കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്താൽ വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ' പര്യടനം നടത്തും. മമ്മൂട്ടിയുടെ നിർദേശാനുസരണം ആലുവ രാജഗിരി ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം നാളെ മുതൽ സൗജന്യ പരിശോധനയ്ക്ക് തുടക്കമിടും. വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകൾക്കരികിലെത്തും. ഇതിൽ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവർക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും സൗജന്യമായി നൽകും.

പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പര്യടനം നടത്തുക. ചൊവ്വാഴ്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡായ ബ്രഹ്‌മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.

ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം. ഇവയിൽനിന്ന് ലഭിക്കുന്ന പരിശോധനാ വിവരങ്ങൾ വിലയിരുത്താൻ ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തെൽ, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

വിഷപ്പുക മൂലം വലയുന്ന ആസ്മ രോഗികൾക്കടക്കം ഓക്സിജൻ കോൺസൻട്രേറ്ററുകൾ വലിയൊരളവിൽ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. വായുവിലെ ഓക്‌സിജനെ വേർതിരിച്ചെടുക്കുകയാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുന്നത്. ലഭ്യമായ വായുവിൽനിന്ന് ഇവ വിഷവാതകങ്ങളെ പുറംതള്ളി ഏകദേശം 90-95 ശതമാനം ഓക്‌സിജൻ നൽകും.

മുറിയിൽ നിന്നോ, പരിസരത്തുനിന്നോ വായുവിനെ സ്വീകരിച്ച്, ശുദ്ധീകരിച്ച് ആവശ്യമുള്ള വ്യക്തിക്ക് ഓക്സിജൻ മാത്രമായി നൽകുകയാണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുക. പുകയിൽനിന്ന് സംരക്ഷണം നൽകുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകൾ ബ്രഹ്‌മപുരത്ത് വിതരണം ചെയ്യുന്നതിനായി കെയർ ആൻഡ് ഷെയർ വൈദ്യസംഘത്തിനു കൈമാറിയിട്ടുണ്ട്.

'പുക ശ്വസിച്ചതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകൾ ഒരുപാട് പേർക്കുണ്ട്. പലരും ആശുപത്രിയിൽ പോകാൻ മടിച്ച് വീട്ടിൽതന്നെയിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. അവർക്കുകൂടി പ്രയോജനമാകും വിധമാണ് വൈദ്യപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നത്'-കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ. മുരളീധരൻ പറഞ്ഞു.

തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടിയിരുന്നു.

'ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ' ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു.

ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളർന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.