്കാറുണ്ട്.

റീനു ഓവർ സ്പീഡാണെങ്കിലും മമിത അങ്ങിനെയല്ല.ഓവർ സ്പീഡിന് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല.നിയമം പാലിച്ചേ ഡ്രൈവ് ചെയ്യാറുള്ളൂ.കൊച്ചി കോട്ടയം യാത്രകളാണ് കൂടുതലും.ചിലപ്പോൾ ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു വരും.ചേട്ടൻ കൂടെയുണ്ടെങ്കിൽ മാറി മാറി ഡ്രൈവ് ചെയ്യും.ചേട്ടൻ ചില ഡ്രൈവിങ് പൊടിക്കൈകളൊക്കെ പറഞ്ഞുകൊടുക്കും.ദൂരയാത്രകൾ പൊതുവെ കുറവാണ്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള യാത്രകളിൽ സ്ഥലം കാണാൻ പറ്റാറില്ല.

കേരളത്തിൽ തന്നെ എല്ലായിടത്തും പോകാൻ കഴിഞ്ഞിട്ടില്ല.കോഴിക്കോട് ബിരിയാണി കഴിച്ച് അവിടെ ബീച്ചിലൊക്കെ കറങ്ങിനടക്കണമെന്നാണ് താരത്തിന്റെ ഒരു ആഗ്രഹം.വിദേശത്തുപോകുമ്പോൾ നമ്മുടെ നാട്ടിലില്ലാത്ത പുതിയ മോഡലുകൾ കാണുമ്പോൾ ഓടിച്ചുനോക്കാൻ കൊതിയാകും.ലൈസൻസ് ഇല്ലാത്തതിനാൽ വേണ്ടെന്നു വയ്ക്കും. ഇനി ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് എടുക്കണമെന്നതും താരത്തിന്റെ ആഗ്രഹങ്ങളിലൊന്നാണ്.

ഇനി അൽപ്പം കുടുംബകാര്യം

കോട്ടയം കിടങ്ങൂരിലാണ് മമിതയുടെ വീട്.അച്ഛൻ ഡോക്ടർ കെ. ബൈജു, അമൃത ഹോസ്പിറ്റലിൽ ഡയബറ്റോളജിസ്റ് ആയിരുന്നു. ഇപ്പൊ വീടിനടുത്തു ഒരു ക്ലിനിക് ഇട്ടിരിക്കുകയാണ്.അമ്മ മിനി ബൈജു, ചേട്ടൻ മിഥുൻ. ചേട്ടൻ കാനഡയിൽ നിന്നും ഗ്രാജുവേഷൻ ചെയ്തു വന്നു. വീട്ടുകാർ എല്ലാവരും നല്ല സപ്പോർട്ട് ആണ്. ചേട്ടൻ ആണ് എന്റെ മെയിൻ ക്രിട്ടിക്ക്. ഞാൻ ചെയ്യുന്നതിലെ നല്ലതും ചീത്തയും പറഞ്ഞു തരും. നന്നാക്കാനുള്ള ടിപ്സ് പറഞ്ഞു തരും. കലയെ പ്രോത്സാഹിപ്പിക്കുന്ന കുടുംബം ആണ്.

സിനിമയെ അടുത്തറിയുന്നു.. ആഗ്രഹിക്കുന്നത് മികച്ച വേഷങ്ങൾ

പണ്ട് സിനിമ കാണുമ്പോൾ സിനിമയെപ്പറ്റി കൂടുതൽ ഒന്നും അറിയില്ലല്ലോ. ഇരുന്നു കുറ്റം പറയും അല്ലെങ്കിൽ ആസ്വദിക്കും.ഒരു സിനിമയ്ക്ക് പുറകിൽ നടക്കുന്ന അധ്വാനം ഒന്നും അറിയില്ല. പക്ഷെ ഇപ്പോൾ അങ്ങനെ അല്ല, ഷൂട്ടിങ്ങിനു പോയി തുടങ്ങിയപ്പോൾ ഓരോ ഷോട്ടും എടുക്കുന്നതിനുള്ള ബുദ്ധിമുട്ടു മനസ്സിലായി.സ്‌ക്രിപ്റ്റ് എഴുതുന്നത് മുതൽ തീയറ്ററിൽ വരുന്നതുവരെ എന്തുമാത്രം പണികൾ ആണ്.അതൊക്കെ ഓർക്കുമ്പോൾ സിനിമയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും ബഹുമാനം തോന്നുന്നു. എന്നെ തന്നെ ബിഗ്‌സ്‌ക്രീനിൽ കാണുന്നത് മറ്റൊരു അനുഭവം ആണ്.നമ്മുടെ കഥാപാത്രത്തെപ്പറ്റി ചർച്ച ചെയ്യുന്നതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും.ഇപ്പൊ സിനിമയോട് ആരാധനയും ബഹുമാനവുമാണ്.

ഓരോ സിനിമ കഴിയുമ്പോഴും സിനിമയെപ്പറ്റി കൂടുതൽ മനസ്സിലാകുന്നു, അതോടൊപ്പം സിനിമയോടുള്ള താല്പര്യവും കൂടുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞു. അടുത്തത് എന്താണ് എന്ന് തീരുമാനിക്കുന്ന സമയം ആണ്. എന്റെ പപ്പാ ഡോക്ടർ ആണ്. ഞാനും ഡോക്ടർ ആകണം എന്ന് വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അങ്ങനെ താല്പര്യം ഇല്ല. സിനിമ എല്ലാവർക്കും കിട്ടുന്ന ഒരു കാര്യം അല്ലല്ലോ.എനിക്ക് ചാൻസ് കിട്ടിയത് ഭാഗ്യമായി കാണുകയാണ്.ഇനിയും കിട്ടുന്ന റോളുകൾ കൂടുതൽ നന്നാക്കണം എന്നാണ് ആഗ്രഹം.പഠനത്തോടൊപ്പം സിനിമ കൂടെ കൊണ്ട് പോകണം എന്നുണ്ട്.

പ്രേമലുവിലെ റീനു'സൂപ്പർ ശരണ്യ'യിലെ സോന, 'പ്രണയവിലാസ'ത്തിലെ ഗോപിക, 'ഓപ്പറേഷൻ ജാവ'യിലെ അൽഫോൻസ, 'ഖൊ-ഖൊ'യിലെ അഞ്ജു തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി മമിത ബൈജു എന്ന നായിക മലയാള മനസുകളിൽ തന്റെതായ ഇടം നേടുകയാണ്.റീനുവിന്റെ രണ്ടാം വരവ് ഉൾപ്പടെ മമിതയുടെ പുതിയ വേഷപ്പകർച്ചകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.