കൊച്ചി: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ ഐ.എന്‍.എസ്. വിക്രാന്തിന്റെ ലോക്കേഷന്‍ തേടി കൊച്ചിയിലെ നാവിക ആസ്ഥാനത്തേക്ക് ഫോണ്‍ ചെയ്തയാള്‍ കസ്റ്റഡിയില്‍. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷമായിരിക്കും തുടര്‍ നടപടിയെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് നിന്നാണ് ഇയാള്‍ കൊച്ചി ഹാര്‍ബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു ഫോണ്‍ കോള്‍.

ഫോണ്‍ കോള്‍ വന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംശയത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാഘവന്‍ എന്ന പേരിലാണ് കഴിഞ്ഞ ദിവസം ഫോണ്‍ കോള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോണ്‍ കോളെത്തിയത്. ഐ എന്‍ എസ് വിക്രാന്തിന്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോണ്‍ കോളിലൂടെ ആവശ്യപ്പെട്ടത്.

നേവല്‍ ബേസ് അധികൃതരുടെ പരാതിയില്‍ കൊച്ചി ഹാര്‍ബര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സാഹചര്യത്തിലാണ് കോള്‍ വന്നത്. അതിനാല്‍ തന്നെ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് നമ്പറുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത്. വെള്ളിയാഴ്ച കൊച്ചി നാവിക ആസ്ഥാനത്തെ ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കു വിളിച്ചായിരുന്നു ഐഎന്‍എസ് വിക്രാന്തിന്റെ 'ലൊക്കേഷന്‍' എവിടെ എന്ന അന്വേഷണം വന്നത്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നും 'രാഘവന്‍' എന്നാണ് പേരെന്നും വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് വിളിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ നാവിക ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ഒരു ഫോണ്‍ നമ്പര്‍ പറഞ്ഞെങ്കിലും പെട്ടെന്നു തന്നെ ഫോണ്‍ വച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ധന്യത്തിലായിരുന്നതിനാല്‍ നാവിക സേനയും അതീവജാഗ്രതയില്‍ ആയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങുകയും ഫോണ്‍ വിളിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.