പത്തനംതിട്ട: ട്രെയിൻ അൽപ്പ സമയം നിർത്തിയിട്ട ആ സ്റ്റേഷനിൽ അനിൽ വെറുതേ ഇറങ്ങിയതാണ്. പരിസരമൊക്കെ ചുറ്റി നടന്ന് തിരികെ വരുമ്പോൾ താൻ വന്ന ട്രെയിൻ കാണാനില്ല. സമയം അർധരാത്രിയോട് അടുത്തിരുന്നു. ഭാഷയും അറിയില്ല. ആരോടും ചോദിക്കാനും അറിയില്ല. സ്റ്റേഷന് പുറത്ത് ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. രാത്രി മുഴുവൻ നടന്ന് രാവിലെ ഒരു വലിയ ടൗണിൽ എത്തിച്ചേർന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവരോട് ആംഗ്യഭാഷയിലും അല്ലാതെയും ചോദിച്ച് സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ ചെന്നു. അവിടെയുണ്ടായിരുന്ന ഇൻസ്പെക്ടർ 200 രൂപയും കൊടുത്ത് ഒരു പൊലീസുകാരനെയും കൂട്ടി സമീപത്തെ ബസ് സ്റ്റാൻഡിൽ കൊണ്ടു പോയി. അവിടെ നിന്ന് 190 രൂപ കൊടുത്ത് കേരളത്തിലേക്കുള്ള ബസിൽ കയറി.

പാലക്കാട്ട് വന്നിറങ്ങി ഒന്നും നോക്കിയില്ല. കാൽനടയായി വീട്ടിലേക്ക് വച്ച് പിടിച്ചു. കൃത്യം ഏഴാം ദിവസം അനിൽ സ്വന്തം നാട്ടിലെ പൊലീസ് സ്റ്റേഷനിലെത്തി. ഇതൊരു നിസഹായനായ ചെറുപ്പക്കാരന്റെ അതിജീവന കഥയാണ്. പൈപ്പ് വെള്ളം മാത്രം കുടിച്ച് ദിവസങ്ങളോളം കാൽനടയായി അലഞ്ഞ് സ്വന്തം നാടിന്റെ തണലിലേക്ക് വന്നു പെട്ടുപോയ നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരന്റെ കഥ. വരുന്ന വഴി ആർക്കെങ്കിലും മുന്നിൽ കൈ നീട്ടിയിരുന്നെങ്കിൽ അയാൾക്ക് വണ്ടിക്കൂലിക്കുള്ള പണം കിട്ടുമായിരുന്നു. അതുമായി എങ്ങനെയും നാട്ടിൽ എത്തിച്ചേരാമായിരുന്നു. ആത്മാഭിമാനിയായ, സത്യസന്ധനായ ആ ചെറുപ്പക്കാരൻ അതിന് മുതിർന്നില്ല.

ഈ കഥ ഒരു പക്ഷേ, അവിശ്വസനീയമെന്ന് തോന്നാം. വാർത്താ വിനിമയ രംഗങ്ങൾ ഇത്രയും വളർന്ന, സോഷ്യൽ മീഡിയ സ്വാധീനം ഉണ്ടാക്കുന്ന ഇക്കാലത്തും ഇങ്ങനെയൊക്കെ സംഭവിക്കുമോ? സംഭവിക്കും എന്നതിന് ഉദാഹരണമാണ് അനിലിന്റെ ജീവിതത്തിൽ നടന്ന സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ഈ ചെറുപ്പക്കാരൻ കാൽനടയായി വീട്ടിൽ തിരിച്ചെത്തിയത് അത്ഭുതമെന്ന് വേണം കരുതാൻ. ആ കഥ ഇങ്ങനെ:

ചെന്നീർക്കര പഞ്ചായത്ത് ഏഴാം വാർഡിൽ മൈലനിൽക്കുന്നതിൽ എ.കെ. അനിൽ (42) ഡിസംബർ ഒന്നിനാണ് സഹോദരി ഉഷ, ഭാര്യ രാജി, മകൾ അഞ്ജു എന്നിവരെയും കൂട്ടി ആന്ധ്രാപ്രദേശിലെ ഗുണ്ടുക്കലിലേക്ക് പോയത്. ഉഷയുടെ മകൾക്ക് നഴ്സിങ് അഡ്‌മിഷൻ എടുക്കുന്നതിന് വേണ്ടിയായിരുന്നു യാത്ര. സാമ്പത്തികം കുറവായതിനാൽ ട്രെയിനിന്റെ ലോക്കൽ കമ്പാർട്ട്മെന്റിലായിരുന്നു യാത്ര. ഡിസംബർ മൂന്നിന് ഇവർ തിരികെ മടങ്ങി. ട്രെയിനിൽ സീറ്റ് കിട്ടിയ കമ്പാർട്ട്മെന്റിൽ ഭാര്യയെയും മകളെയും സഹോദരിയെയും കയറ്റി ഇരുത്തി. അനിൽ തൊട്ടടുത്ത കമ്പാർട്ട്മെന്റിലും കയറി. പണമോ മൊബൈൽ ഫോണോ ഒന്നും അനിലിന്റെ കൈവശം ഉണ്ടായിരുന്നില്ല. ട്രെയിൻ രാത്രി ഏതോ സ്റ്റേഷനിൽ നിർത്തിയപ്പോൾ അനിൽ ഒന്നിറങ്ങിയതാണ്. തിരികെ കയറാൻ നോക്കുമ്പോഴേക്കും ട്രെയിൻ വിട്ടു പോയിരുന്നു.

ആകെ പകച്ചു പോയി. കൈയിൽ അഞ്ചു പൈസയില്ല. മൊബൈൽ ഫോണില്ല. ആരുടെയും നമ്പർ കാണാതെ അറിയില്ല. അറിയാത്ത നാട്, ഭാഷ. അപ്പോൾ ഒന്നും തോന്നിയില്ല. സ്റ്റേഷന് പുറത്തേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. എന്തു ചെയ്യണമെന്ന് ഒരൂഹവും ഉണ്ടായിരുന്നില്ല. നാലാം തീയതി രാവിലെ നടന്ന് നടന്ന് ഒരു ടൗണിൽ എത്തി. അത് ആന്ധ്രയാണോ കർണാടകയാണോ എന്നൊന്നും അനിലിന് അറിയില്ല. വഴിയിൽ കണ്ട പ്രഭാത സവാരിക്കാരോട് പൊലീസ് സ്റ്റേഷൻ അന്വേഷിച്ചു. അവർ പറഞ്ഞ പ്രകാരം ഒരു പൊലീസ് സ്റ്റേഷനിൽ എത്തി. അവരോടും ഒരു വിധത്തിൽ വിവരം പറഞ്ഞു ആ സ്റ്റേഷനിലെ ഇൻസ്പെക്ടർ 200 രൂപ കൊടുത്തു. ഒരു പൊലീസുകാരനെ കൂട്ടി ബസ് സ്റ്റാൻഡിലേക്ക് വിട്ടു. അവിടെ നിന്ന് പാലക്കാടിന് ബസുണ്ടെന്നും അവിടെ ചെന്നാൽ നാഷണൽ പെർമിറ്റ് ലോറിയിൽ കയറി പത്തനംതിട്ട എത്താമെന്നും ഇൻസ്പെക്ടർ അറിയിച്ചു. അതിൻ പ്രകാരം ഒരു ബസിൽ കയറി. പാലക്കാടിന് ടിക്കറ്റെടുത്തു. 190 രൂപ ടിക്കറ്റ് ചാർജ്. ബാക്കി 10 രൂപ പോക്കറ്റിലിട്ടു. വൈകിട്ട് മൂന്നു മണിയായപ്പോൾ പാലക്കാട് ബസ് സ്റ്റാൻഡിൽ വന്നു. പിന്നെ ലോറിത്താവളം തിരക്കി നടന്നു. കണ്ടെത്താൻ കഴിഞ്ഞില്ല. നേരെ നടക്കാൻ തീരുമാനിച്ചു. ഏതായാലും കേരളത്തിൽ വന്നുവല്ലോ? റോഡിലെ ദൂരവും സ്ഥലവും അറിയിക്കുന്ന ബോർഡുകൾ പിന്തുടർന്ന് നടന്നു. രാത്രിയിൽ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനുകളിലും വിശ്രമിച്ചു. പൈപ്പ് വെള്ളം മാത്രം കുടിച്ച് യാത്ര തുടർന്നു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള കടയിൽ നിന്ന് കൈയിലുണ്ടായിരുന്ന 10 രൂപയ്ക്ക് ഒരു ചായ കുടിച്ചു. വീണ്ടും നടപ്പ് തുടർന്നു.

പെരുമ്പാവൂരിൽ ഒരു ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് അന്നദാനം കൊടുക്കുന്നത് കണ്ടു. അവിടെ കയറി വയറു നിറയെ ഭക്ഷണം കഴിച്ചു. മൂന്നാം തീയതി പകൽ എന്തോ കഴിച്ചതാണ്. അതിന് ശേഷം ആദ്യമായി ഭക്ഷിക്കുകയാണ്. വീണ്ടും നടന്നു. 10 ന് രാവിലെ ചെങ്ങന്നൂർ വന്നു. അവിടെ നിന്ന് ആറന്മുളയിലേക്ക് നടന്നു. മാലക്കരയ്ക്ക് സമീപം വച്ച് ബൈക്കിൽ പോയ ഒരാൾ സംശയം തോന്നി നിർത്തി. അനിൽ അല്ലേയെന്ന് ചോദിച്ചു. ആണെന്ന് മറുപടി കൊടുത്തു. അയാൾ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇലവുംതിട്ട പൊലീസ് തിരോധാനക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ ഇലവുംതിട്ട സ്റ്റേഷനിലെത്തി. തുടർന്ന് വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.

മകനെ നഷ്ടപ്പെട്ടുവെന്ന് കരുതി തീരാദുഃഖത്തിൽ കഴിഞ്ഞിരുന്ന കുഞ്ഞുചെറുക്കനും പൊടിപ്പെണ്ണും കണ്ണീർവാർത്തു. അവരുടെ ഏറ്റവും ഇളയ മകനാണ് അനിൽ. മൂത്തത് ഉഷയും രണ്ടാമത്തെ മകൻ സുനിലുമാണ്.

അനിലിനെ നഷ്ടമായെന്ന് അറിഞ്ഞത് എറണാകുളത്ത് വച്ച്

അനിലിനെ വഴിയിൽ നഷ്ടമായ വിവരം തങ്ങൾ അറിഞ്ഞത് എറണാകുളത്ത് വച്ചാണെന്ന് സഹോദരി ഉഷ പറഞ്ഞു. നാലിന് രാവിലെ എറണാകുളത്ത് ട്രെയിൻ നിർത്തിയപ്പോൾ അടുത്ത കമ്പാർട്ട്മെന്റിൽ കയറി നോക്കിയ ഉഷയ്ക്ക് സഹോദരനെ കാണാൻ കഴിഞ്ഞില്ല. അയാൾ ഒരു സ്റ്റേഷനിൽ ഇറങ്ങിയെന്ന് കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞത് തെല്ല് ആശ്വാസം നൽകി. ഉഷയും അനിലിന്റെ ഭാര്യ രാജിയും മകളും ചെങ്ങന്നൂരിൽ വന്നിറങ്ങി. നേരെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിനെയും വിവരം അറിയിച്ചു. ജോർജ് തോമസ് ഇവരുടെ വാർഡ് മെമ്പർ കൂടിയാണ്. ഈ രണ്ടു കൂട്ടരിൽ നിന്നും ഒരു സഹായവും കിട്ടിയില്ലെന്ന് ഉഷ പറഞ്ഞു. വാർഡ് മെമ്പർ തിരിഞ്ഞു പോലും നോക്കിയില്ല.

ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ്‌കുമാറാണ് തുണയ്ക്ക് വന്നത്. അദ്ദേഹം മാധ്യമങ്ങളെ വിവരം അറിയിച്ചു. സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ചു. ആറന്മുളയിലേക്ക് നടന്നു വന്ന അനിലിനെ നാട്ടുകാരൻ കണ്ട് തിരിച്ചറിയാൻ കാരണമായത് സോഷ്യൽ മീഡിയ പ്രചാരണമായിരുന്നു. നാലിന് രാവിലെ വന്ന ഉഷയും പിതാവ് കുഞ്ഞുചെറുക്കനും ബന്ധുവും ചേർന്ന് ഉച്ച കഴിഞ്ഞ് തിരികെ ആന്ധ്രയിലേക്ക് പോയി. ഈ റോഡിനും ജോളാർപെട്ടിനും ഇടയ്ക്കുള്ള മുഴുവൻ റെയിൽവേ സ്റ്റേഷനുകളിലും ചെന്ന് പരാതിപ്പെട്ടു. പരിശോധിച്ചു. ഈ റോഡ് പൊലീസ് സ്റ്റേഷനിലും പരാതി കൊടുത്തു. അതിന് കാരണമുണ്ടായിരുന്നു. ഇവർക്ക് പിന്നാലെ ആന്ധ്രയിൽ നിന്ന് മടങ്ങിയ പരിചയക്കാർ അടങ്ങിയ കുടുംബം ഈ റോഡ് സ്റ്റേഷനിൽ അനിൽ ഇരിക്കുന്നത് കണ്ടിരുന്നതായി ഇവരോട് പറഞ്ഞിരുന്നു. അനിലിന് അപകടമൊന്നും പിണഞ്ഞില്ലെന്ന് ഉറപ്പിക്കാൻ ഇതു കൊണ്ട് കഴിഞ്ഞിരുന്നു.

ആകെ പേടിച്ചു പോയെന്ന് അനിൽ

ഇത്രയും നീണ്ട യാത്രയിൽ പലപ്പോഴും ഭയന്നു പോയെന്ന് അനിൽ പറഞ്ഞു. വീട്ടിലെത്താൻ കഴിയുമോ എന്നായിരുന്നു സംശയം. പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. മറ്റ് ഭാഷകൾ നേരാം വണ്ണം അറിയുകയുമില്ല. പോരാത്തതിന് പട്ടിണിയും. പണത്തിന് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാൻ മടിയായിരുന്നു. പലപ്പോഴും മനസ് കൈവിട്ടു പോയി. വീട്ടിലെത്തിയിട്ടും പിച്ചും പേയും പറഞ്ഞിരുന്നു. കാലാകെ നീരു വച്ച് വീർത്തു. പഴയ മാനസിക നിലയിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ലോഡിങ് തൊഴിലാളിയായ ഈ ചെറുപ്പക്കാരൻ.