പന്തളം: ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമം മണത്തറിഞ്ഞ മാനസിക വിഭ്രാന്തിയുള്ള യുവാവ് നേരെ ഓടിക്കയറിയത് അയൽവാസിയുടെ തെങ്ങിൻ മുകളിൽ. ഒമ്പതു മണിക്കൂറിലധികമായി ഇയാളെ തെങ്ങിൻ മുകളിൽ നിന്ന് താഴെ ഇറക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നു. ഫയർഫോഴ്സും നാട്ടുകാരും താഴെ കാത്തു നിന്ന് ക്ഷീണിതർ ആയെങ്കിലും തെങ്ങിൻ മുകളിലുള്ളയാൾക്ക് കുലുക്കമേതുമില്ല.

പന്തളം കടയ്ക്കാട് വടക്ക് പുത്തയത്ത് പടിഞ്ഞാറ്റിയത്ത് തെങ്ങുകയറ്റ തൊഴിലാളിയായ രാധാകൃഷ്ണനാ (38)ണ് അയൽവാസിയായ അനിൽ ഭവനിൽ അനിലിന്റെ വീട്ടിലെ 80 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കയറിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓാടെയാണ് ഇയാൾ തെങ്ങിൻ മുകളിൽ എത്തിയത്. രാത്രി പത്തര കഴിഞ്ഞിട്ടും ഇറങ്ങിയിട്ടില്ല.

മാനസിക വിഭ്രാന്തിയുള്ള ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വീട്ടിലെത്തിയപ്പോളാണ് വീട്ടിൽ നിന്നും ഇറങ്ങിയോടി സമീപത്തെ വീട്ടിലെ തെങ്ങിൽ കയറിയത്. തുടർന്ന് വീട്ടുടമയും നാട്ടുകാരും യുവാവിനെ തെങ്ങിൽ നിന്നും ഇറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

തുടർന്ന് പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. തെങ്ങിനു ചുറ്റും വല കെട്ടിയും 40 അടി ഉയർച്ചയുള്ള ഏണി ഉപയോഗിച്ചും യുവാവിനെ ഇറക്കാനുള്ള ശ്രമം നടത്തിയെങ്കിലും താഴെ ഇറങ്ങാൻ തയാറായില്ല. രാത്രി വൈകിയും ശ്രമം തുടരുകയാണ്. മുമ്പ് ഇത്തരത്തിൽ നരിയാപുരത്ത് തെങ്ങിൽ കയറിയ മണിക്കൂറോളം ഇരുന്നിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർ പറഞ്ഞു.