- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വളവിൽ ഒരു വശം വലിയ കൊക്ക; ഇറക്കമുള്ള വഴി; പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പാറയിലേക്ക് വീണത് അപകടതീവ്രത കൂട്ടി; മാനന്തവാടിയിൽ മരണമടഞ്ഞ 9 പേരും തോട്ടം തൊഴിലാളികളായ സ്ത്രീകൾ; ഡ്രൈവർ അടക്കം നാലുപേരുടെ നില അതീവ ഗുരുതരം; അനുശോചിച്ച് മുഖ്യമന്ത്രി
മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് സ്വകാര്യ തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ തൊഴിലാളികൾ. മരിച്ച 9 പേരും സ്ത്രീകളാണ്. ഇവരിൽ 6 പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്.
13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. നാലു പേരുടെയും നില അതീവ ഗുരുതരമാണ്.ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ മണി പറഞ്ഞു. വനം മന്ത്രി എ കെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദ്ദേശം നൽകി.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. കെഎൽ 11 ഡി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.
പ്രദേശവാസികളും പൊലീസും ഡ്രൈവർമാരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, 9 പേരുടെ ജീവൻ രക്ഷിക്കാനായില്ല. ജീപ്പ് പൂർണമായും തകർന്നുവെന്നും തവിഞ്ഞാൽ പഞ്ചായത്ത് അംഗം മുരുകേശൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
'വയനാട് നിന്ന് തലപ്പുഴയിലേക്ക് വരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിൽ കൂടുതൽ പേരും സ്ത്രീകളായിരുന്നു. ദിവസവും ജോലിക്ക് പോയിവരുന്നവരാണ് ഇവർ. ജോലി കഴിഞ്ഞ് തിരിച്ചു വരുന്നവരായിരുന്നു അപകടത്തിൽപെട്ടത്. വളവിൽ ഒരു സൈഡ് വലിയ കൊക്കയാണ്. അതൊരു ഇറക്കമുള്ള വഴിയാണ്. ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ ഉടൻ തന്നെ പ്രദേശത്തെ ചെറുപ്പക്കാരും ഡ്രൈവർമാരും പൊലീസും കയറ് കെട്ടിയുള്ള രക്ഷാപ്രവർത്തനം ഉടൻ തന്നെ ആരംഭിച്ചു. പെട്ടെന്ന് തന്നെ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു': മുരുകേശൻ പറഞ്ഞു.

പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും
വയനാട് മാനന്തവാടിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. എല്ലാ ആരോഗ്യ പ്രവർത്തകരുടേയും സേവനവും ചികിത്സയും ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പോസ്റ്റുപോർട്ടം നടപടികൾ വേഗത്തിലാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ ഫോറൻസിക് സർജന്മാരുടെ സേവനം ഉറപ്പാക്കാനും മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി.
അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.-




