തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജയില്‍ മോചിതനായ മണിച്ചന്റെ കോടികളുടെ നികുതിക്കുടിശ്ശിക എഴുതിത്തള്ളാനാകുമോയെന്ന് പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍. 25.88 കോടി രൂപയാണ് അടക്കേണ്ടത്. 2023 ഡിസംബറിലാണ് നികുതി ഇളവിന് അപേക്ഷിച്ചത്. അബ്കാരി കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ ആംനെസ്റ്റി സ്‌കീം ആരംഭിച്ചശേഷമാണ് അപേക്ഷിച്ചതെങ്കിലും സ്‌കീമില്‍ ഉള്‍പ്പെടുത്താതെ നികുതി വകുപ്പ് പരിശോധിക്കുകയായിരുന്നു.

നികുതി ഇളവ് തേടി 2007ല്‍ മണിച്ചന്‍ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ തുക എട്ടുകോടി ആയിരുന്നു. അപേക്ഷ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ ബെഞ്ച് തള്ളിയ ശേഷം ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും അതും നിരസിക്കപ്പെട്ടു. 15 വര്‍ഷം എത്തുമ്പോള്‍ പലിശ സഹിതം കുടിശ്ശിക നേരെ മൂന്നിരട്ടിയായി ഉയര്‍ന്നു. ഇതാണ് എഴുതിത്തള്ളാന്‍ നീക്കം തുടങ്ങിയത്.

നികുതിയളവു ലഭിച്ചാല്‍ കുടിശ്ശികയുടെ പേരില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി നിയമപരമായി തിരികെ ആവശ്യപ്പെടാനാകും. 22 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2022 ഒക്ടോബറിലാണ് മണിച്ചന്‍ ജയില്‍ മോചിതനായത്. 2000 ഒക്ടോബര്‍ 21നായിരുന്നു 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം. കേസിലെ ഏഴാം പ്രതിയായിരുന്നു മണിച്ചന്‍.

നേരത്തെ മണിച്ചന് കോടതി വിധിച്ചിരുന്ന 30.4 ലക്ഷം രൂപ പിഴത്തുക ഒഴിവാക്കിയിരുന്നു. 22 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2022ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം പിഴത്തുക ഒഴിവാക്കിയത്. മണിച്ചന്‍ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് വിധിയുണ്ടായിരുന്നു.

എന്നാല്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് കാണിച്ച് ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പിഴ തുക ഒഴിവാക്കി സുപ്രീംകോടതി മോചനത്തിന് അനുമതി നല്‍കിയത്.