ഇടുക്കി: രാജ്യത്ത് കൂടുതൽ കാട്ടാന ശല്യം നേരിടുന്ന സംസ്ഥാനമാണ് കേരളമെന്നും ഈ വിഷയം സർക്കാർ വേണ്ടത്ര ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ലെന്നും ഈ മേഖലയിലെ വിദഗധനായ ഡോ.ജോ ജോസഫ്. ഇനിയും അമാന്തിച്ചാൽ 5 വർഷത്തിനുള്ളിൽ വനമേഖലയോട് അടുത്തുള്ള ചെറുപട്ടണങ്ങളിൽ ഒട്ടുമിക്കതും വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറും. വന്യമൃഗ ശല്യത്തെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചും താൻ നടത്തിയ പഠനത്തിലെ കണ്ടെത്തലുകളും നിഗമനങ്ങളും മറുനാടനുമായി പങ്കിടുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ അരിക്കൊമ്പൻ മിഷൻ ആരംഭിക്കുന്നതിന് മുമ്പെ കേരളത്തിലെ കാട്ടാന ശല്യത്തിന്റെ കാര്യ-കാരണങ്ങളെകുറിച്ച് താൻ പഠനം ആരംഭിച്ചിരുന്നു. ആന ശല്യം മൂലം കൃഷി ഭൂമി കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവായവരിൽ ഒരാളാണ് താൻ. തന്റെ സുഹൃത്തുക്കളിൽ നിരവധി പേർ ഇപ്പോഴും ആന ശല്യം നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഇതെക്കുറിച്ച് പഠനം നടത്താൻ തീരുമാനി്ക്കുന്നത്.

പ്രാരംഭമായി ലഭ്യമായ സ്ഥതിവിവരകണക്കുകൾ ശേഖരിച്ചു. ലോക വ്യാപകമായി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പഠന റിപ്പോർട്ടുകളിൽ നിന്നുള്ള വിവരങ്ങളും സമാഹരിച്ചു. തുടർന്ന് വിദഗ്ധരുമായി സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് കോതമംഗലം സ്വദേശി കൂടിയായ ഡോ. ജോ ജോസഫ് വിശദമാക്കി.

കാട്ടാനകൾ നാട് പിടിച്ചടക്കും

സംസ്ഥാനത്ത് 5500 കാട്ടാനകൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെ 4 ഇരട്ടി ഭൂവിസ്തൃതിയുള്ള കർണ്ണാടകത്തിൽ 6500 കാട്ടാനകൾ മാത്രമാണുള്ളത്. കർണ്ണാടകത്തിന്റെ വനഭൂമി വിസ്തൃതി ഏകദേശം കേരളത്തിന്റെ മൊത്തം വലിപ്പത്തോളം വരും. കേരളത്തിലെ കാട്ടാന ശല്യം കർണ്ണാടകത്തിൽ ഉള്ളതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്.

ഉൾവനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കിട്ടാനില്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ കാട്ടാനകൂട്ടങ്ങൾ വനാതിർത്തിയോട് ചേർന്ന് തമ്പടിച്ചിരിക്കുകയാണ്. ആന രണ്ടടി മുന്നോട്ടുവയ്ക്കുമ്പോൾ, മനുഷ്യൻ രണ്ടി പിന്നോട്ടുപോകും. ഈ പ്രതിഭാസം അനുദിനം എന്ന വണ്ണം ആവർത്തിക്കപ്പെടുന്നു. ആനകളുടെ നീക്കം നാട് പിടിച്ചടക്കുക എന്ന ലക്ഷ്യത്തിലാണെന്ന് അനുമാനിക്കാവുന്ന സ്ഥിതിയാണ് ഇവിടെ നിലവിലുള്ളത്.

ഭയപ്പാടില്ലാത്തതിനാണ് കാട്ടാനകൂട്ടം ഇത്തരത്തിൽ ജനവാസമേഖലയിലേയ്ക്ക് അതിക്രമിച്ച് കടക്കാൻ മുതിരുന്നത്. ഇതിന് തടയിട്ടില്ലങ്കിൽ ജനവാസ കേന്ദ്രങ്ങളിൽ പലതും കാടായി മാറും. കോട്ടപ്പടിയിലും കുട്ടമ്പുഴയിലും ചിന്നക്കനാലിലുമെല്ലാം താമസക്കാർ ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് ,സുരക്ഷിത സ്ഥാനം തേടിയുള്ള നെട്ടോട്ടത്തിലാണ്.

ആനകൾ എത്തുന്നത് ഭയപ്പാടില്ലാത്തതിനാൽ

ഇലട്രിക് ഫെൻസിങ് സ്ഥാപിച്ച് കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനുള്ള നീക്കം അമ്പെ പരാജയമായി മാറിക്കഴിഞ്ഞു.മരങ്ങൾ മറിച്ചിട്ട് കാട്ടാനകൾ തന്നെ ഇത് നശിപ്പിക്കുന്നു. ഫെൻസിങ് തകർക്കാതെ അൽപ്പം കൂടി മുന്നോട്ടോ പിന്നോട്ടോ മാറിയാൽ ഒരു പക്ഷെ ആനയ്ക്ക് കടന്നുപോകാൻ മാർഗ്ഗമുണ്ടാവാം. എങ്കിലും ആന ഫെൻസിങ് തകർത്തുതന്നെ മുന്നോട്ട് പോകണമെന്ന് ശഠി്ക്കുന്നു.

ഇത് ആനകളുടെ പൊതുസ്വഭാവമാണ്. തെങ്ങും കവുങ്ങും എന്നുവേണ്ട മനുഷ്യൻ നട്ടുവളർത്തുന്നതെല്ലാം ആനകൾ നശിപ്പിച്ച്, ഭക്ഷിക്കുന്നു. ഭയപ്പാട് തട്ടിയാൽ ഇവ മനുഷ്യർ വസിക്കുന്ന പ്രദേശത്തിന്റെ നാലയത്ത് അടുക്കില്ല എന്നതാണ് യാഥാർത്ഥ്യം. പടക്കം പൊട്ടിക്കലും പാട്ടകൊട്ടലുമൊക്കെ ഇവയ്ക്ക് പരിചിതമായിക്കളിഞ്ഞു. തൽക്കാലത്തേയ്ക്ക് ഒരു പ്രതിവിധി എന്നതിനപ്പുറം ഇതുകൊണ്ടൊന്നും കാര്യമില്ല.

എന്തുനശിപ്പിച്ചാലും തങ്ങൾ സുരക്ഷിതരാണെന്ന തിരച്ചറിവ് ഇതിനകം കാട്ടാനകൾക്ക് ലഭിച്ചു എന്നതാണ് വാസ്തവം.ഇതാണ് കാട്ടാന സാന്നിദ്ധ്യമുള്ള ജനവാസമേഖലകളുടെ വിസ്ത്യതി അനുദിനം വർദ്ധിക്കാൻ കാരണം.ഗത്യന്തരം ഇല്ലാതെ താമസക്കാർ ഭൂമി ഉപേക്ഷിച്ച് നാട്വിടുന്ന സംഭവങ്ങൾ അനുദിനം ആവർത്തിക്കപ്പെടുന്നു.ഇത് ഇന്നത്തെ നിലയിൽ തുടർന്നാൽ സമീപഭാവിയിൽ വനമേഖലകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആൾതാമസം ഇല്ലാതാവും.പതിയെ ഇവിടം വനമായി മാറും.

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ലന്നാണ് അന്താരാഷ്ട്ര തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ നടത്തിയ പഠനങ്ങളിൽ വ്യക്തമായിട്ടുള്ളത്.

വനമേഖലയിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കണം

ഭക്ഷ്യവസ്തുക്കളുടെ ദൗർലഭ്യമാണ് ആനകൾ ജനവാസ മേഖലകളിൽ എത്താൻ പ്രധാന കാരണം. ഒരു പൂർണ്ണവളർച്ച എത്തിയ ഒരാനയ്ക്ക് 250 കിലോ ഭക്ഷണമെങ്കിലും വേണം.ഇത് വനത്തിനുള്ളിൽ തന്നെ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അവ അവിടം വിട്ടുപോരാൻ സാധ്യത കുറവാണ്.

വനമേഖലയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ നീളുന്ന റെയിൽ ഫെൻസിംഗും ട്രഞ്ചുകളും കേരളത്തിൽ ആന ശല്യം നിയന്ത്രിക്കുന്നതിന് ഒരു പരിധിവരെ സഹായകമാവും. ഇപ്പോൾ നാട്ടിലിറങ്ങിയിട്ടുള്ള സ്ഥരം പ്രശ്നക്കാരായ ആനകളെ പിടികൂടി, ജനങ്ങൾക്ക് ഉപദ്രവം സൃഷ്ടിക്കില്ലന്ന് ഉറപ്പാക്കി കാട്ടിൽ സ്വതന്ത്രരാക്കണം. ഇത്തരം ആനകളുടെ സ്വൈര്യവിഹാരം കൂടുതൽ ആനകൾക്ക് നാട്ടിലേയ്ക്കിറങ്ങാൻ കാരണമാവും.അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം മെഡിക്കൽ കോളേജിൽ അസോസീയേറ്റ് പ്രൊഫസർ ആയിരുന്നു ജോ ജോസഫ്. കോവിഡ് രോഗികളുടെ മരണം കണ്ട് മനംമടുത്ത് ജോലി രാജിവയ്ക്കുകയായിരുന്നു.

മുല്ലപ്പെരിയാർ ഡാം സംരക്ഷണം സംബന്ധിച്ചുള്ള നിയമ നടപടികളിൽ ഡോ.ജോ ജോസഫും പങ്കാളിയായിരുന്നു. ഈ കേസിൽ അദ്ദേഹം സുപ്രീംകോടതിയിൽ നിന്നും കേരളത്തിന് അനുകൂലമായ വിധി നേടിയെടുത്തത് രാഷ്ട്രീയ നേതൃത്വങ്ങളെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. മുൻ മന്ത്രി പി ജെ ജോസഫിന്റെ മകൾ അനു യമുനയാണ് ഭാര്യ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി കോതമംഗലത്ത് മൽസരിച്ചിരുന്നു.കൃഷിയെ ഏറെ ഇഷ്ടപ്പെടുന്ന ഡോക്ടർ,സാമൂഹിക വിഷയങ്ങളിൽ കഴിയുന്ന രീതിയിലുള്ള ഇടപെടലുമായി മുന്നോട്ട് പോകുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.