പത്തനംതിട്ട: ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകരടക്കം 35 ജീവനക്കാർക്ക് ശമ്പളം മുടങ്ങി. സർക്കാർ അനുശാസിക്കുന്ന ചട്ടം മറി കടന്ന് യോഗ്യതയില്ലാത്തയാളെ പ്രഥമാധ്യാപികയാക്കാനുള്ള നീക്കം തിരിച്ചടിച്ചതാണ് ഇതിന് കാരണം. ഇടതും വലതും ബിജെപിയുടെയും അടക്കമുള്ള അദ്ധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ മൗനം അവലംബിച്ച് മാറി നിൽക്കുന്നു.

മാർത്തോമ്മ സഭയുടെ ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സിംഗിൾ മാനേജ്മെന്റ് സ്‌കൂളാണ് എ.എം.എം ഹയർസെക്കൻഡറി സ്‌കൂൾ. ഇവിടെ പ്രഥമാധ്യാപികയുടെ തസ്തികയിൽ നിയമിക്കപ്പെടേണ്ടത് അഞ്ജലി നായരാണ്. എന്നാൽ മാനേജ്മെന്റിന്റെ താത്പര്യപ്രകാരം അനില സാമുവലിനെ പ്രമാധ്യാപികയായി നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ മാനദണ്ഡപ്രകാരമുള്ള യോഗ്യതയില്ലാത്തതിനാൽ നിരസിച്ചു. ഇതു കാരണം രണ്ടു മാസമായി ഇവിടെയുള്ള ജീവനക്കാർക്ക് ശമ്പളമില്ല. സ്‌കൂളിലെ ഹൈസ്‌കൂൾ, യുപി വിഭാഗങ്ങളിലെ അദ്ധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 35 ഓളം പേരാണ് രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടാതെ വിഷമത്തിലായിരിക്കുകയാണ്.

മാനേജ്മെന്റ് പ്രഥമാധ്യാപക സ്ഥാനത്തേക്ക് നിർദ്ദേശിച്ച അനില സാമുവലിന് സീനിയറായ ഒരു അദ്ധ്യാപിക എന്ന നിലയിൽ ജീവനക്കാരുടെ മാസ ശമ്പളം നൽകുന്നതിനുള്ള സ്പാർക്ക് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രഥമാധ്യാപികയുടെ താൽക്കാലിക അധികാരം വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്നു. ചട്ടപ്രകാരം മൂന്ന് മാസമാണ് ഇത്തരത്തിൽ ചുമതല നൽകാൻ കഴിയുക. പരമാവധി മൂന്നു പ്രാവശ്യം എന്ന കണക്കിൽ ഒമ്പതു മാസം വരെ പ്രഥമാധ്യാപികയുടെ ചുമതല ദീർഘിപ്പിച്ച് നൽകിയാണ് ഇത്രനാളും ശമ്പളം നൽകിയത്. ഇനി തുടർന്ന് ചുമതല ദീർഘിപ്പിച്ച് നൽകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 10 ന് തിരുവല്ല വിദ്യാഭ്യാസ ജില്ലാ ഓഫീസർ സ്‌കൂൾ മാനേജർക്ക് അറിയിപ്പ് നൽകിയിട്ടും തുടർ നടപടിയില്ല. ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്തു.

വൈഎംസിഎ ദേശീയ ട്രഷററായ റെജി ജോർജ് ഇടയാറന്മുളയാണ് സ്‌കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി. മാർത്തോമ്മാ സഭാ വൈദികനായ റവ. എബി ടി. മാമ്മനാണ് സ്‌കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷന് ഇത് സംബന്ധിച്ച് അദ്ധ്യാപകർ ഉൾപ്പെടെ പരാതി നൽകിയിരുന്നു. അർഹത പ്രകാരമുള്ള നിയമന നടപടി സ്വീകരിക്കണമെന്ന് മെത്രാപ്പൊലീത്ത നിർദ്ദേശിച്ചെങ്കിലും ചില പ്രാദേശിക സഭാ നേതാക്കൾ തള്ളിയെന്ന് പറയുന്നു. സഭയിൽപ്പെട്ടയാളെ പ്രഥമാധ്യാപികയാക്കണമെന്നാണ് ഇവരുടെ വാശിയെന്ന് ശമ്പളം ലഭിക്കാത്ത ഒരു ജീവനക്കാരൻ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ സീനിയോറിറ്റി പാലിക്കേണ്ടതില്ല എന്ന വാദമുയർത്തിയാണ് സ്‌കൂൾ മാനേജ്മെന്റ് പക്ഷപാതപരമായ നിയമനത്തിന് ശ്രമിച്ചത്.

എന്നാൽ കോഴിക്കോട് ജില്ലയിൽ സമാനമായ സാഹചര്യത്തിൽ ജൂനിയർ അദ്ധ്യാപകനെ ഹെഡ് മാസ്റ്ററായി നിയമിച്ചത് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇടതുപക്ഷ അദ്ധ്യാപക സംഘടനയിൽപ്പെട്ടവർ നേതാക്കളെ വിവരം അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനത്തിലാണ്. അടുത്തിടെ ഇടതുപക്ഷത്തെത്തിയ ചില കേരള കോൺഗ്രസ് നേതാക്കളെ പിണക്കാൻ കഴിയില്ല എന്നാണ് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം പറയുന്നത്. ഇതിനിടെ യോഗ്യത ഇല്ലാത്ത അദ്ധ്യാപകർക്ക് കെഎസ്ടിഎ അംഗത്വവും നൽകി. ഇവർ സ്‌കൂൾ ഭരണ സമിതിയിൽ അംഗങ്ങളായ മാർത്തോമ്മാ സഭാംഗങ്ങളാണ്. എന്നാൽ വർഗീയമായ പിടിവാശികൾ ആര് കാണിച്ചാലും എതിർക്കപ്പെടേണ്ടതാണെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറയുന്നു.

1919 ൽ ആരംഭിച്ച സ്‌കൂളിൽ 23 വർഷത്തിലേറെയായി ഹയർസെക്കന്ററി വിഭാഗവും പ്രവർത്തിക്കുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ പ്രിൻസിപ്പലെ നിയമിച്ചതും ചട്ടപ്രകാരമല്ലെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ച് മറ്റൊരു അദ്ധ്യാപകൻ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്.

ശമ്പളം കിട്ടിയില്ലെന്ന് അദ്ധ്യാപകർ പരാതിപ്പെട്ടിട്ടില്ലെന്ന് കെഎസ്ടിഎ

വിഷയത്തിൽ തങ്ങൾ ഇതു വരെ ഇടപെട്ടിട്ടില്ലെന്ന് ഇടത് അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ പ്രസിഡന്റ് ആനന്ദൻ പറയുന്നു. ശമ്പളം കിട്ടിയിട്ടില്ലെന്ന് പറഞ്ഞ് ആരും സമീപിച്ചിട്ടില്ല. അനില സാമുവൽ എന്ന അദ്ധ്യാപികയ്ക്ക് സർക്കാർ ചട്ട പ്രകാരം പ്രഥമാധ്യാപിക പദവി നൽകാൻ കഴിയില്ല. അവർ ഹിന്ദി അദ്ധ്യാപികയാണ്. ഹിന്ദി സാഹിത്യാചാര്യയുടെയും പ്രചാരസഭയുടെയും കോഴ്സ് ആണ് പഠിച്ചിട്ടുള്ളത്. ഇവർക്ക് എയ്ഡഡ് സ്‌കൂളിൽ മാത്രമേ ടീച്ചറായി നിയമനം ലഭിക്കൂ. പി.എസ്.സി അംഗീകരിച്ചിട്ടില്ല. പ്രഥമാധ്യാപക സ്ഥാനത്തേക്ക് പരിഗണിക്കാൻ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബി.എഡും 12 വർഷത്തെ സർവീസും വേണം. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് എഴുതി പാസാവുകയും വേണം. ഇടവകാംഗമെന്ന നിലയിലാണ് അനില സാമുവലിനെ പ്രഥമാധ്യാപികയാക്കാൻ മാനേജ്മെന്റ് വാശി പിടിക്കുന്നത്. അഞ്ജലി ആനന്ദ് എന്ന അദ്ധ്യാപികയ്ക്കാണ് പ്രഥമാധ്യാപിക ആകാനുള്ള യോഗ്യതയുള്ളത്. സംഘടന ഇതിൽ ഇടപെട്ടില്ല. അനില സാമുവൽ സംഘടനയുടെ അംഗത്വം ചോദിച്ചപ്പോൾ കൊടുത്തു. അതുകൊടുക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, യോഗ്യതയില്ലാതെ ഹെഡ്‌മിസ്ട്രസ് ആക്കാൻ സംഘടന തയാറല്ല. ഇടപെടാൻ കഴിയില്ലെന്നും അവരെ അറിയിച്ചിരുന്നു. അവിടെ നിന്ന് ഒരു പരാതിയും തങ്ങൾക്ക് ലഭിച്ചിട്ടില്ല. പല തവണ ഞങ്ങൾ അവിടെ ചെന്നിരുന്നു. അവരുടെ പരാതിയില്ലാതെ ഞങ്ങൾക്ക് ഇടപെടാൻ കഴിയില്ല. അദ്ധ്യാപകർ മാനസികമായി അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ആരെങ്കിലും പരാതി രേഖാമൂലം ഞങ്ങൾക്കോ ഗവൺമെന്റിനോ തന്നിട്ടില്ല. തന്നാൽ ഇടപെടും.

ഇതേ സ്‌കൂളിൽ വേറെയും പ്രശ്നങ്ങളുണ്ട്. ഹയർ സെക്കൻഡറിയിൽ ഒരു അദ്ധ്യാപകനെ പ്രിൻസിപ്പലാക്കാൻ കോടതി വിധിച്ചിരുന്നു. ആ വിധി അനുസരിക്കാൻ മാനേജ്മെന്റ് തയാറായിരുന്നില്ല എന്നും ആനന്ദൻ ചൂണ്ടിക്കാട്ടി.