ന്യൂഡൽഹി: എയർഇന്ത്യ വിമാനത്തിൽ യാത്രചെയ്യവെ മദ്യലഹരിയിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരന് ഉള്ള ജോലിയും നഷ്ടമായി. വെൽസ് ഫാർഗോ എന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് മുംബൈ സ്വദേശി ശങ്കർ മിശ്രയെ പുറത്താക്കിയത്. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. സംഭവം വിവാദമായതോടെ ഒളിവിൽപോയ ശങ്കർ മിശ്രയ്ക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള കർശന നടപടി.

മിശ്രയ്ക്കെതിരെ ഉയർന്ന ആരോപണം ഗൗരവതരമാണെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാർ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ശങ്കർ മിശ്രയെ പുറത്താക്കുകയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.

ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ ശങ്കർ മിശ്ര പാന്റ്സിന്റെ സിബ് അഴിക്കുകയും സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ വർഷം നവംബർ 26-നായിരുന്നു സംഭവം. വിവരം പൊലീസിൽ അറിയിക്കരുതെന്ന് മിശ്ര പിന്നീട് സഹയാത്രികയോട് കരഞ്ഞു പറഞ്ഞുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട് എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവലിക്ക് ഏർപ്പെടുത്തി.

ഇയാൾക്കായി ഡൽഹി പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി. കേസിൽ 4 എയർ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. നവംബർ 26നാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ പൊലീസിൽ പരാതിപ്പെട്ടത് ജനുവരി നാലിനാണെന്ന് എഫ്െഎആറിൽ പറയുന്നു. ടാറ്റ ഗ്രൂപ്പ് ചെയർമാന് പരാതിക്കാരി നൽകിയ കത്ത് എഫ്‌ഐആറിൽ ഉൾപ്പെടുത്തി. സീറ്റ് മാറ്റി നൽകാൻ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും വിമാന ജീവനക്കാർ സമ്മതിച്ചില്ല. ശങ്കർ മിശ്രയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പരാതിക്കാരി പറയുന്നു.

സമാനമായ സംഭവങ്ങൾ വ്യോമയാന മേഖലയുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചതോടെ കർശന നടപടികൾ സ്വീകരിക്കാൻ വേണ്ട മാർഗിർദ്ദേശങ്ങൾ പിന്നീട് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) പുറത്തിറക്കിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, പൊതുയിടത്തിൽ അപമര്യാദയായി പെരുമാറൽ, എയർക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മിശ്രയ്‌ക്കെതിരെ കേസെടുത്തത്. സംഭവം കമ്പനിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേൽപ്പിച്ചതോടെ, യാത്രക്കാരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായാൽ ഉടൻ റിപ്പോർട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളിൽ വിട്ടുവീഴ്ച പാടില്ലെന്നും എയർ ഇന്ത്യ സിഇഒ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകി.