- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ; പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു പരിപാടിക്ക് പോയതായിരുന്നു; ഇന്നസെന്റ് മരിച്ചപ്പോൾ അന്ന് വാപ്പയും വന്നിട്ടില്ല; ദുബായിലായിരുന്നു അന്ന് ഉപ്പ; താരങ്ങൾ വരാത്തതിൽ പരിഭവമില്ലെന്ന് മാമുക്കോയയുടെ മക്കൾ
കോഴിക്കോട്: മരണാന്തര ചടങ്ങുകളിൽ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും ജയറാമും അടക്കമുള്ള താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ. 'വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണെന്നും മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുല് റഷീദും പറഞ്ഞു.
ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു പരിപാടിക്ക് പോയതായിരുന്നു. ഇന്നസെന്റ് മരിച്ചപ്പോൾ അന്ന് വാപ്പയും വന്നിട്ടില്ല. ദുബായിലായിരുന്നു അന്ന് ഉപ്പ. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അതുകൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാകുമെന്നും' എന്നാണ് മക്കൾ പറഞ്ഞത്.
മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു ഇന്നലെ പറഞ്ഞിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനുവിന്റെ ആരോപണം. മലയാള സിനിമയിലെ മുൻനിര നടന്മാരൊന്നും കോഴിക്കോട് എത്തിയിരുന്നില്ല. സത്യൻ അന്തികാടിന്റെ സാന്നിധ്യത്തിന് അപ്പുറത്തേക്ക് വലിയൊരു സാങ്കേതിക നിരയും എത്തിയില്ല. ഇതെല്ലാം ചർച്ചയായതോടെയാണ് മാമുക്കോയയുടെ മക്കൾ വിശദീകരണവുമായി എത്തിയത്.
'മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായിപ്പോയി. എന്നോടു ചോദിച്ചവരോടു ഞാൻ പറഞ്ഞു. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ. എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നു'- എന്നാണ് വിനു പ്രതികരിച്ചത്.
കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു മാമുക്കോയയുടെ കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടർന്നായിരുന്നു കബറടക്കം. നിരവധി പേർ കബറടക്കത്തിന് എത്തി. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നിർമ്മാതാവ് ആര്യാടൻ ഷൗക്കത്ത്, മന്ത്രി അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
വലിയൊരു താരനിരയൊന്നും കബറടക്കത്തിന് ഉണ്ടായിരുന്നില്ല. ജാപ്പാനിലുള്ള മോഹൻലാൽ തന്റെ വേദന പ്രസ്താവനയിൽ ഒതുക്കി. അമ്മയുടെ മരണ ദുഃഖത്തിൽ ആയതിനാൽ മമ്മൂട്ടിയും വന്നില്ല. കോഴിക്കോട് പ്രതീക്ഷിച്ച തരത്തിലെ താരങ്ങളുടെ ഒഴുക്കൊന്നും മാമ്മൂകോയയെ കാണാനെത്തിയില്ലെന്നതാണ് വസ്തുത. ബുധനാഴ്ച 1.05-ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്നാണ് മരണം.
അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ട മാമുക്കോയ 2004-ൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും (പെരുമഴക്കാലം) 2008-ൽ ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും (ഇന്നത്തെ ചിന്താവിഷയം) നേടി. കലാരത്നം പുരസ്‌കാരം, കല അബുദാബി പുരസ്‌കാരം, നെല്ലിക്കോട് ഭാസ്‌കരൻ പുരസ്‌കാരം, കെ.പി. ഉമ്മർ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. കോഴിക്കോട് കേന്ദ്രമായുള്ള യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി പ്രസിഡന്റാണ്. നാടകത്തിലൂടെയാണ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ തിളങ്ങുമ്പോഴും നാടകത്തോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചു. നാടകാഭിനയം ചെയ്യുകയും ചെയ്തു.
കോഴിക്കോടൻ ഭാഷാ ശൈലിയെ ഇത്രത്തോളം രസകരമായി അവതരിപ്പിച്ച മറ്റൊരു നടനില്ല. 1979ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് നാനൂറിലേറെ ചിത്രങ്ങൾ. ചിരിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. ചെറുചലനങ്ങളിലൂടെ ഒരൊറ്റ ഡയലോഗിലൂടെ ചിരിനിറക്കാനുള്ള കഴിവ്. സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി.
ഏത് വേഷവും ആ കൈകളിൽ ഭദ്രം. അനായാസമായി സ്വാഭാവികമായി അഭിനയിച്ച് ജീവിച്ചു. റാംജിറാവു സ്പീക്കിങ്ങിലെ ഹംസക്കോയ, മഴവിൽ കാവടിയിലെ കുഞ്ഞിക്കാദർ, നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ അങ്ങനെയങ്ങനെ മലയാളി എന്നും ഓർക്കുന്ന കഥാപാത്രങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ