തിരുവനന്തപരം: മണക്കാട് സുരേഷിനെ കെപിസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും നീക്കാന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസി. കോര്‍പ്പറേഷന്‍ സീറ്റ് നിര്‍ണയത്തെ ചൊല്ലി നതിരുവനന്തപുരം കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ്സില്‍ കലഹം ഉണ്ടെന്ന തോന്നതല്‍ മണക്കാട് സുരേഷ് ഉണ്ടാക്കിയിരുന്നു. അതൃപ്തി വ്യക്തമാക്കി തിരുവനന്തപുരത്തോ കോര്‍ കമ്മറ്റിയില്‍ മണക്കാട് സുരേഷ് രാജി നല്‍കിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സീറ്റ് നിര്‍ണയത്തില്‍ പക്ഷപാതം പ്രകടമാണെന്ന വിമര്‍ശനം ശക്തമായി. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മേല്‍ക്കൈ നേടാനുള്ള ശ്രമത്തിന്റെ പേരില്‍ എതിര്‍ശബ്ദങ്ങളെ മറികടന്നു സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണു നടന്നതെന്ന ആരോപണം ഉണ്ടായി. ഇത് അച്ചടക്ക ലംഘനമാണെന്നാണ് ഡിസിസി നിലപാട്. കെ മുരളീധരനും എംഎം ഹസനും വളരെ നേരത്തെ ഇടപെടല്‍ നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി. ജി ശബരിനാഥിനെ അടക്കം മത്സരിപ്പിക്കാനും തീരുമാനിച്ചു. ഈ മുന്‍തൂക്കം കളഞ്ഞു കുളിക്കുന്ന തരത്തില്‍ മണക്കാട് സുരേഷ് പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

കൂടുതല്‍ പേര്‍ രാജി സമ്മര്‍ദ്ദവുമായി വരാതിരിക്കാന്‍ മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നേമം സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മണക്കാട് സുരേഷ് മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അതിനിടെയാണ് സുരേഷിനെതിരെ ഡിസിസി പരാതി ഉയര്‍ത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി ചേര്‍ന്നാണ് സുരേഷ് നിന്നിരുന്നത്. മുമ്പ് വിഎം സുധീരനൊപ്പവുമായിരുന്നു. ഈ കെപിസിസി പുനസംഘടനയിലും പദവി നല്‍കി.

ജില്ലാ കോര്‍കമ്മറ്റി യോഗത്തില്‍ നേമത്ത് ജി വി ഹരിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം സുരേഷ് മുമ്പോട്ട് വച്ചു. എന്നാല്‍ കാലടിയില്‍ താമസിക്കുന്ന ഹരിയെ നേമത്ത് നിര്‍ത്തുന്നതിനെ നേതാക്കള്‍ ചോദ്യം ചെയ്തു. താങ്കള്‍ ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചു. തനിക്ക് സ്ഥാനമൊന്നും വേണ്ടെന്ന് ആന്റണിയോട് പോലും പറഞ്ഞിരുന്നുവെന്നായിരുന്നു ഇതിന് മണക്കാട് സുരേഷ് നല്‍കിയ മറുപടി. ഇത് കേട്ട ശേഷം നേമത്ത് നേമത്തുകാരനായ ഷജീര്‍ മത്സരിക്കട്ടേ എന്നും കോര്‍ കമ്മറ്റി തീരുമാനിച്ചു. ഇതിന് ശേഷമായിരുന്നു മണക്കാട് സുരേഷിന്റെ രാജി.

തിരുവനന്തപുരത്തെ കോര്‍ കമ്മറ്റി യോഗത്തില്‍ മണക്കാട് സുരേഷിന്റെ ആവശ്യം ഭൂരിപക്ഷാഭിപ്രായത്തിലാണ് തള്ളിയത്. എന്നിട്ടും രാജി വച്ചത് അച്ചടക്ക ലംഘനമാണെന്നാണ് ഡിസിസിയുടെ പക്ഷം. മണക്കാട് സുരേഷിന്റെ രാജിയെ കെ മുരളീധരന്‍ പരിഹസിച്ച് തള്ളിയിരുന്നു.ഒരുപാട് ചുമതലകള്‍ ഉള്ളതുകൊണ്ടാണ് അയാള്‍ രാജിവെച്ചതായിരുന്നു മുരളീധരന്റെ പ്രതികരണം. മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം എന്നത് ഡി സി സി നല്‍കിയിരിക്കുന്ന ഒരു അധിക ചുമതല മാത്രമാണെന്നാണ് നേതാക്കള്‍ പറയുന്നത്. ഇത് ഒഴിയുന്നതിനെ രാജിയായി കണക്കാക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് ഡിസിസി പരാതിയുമായി കെപിസിസിയ്ക്ക് മുന്നിലെത്തിയത്. കെസിയ്ക്കൊപ്പമാണ് നേമം ഷജീറും നില്‍ക്കുന്നത്. ഷാഫി പറമ്പിലിന്റെ തിരുവനന്തപുരത്തെ വിശ്വസ്തനാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം നിയമസഭയില്‍ അടക്കം എത്തി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനുമാണ് നേമം ഷജീര്‍. ഇതെല്ലാം പരിഗണിച്ചാണ് ഷജീറിലേക്ക് തീരുമാനം എത്തിയത്. ഇതിനെ മണക്കാട് സുരേഷ് എതിര്‍ക്കുന്നത് എന്തിനാണെന്ന് തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ക്കാര്‍ക്കും മനസ്സിലായിട്ടില്ല. കോവളം എംഎല്‍എയായ എം വിന്‍സന്റിന്റെ അടുത്ത അനുയായി കൂടിയാണ് ഷജീര്‍. എല്ലാ ഗ്രൂപ്പുകാര്‍ക്കും ഷജീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ നേമത്ത് ഉള്‍ക്കൊള്ളനായി. ഇതിനിടെയാണ് മണക്കാട് സുരേഷ് കലാപവുമായി എത്തുന്നത്. എന്ത് മാനദണ്ഡമാണ് തെറ്റിച്ചതെന്നും ആര്‍ക്കും പിടികിട്ടുന്നില്ല. ഏതായാലും തിരുവനന്തപുരത്തെ കോര്‍പ്പറേഷന്‍ പ്രചരണത്തില്‍ ഇനി മണക്കാട് സുരേഷിനെ ഡിസിസി സഹകരിപ്പിക്കില്ല.

കെപിസിസി തീരുമാനത്തിനായി കാത്തിരിക്കുകയാണ് അവര്‍. കെപിസിസിയുടെ കോര്‍കമ്മറ്റിയിലും ഈ വിഷയം മുരളീധരന്‍ ഉന്നയിക്കും. ഇത്തരം വിഭാഗീയതകളെ തുടക്കത്തിലേ നുള്ളണമെന്നാണ് മുരളീധരന്റെ നിലപാട്. കോര്‍പ്പറേഷന്‍ തിരിഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പലപേരുകള്‍ ഉയരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ച ശേഷം നേതാക്കള്‍ എതിര്‍പ്പുന്നയിക്കുന്നത് മോശം പ്രവണതയാണെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം.