- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപിടിയും കല്ലേറും വിനയായി! മാനവീയത്തിലെ നൈറ്റ് ലൈഫിന് പൊലീസിന്റെ കൂച്ചുവിലങ്ങ്; പത്ത് മണിക്ക് ശേഷം മൈക്ക് ഉപയോഗം പാടില്ല; രാത്രി 12 മണി കഴിഞ്ഞാൽ ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് നിർദ്ദേശം; നൈറ്റ് ലൈഫ് ക്രമസമാധാന പ്രശ്നമെന്ന് പൊലീസ്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങളുമായി പൊലീസ്. പ്രദേശം നൈറ്റ് ലൈഫിനായി തുറന്നു കൊടുത്തതോടെ ക്രമസമാധാന പ്രശ്നമായി മാറുന്നതോടെയാണ് പൊലീസ് നിയന്ത്രണം ഏർപ്പടെുത്തിയിരിക്കുന്നത്. മാനവീയത്തിൽ സ്റ്റേജ് പരിപാടിയും ഉച്ച ഭാഷണിയും പൂർണമായി ഒഴിവാക്കണമെന്നാണ് പൊലീസ് ശുപാർശ ചെയ്തിരിക്കുന്നത്.
രാത്രി 12 മണി കഴിഞ്ഞാൽ മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്ന് നിർദ്ദേശിക്കുമെന്നും പൊലീസ് അറിയിച്ചു. തുടർച്ചയായി സംഘർഷങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിന്റെ തീരുമാനം. കേരളീയം കഴിഞ്ഞതിനാൽ മാനവീയം വീഥിയിൽ തിരക്ക് കുറയുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒരാൾക്ക് ഉച്ച ഭാഷിണിക്ക് അനുമതി നൽകിയാൽ മറ്റുള്ളവർക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘർഷത്തിന് കാരണമാകുമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
മാനവീയം വീഥിയിൽ സുരക്ഷ കൂടുതൽ കാര്യക്ഷമാക്കുമെന്നും പൊലീസ് അറിയിച്ചു. കന്റോമെന്റെ അസി. കമ്മീഷണറാണ് കമ്മീഷണർക്കാണ് ഇത് സംബന്ധിച്ച ശുപാർശ നൽകിയത്. തുടർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയിൽ സംഘർഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയിൽ സംഘർഷമുണ്ടായി. തുടർന്ന് പൊലീസിന് നേർക്ക് കല്ലേറുമുണ്ടായി. കല്ലേറിൽ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ തല്ലുകേസുമായി ബന്ധപ്പെട്ട് മാനവീയം വീഥിയിൽ നൈറ്റ് ലൈഫ് ആഘോഷങ്ങൾക്കിടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. കരമന സ്വദേശി ശിവ എന്നയാളെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. പുറത്തുവന്ന സംഘർഷ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ മർദ്ദിക്കുന്ന സംഘത്തിൽ ശിവ ഉണ്ടായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഘർഷത്തിൽ ഉൾപ്പെട്ടു എന്നുകരുതുന്ന ചിലരും പൊലീസിന്റെ നീരീക്ഷണത്തിലാണ്. വൈകാതെ ഇവരെയും കസ്റ്റഡിയിലെടുക്കും എന്നാണ് പൊലീസ് നൽകുന്ന സൂചന.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.നൈറ്റ് ലൈഫിനിടെ ഡാൻസ് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡാൻസ് കളിക്കുന്നതിനിടയിൽ കൈ തട്ടിയതാണ് എതിർസംഘത്തിന് പ്രകോപനം ഉണ്ടാക്കിയത്. വാക്കുതർക്കത്തിനിടയിൽ ഒരു യുവാവിനെ എതിർസംഘം നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പൂന്തുറ സ്വദേശിയായ ആക്സലിനാണ് മർദ്ദനമേറ്റത്.
കേരളീയം ആരംഭിച്ചതോടെ തിരക്ക് ഇരട്ടിച്ചു.സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും സജീവമായതോടെ കുടുംബസമേതമാണ് ആളുകളെത്തുന്നത്. യുവാവിനെ മർദ്ദിക്കുമ്പോൾ മറ്റുള്ളവർ ചുറ്റും നിന്ന് പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ചിലർ ഷർട്ട് ഊരിയും നൃത്തം ചെയ്യുന്നുണ്ട്. വിസിലടിച്ചും കൂകി വിളിച്ചും സംഘർഷത്തെ പ്രോത്സോഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാക്കൾ മദ്യപിച്ചതായും ലഹരി ഉപയോഗിച്ചതായും ആരോപണമുണ്ട്.
വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മ്യൂസിയം പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. തല്ലിയവർ മാനവീയം വീഥിയിൽ സ്ഥിരം എത്താറുള്ളവരല്ലെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.മാനവീയം വീഥി തുറന്നതിന് ശേഷം നിരവധി സംഘർഷങ്ങൾ സമാന രീതിയിൽ ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ