കൊച്ചി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി മങ്ങാട്ട് നീരാഞ്ജനത്തില്‍ രാമചന്ദ്രന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് അയല്‍വാസികള്‍. ഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശിയായ മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന് വെടിയേല്‍ക്കുന്നത് കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ വെച്ചായിരുന്നു.

സ്ഥലത്തെ പ്രധാന പൊതു പ്രവര്‍ത്തകനായിരുന്നു. ആര്‍ എസ് എസിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ രാമചന്ദ്രന്‍ മുമ്പ് ബിജെപിക്കായി ജില്ലാ കൗണ്‍സിലിലേക്ക് മത്സരിച്ചിട്ടുമുണ്ട്. ആര്‍ എസ് എസ് മുഖ്യ ശിഷക് ആയിരുന്ന രാമചന്ദ്രന്‍ തൊണ്ണൂറുകളിലാണ് ജോലി തേടി ഗള്‍ഫിലേക്ക് പോയത്. രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര. ആരതിക്ക് മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതും. ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. ഇതിന് കാരണം തീവ്രവാദികളില്‍ നിന്നും മകളെ രക്ഷിക്കുന്ന തരത്തില്‍ രാമചന്ദ്രന്‍ നടത്തിയ പ്രകോപനമാണെന്നും സൂചനയുണ്ട്. ഭീകരരെ വെല്ലുവിളിച്ച് മകളെ രക്ഷിച്ചെടുക്കുകയായിരുന്നു രാമചന്ദ്രന്‍. ആരതിയുടെ ആറുവയസ്സായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. തീവ്രവാദികളുടെ വെടിയേറ്റ് രാമചന്ദ്രന്‍ വീഴുമ്പോള്‍ മകളും കൊച്ചുമക്കളും അലമുറയിട്ട് കരഞ്ഞു. ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നതിനാല്‍ സംഭവമൊന്നും അറിഞ്ഞില്ല. കശ്മീരിലെ ഹോട്ടലില്‍ സുരക്ഷിതരാണ് ഷീലയും ആരതിയും കുട്ടികളും.

രാമചന്ദ്രനെ കുറിച്ച് ബിജെപി നേതാവ് സുരേഷ് കുമാര്‍ കെ എസ് ഇട്ട പോസ്റ്റ് വൈറലാണ്. കാശ്മീരില്‍ വച്ച് പാക് ഭീകരന്മാരാല്‍ അരും കൊല ചെയ്യപ്പെട്ട ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ നീരാഞ്ജനം വീട്ടില്‍ പ്രിയപ്പെട്ട ശ്രീ. രാമചന്ദ്രന്‍ ചേട്ടന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഭാര്യ ഷീല ചേച്ചി, മകള്‍ ആരതി,പേരക്കുട്ടികള്‍ എന്നിവരോടൊപ്പം കാശ്മീരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ടത്. മകന്‍ അരവിന്ദ്, ഇടപ്പള്ളി ശ്രാമ്പിക്കല്‍ വീട്ടില്‍ പരേതനായ നാരായണമേനോന്റെയും,ഭവാനി ടീച്ചറിന്റെയും ഇളയ മകനാണ്, രാജഗോപാല മേനോന്‍,രാജലക്ഷ്മി എന്നിവര്‍ സഹോദരന്മാരാണ്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കുകയും, തിരിച്ചടി നല്‍കുകയും വേണം, രാഷ്ട്രീസ്വയം സേവക സംഘത്തിന്റെ ഇടപ്പള്ളി തൃക്കോവില്‍ ശാഖ സ്വയം സേവകനാണ്. 1992 ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിന്നീട് തൊഴിലുമായി ബന്ധപ്പെട്ട് ദുബായില്‍ ആയിരുന്നു. റിട്ടയര്‍മെന്റിന് ശേഷം നാട്ടില്‍ തിരിച്ചെത്തി പൊതു പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമായിവരവേയായാണ് അപ്രതീക്ഷിതാമായ ഈ വേര്‍പാട്, നടുക്കത്തോടെയാണ് അറിയാന്‍ സാധിച്ചത്. കുടുംബാംഗങ്ങളുടെയും,ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികള്‍-ഇതാണ് സുരേഷ് കുമാറിന്റെ പോസ്റ്റ്.

രാമചന്ദ്രന്റെ മകന്‍ അപ്പു എന്നു വിളിക്കുന്ന അരവിന്ദ് ബെംഗളൂരുവിലാണ്. വിവരമറഞ്ഞതിനെ തുടര്‍ന്ന് കശ്മീരിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. ഏറെക്കാലം ദുബായിയിലും ഖത്തറിലും രാമചന്ദ്രന്‍ സെക്യൂരിറ്റി സര്‍വീസ് ഏജന്‍സി നടത്തിയിരുന്നു. ഭാര്യ ഷീല ഭാരതീയ വിദ്യാഭവനില്‍ അധ്യാപികയായിരുന്നു. അയല്‍വാസികളോടെല്ലാം പറഞ്ഞ ശേഷമായിരുന്നു ഇവര്‍ കശ്മീരിലേക്ക് വിനോദയാത്ര പോയത്. സുഹൃത്ത് ബാലചന്ദ്രനെ വിമാനത്തില്‍ കയറും മുമ്പ് രാമചന്ദ്രന്‍ വിളിച്ചിരുന്നു. ടപ്പള്ളി സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയതാണ് ബാലചന്ദ്രന് രാമചന്ദ്രനുമായുള്ള സൗഹൃദം. ''വളരെ ധൈര്യശാലിയായ ഒരു മനുഷ്യനായിരുന്നു അവന്‍. അപാരമായ മനക്കട്ടിയോടെ കാര്യങ്ങള്‍ നേരിടാന്‍ കഴിഞ്ഞിരുന്നു. ആരെങ്കിലും മോശമായി ഒരു കാര്യം ചെയ്താല്‍ അതാരായാലും അവന്‍ ധൈര്യമായി പ്രതികരിക്കുമായിരുന്നു. അതുപോലെ തന്നെ എല്ലാവരോടും സ്‌നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്നതായിരുന്നു അവന്റെ സ്വഭാവം. എല്ലാവര്‍ക്കും സഹായം ചെയ്യുന്ന ഒരു പരോപകാരിയുമായിരുന്നു അവന്‍...'' ബാലചന്ദ്രന്‍ പറഞ്ഞു.

കോളേജ് പഠനത്തിനുശേഷം കാലിത്തീറ്റ ഏജന്‍സിയും വെളിച്ചെണ്ണ കച്ചവടവുമൊക്കെ നടത്തിയ രാമചന്ദ്രന്‍ അതിനുശേഷമാണ് യുഎഇയിലേക്കും പിന്നെ ഖത്തറിലേക്കും പോയത്. ഖത്തറില്‍ ലേബര്‍ ക്യാമ്പിലെ അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത രാമചന്ദ്രന്‍ എല്ലായിടത്തും ധാരാളം സൗഹൃദങ്ങള്‍ സൃഷ്ടിച്ചയാളായിരുന്നു. പഠനകാലം മുതല്‍ യാത്രയും നീന്തലും ഇഷ്ടമായിരുന്ന രാമചന്ദ്രന്‍ സുഹൃത്തുക്കളുടെ പ്രിയങ്കരനായിരുന്നു. ''കോളേജില്‍ പഠിക്കുന്ന സമയം മുതല്‍ അവന് യാത്രകള്‍ ഇഷ്ടമായിരുന്നു. അക്കാലത്ത് ഞങ്ങള്‍ പലപ്പോഴും ആലുവയില്‍ പോയി പെരിയാര്‍ നീന്തിക്കടക്കുമായിരുന്നു. എവിടെ യാത്രപോകാനും അവന് ഒരുപാടിഷ്ടമായിരുന്നു. ഒടുവില്‍ ഒരു യാത്രയില്‍ തന്നെ അവന്‍...'' കൂട്ടുകാരന്‍ വിനയ് കുമാര്‍ പറയുന്നത് ഇങ്ങനെയാണ്.