- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ രാജകുടുംബത്തിലെ ജോലിക്കാരനെന്ന് പറഞ്ഞ് ഡൽഹി ലീല പാലസിൽ അത്യാഢംബര സ്യൂട്ടിൽ താമസം; ബിസിനസ് കാർഡുകൾ അടക്കം കാണിച്ചു വിശ്വാസ്യത നേടി; ഒടുവിൽ 23 ലക്ഷം രൂപയുടെ ഹോട്ടൽ ബിൽ അടക്കാതെ മുങ്ങി; തട്ടിപ്പുകാരൻ മുഹമ്മദ് ഷെരീഫിനെ തേടി ഡൽഹി പൊലീസ്
ന്യൂഡൽഹി: യുഎഇ രാജകുടുംബത്തിന്റെ അടുപ്പാക്കാരനെന്ന പേരിൽ ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ആഡംബര സ്യൂട്ടിൽ ദിവസങ്ങളോളം താമസിച്ചു 23 ലക്ഷം രൂപയുടെ ഹോട്ടൽ ബിൽ അടക്കാതെ മുങ്ങിയ തട്ടിപ്പുകാരനെ തേടി പൊലീസ്. മുഹമ്മദ് ഷെരീഫ് എന്നയാളാണ് നക്ഷത്രഹോട്ടലിനെ കബളപ്പിച്ചു കടന്നത്. സംഭവത്തിൽ ലീല പാലസ് ഹോട്ടൽ മാനേജ്മെന്റിന്റെ പരാതിയിൽ വഞ്ചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
23.46 ലക്ഷം രൂപയുടെ ബിൽ തുക നൽകാതെയാണ് മുഹമ്മദ് ഷെരീഫ് എന്നയാൾ ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 മുതൽ നവംബർ 20 വരെയായിരുന്നു ഇയാൾ ഹോട്ടലിൽ താമസിച്ചത്. വ്യാജ ബിസിനസ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ ലീലാ പാലസിൽ താമസം തരപ്പെടുത്തിയത്. യുഎഇ സർക്കാരിന്റെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെന്നായിരുന്നു ഇയാൾ ആൾമാറാട്ടം നടത്തിയത്. ഇയാളെ കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വിശദമാക്കുന്നത്.
റൂമിൽ നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ ആരോപിക്കുന്നു. ഹോട്ടലിൽ റൂമെടുക്കാൻ വന്നപ്പോൾ ഇയാൾ ജീവനക്കാരോട് പറഞ്ഞത് യു.എ.ഇയിൽ താമസക്കാരനാണെന്നാണ്. അബുദബി രാജകുടുംബാംഗവുമായി അടുത്ത ബന്ധമുണ്ടെന്നും അ?ദ്ദേഹത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ശൈഖുമായി വ്യക്തിപരമായി അടുത്ത് ജോലി ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയിൽ എത്തിയതെന്നുമായിരുന്നു വിശദീകരണം.
ബിസിനസ് കാർഡും യു.എ.ഇ റെസിഡന്റ് കാർഡും അദ്ദേഹം മെനഞ്ഞ കഥകൾക്ക് വിശ്വാസ്യത നൽകത്തക്കവിധത്തിലുള്ള മറ്റ് രേഖകളും കാണിച്ചിരുന്നു. കൂടാതെ, യു.എ.ഇ ജീവിതത്തെ കുറിച്ച് അദ്ദേഹം പതിവായി ഹോട്ടൽ ജീവനക്കാരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും മാനേജ്‌മെന്റ് പരാതിയിൽ പറയുന്നു. ഇയാൾ ഹാജരാക്കിയ രേഖകൾ പൊലീസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇവ വ്യാജമാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.
റൂമിന്റെ വാടകയും നാലുമാസത്തെ സർവീസ് ചാർജുമുൾപ്പെടെ 35 ലക്ഷം രൂപയാണ് ബില്ല്. അതിൽ 11.5 ലക്ഷം രൂപ അദ്ദേഹം അടച്ചു. ബാക്കി തുക അടക്കാതെ റൂമൊഴിഞ്ഞു പോയി. കൂടാതെ, അദ്ദേഹം 20 ലക്ഷം രൂപയുടെ ചെക്ക് ഹോട്ടൽ ജീവനക്കാർക്ക് നൽകിയിരുന്നു. എന്നാൽ ആ ചെക്കിൽ ഇയാൾ ഹോട്ടൽ വിട്ടുപോയ ദിവസമായ നവംബർ 20 ലെ തിയതിയാണ് എഴുതിയിരുന്നത്. പ്രതിയെ തിരിച്ചറിയുന്നതിനായി ഡൽഹി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
നേരത്തെ ആഡംബര ഹോട്ടലകളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മുങ്ങുന്നത് പതിവാക്കിയ തൂത്തുക്കുടി സ്വദേശിയെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് ഭക്ഷണം കഴിച്ച് ലാപ്‌ടോപ്പുമായി മുങ്ങിയ വിൻസെന്റ് ജോണിനെയാണ് പൊലീസ് പിടികൂടിയത്. വ്യാജ രേഖകൾ നൽകി ആഡംബര ഹോട്ടലുകളിൽ ഏറ്റവും മുന്തിയ മുറിയും ഭക്ഷണവും തരപ്പെടുത്തിയ ശേഷം ബില്ല് റൂം വെക്കേറ്റ് ചെയ്യുമ്പോൾ നൽകാമെന്ന് വിശദമാക്കിയ ശേഷം മുങ്ങുന്നതായിരുന്നു ഇയാളുടെ രീതി. പല സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്