മെൽബൺ: കാർ ഡ്രൈവിംഗിനോടുള്ള മമ്മൂട്ടിയുടെ ക്രേസ് പണ്ടേ എല്ലാവർക്കും അറിവുള്ള കാര്യമാണ്. തനിയെ ഡ്രൈവ് ചെയ്യാനുള്ള അവസരങ്ങൾ അദ്ദേഹം മിസ്സാക്കാറില്ല. ഇപ്പോൾ അവധിക്കാലം ചെലവിടാൻ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കയാണ് മെഗാ സ്റ്റാർ. ഇവിടത്തെ വിശാലമായ റോഡുകൾ കണ്ടതോടെ അദ്ദേഹത്തിന് മനസ്സു കുളിർത്തു. ഇപ്പോൾ ഓസ്‌ട്രേലിയയിൽ തലങ്ങും വിലങ്ങുമായി ഡ്രൈവ് ചെയ്തു കൊണ്ടിരിക്കയാണ് മമ്മൂട്ടി.

ഓസ്ട്രേലിയയിൽ എത്തിയ മമ്മൂട്ടിയുടെ ഡ്രൈവിങ് വീഡിയോ ആണ് ഇപ്പോൾ സൈബറിടത്തിലും വൈറലാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നും ആരംഭിച്ച കാർ യാത്ര കാൻബറയും മെൽബണും പിന്നിട്ട് ടാസ്മാനിയയും കവർ ചെയ്തപ്പോൾ 2300 കിലോമീറ്റർ ആണ് മമ്മൂട്ടി ഒറ്റക്ക് ഡ്രൈവ് ചെയ്തു തീർത്തത്. പത്‌നി സുൾഫതും സുഹൃത്ത് രാജ ശേഖരനും മമ്മൂട്ടിക്കൊപ്പം ഓസ്ട്രേലിയയിൽ എത്തിയിരുന്നു. മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല നിർവഹിക്കുന്ന റോബർട്ട് കുര്യാക്കോസ് ആണ് വീഡിയോ പങ്ക് വച്ചത്.

മമ്മൂട്ടി വളരെ ആസ്വദിച്ചു കൊണ്ട് തന്നെയാണ് ഡ്രൈവ് ചെയ്യുന്നതെന്നാണ് ഓസ്‌ട്രേലിയൻ മലയാളിയായ റോബർട്ട് കുര്യാക്കോസ് പറയുന്നത്. പുൽമേടുകൾക്കും വൻ മരങ്ങൾക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരിക്കുന്നു എന്നാണ് റോബർട്ട് ഫേസ്‌ബുക്കിൽ ഡ്രൈവിങ് വീഡിയോ സഹിതം പോസ്റ്റു ചെയ്തിരിക്കുന്നത്.

റോബർട്ട് കുര്യാക്കോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓർമയിൽ തങ്ങിനിൽക്കുന്നതാണ്. മമ്മൂക്കയ്‌ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: 'കാലമേ.... എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്...' ഓസ്‌ട്രേലിയൻ പാതയിലൂടെയുള്ള ഈ സഞ്ചാരത്തിൽ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നിൽ കാലവുമായിരുന്നു. സിഡ്‌നിയിൽ നിന്ന് കാൻബറയിലേക്ക്. അവിടെ നിന്ന് മെൽബണിലേക്ക് പിന്നെ ടാസ്മാനിയയിൽ.

പുൽമേടുകൾക്കും വൻ മരങ്ങൾക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോൾ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ യാത്രികർ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കൽപ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോർത്തു, ഒരു പാട് തമാശപറഞ്ഞു. കൂടെ ഞങ്ങൾ മൂന്നു പേർ. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരൻ, സുൾഫത്ത് മേഡം, പിന്നെ ഞാനും. കേരളത്തിനേക്കാൾ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീര വശങ്ങൾ മമ്മൂക്ക കാറിൽ പിന്നിട്ടു.

ഹോബാർട്ടിൽ നിന്ന് ലോൺസസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാൻസി,പോർട്ട് ആർതർ വഴി തിരിച്ചു ഹോബാർട്ട്. മടുപ്പേതുമില്ലാതെ, എന്നാൽ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാർ പായിച്ചു. റോഷിതിന്റെ 'DON007' നമ്പർ പ്ലെയിറ്റുള്ള ബ്രാൻഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്ട്രേലിയയിലെ ആദ്യ ഘട്ട സന്ദർശനത്തിൽ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റർ! വീണ്ടും ഒരു അദ്ഭുതം. ഓസ്‌ട്രേലിയയിൽ 10 വർഷമായി വാഹനമോടിക്കുന്ന എന്നേക്കാൾ ഇവിടത്തെ ഗതാഗത നിയമങ്ങൾ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരിൽ ഞങ്ങൾ തർക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല.

ഒടുവിൽ കാറിലിരുന്നു കൊണ്ട് സംശയം തീർക്കാൻ ടാസ്മാനിയൻ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ( സനിൽ നായർ )ഞാൻ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി. സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരാൻ സിഡ്‌നിയിൽ കിരൺജയിംസും മെൽബണിൽ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവിന് മദനൻ ചെല്ലപ്പനും ഫിലിപ്പ് അയലൻഡ് ഉൾപ്പെടുന്ന തീരദേശ ഡ്രൈവിന് കിരൺ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്‌ട്രേലിയൻ നിവാസിയായി. അങ്ങനെ കുറച്ചു നല്ല ദിവസങ്ങൾ, നല്ല നിമിഷങ്ങൾ, സിനിമയല്ല കൺമുന്നിൽ ഓടുന്നതെന്ന് വിശ്വസിക്കാൻ പാടുപെട്ട കാഴ്ചകൾ.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും...