- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങാതെ ഒരു രാത്രി കൂടി; ഇന്നലെ വൈകുവോളം കാത്തിരുന്നിട്ടും എത്താതിരുന്ന ഉത്തരവ് ഇന്നെത്തിയതോടെ സഹതടവുകാർക്കും സന്തോഷം; ജയിൽ ജീവനക്കാരടക്കം എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ മാധ്യമപ്പട; പിന്നീട് പറയാമെന്ന് പറഞ്ഞ് ചിറയിൻകീഴിലെ വീട്ടിലേക്ക്; കല്ലുവാതുക്കൽ ദുരന്തവും മണിച്ചന്റെ മോചനവും ഒരേദിവസം
തിരുവനന്തപുരം: ഒടുവിൽ കാത്തിരിപ്പ് അവസാനിച്ചു. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ പ്രതിയായ മണിച്ചൻ ജയിൽ മോചിതനായി. 22 വർഷത്തിന് ശേഷമാണ് മണിച്ചൻ മോചിതനാകുന്നത്. നെട്ടുകാൽത്തേരി ജയിലിൽ നിന്നാണ് മണിച്ചൻ മോചിതനായത്. ഇന്നലെ വൈകുവോളം ഉത്തരവിനായി മണിച്ചൻ കാത്തിരുന്നെങ്കിലും, ജയിൽ വാതിൽ അടച്ചതോടെ നിരാശനായി ബാരക്കിലേക്ക് പോകേണ്ടി വന്നിരുന്നു. അപ്പോൾ, സഹതടവുകാർ നാളെ പോകാമല്ലോ എന്നാശ്വസിപ്പിക്കുകയും ചെയ്തു.
പുറത്തിറങ്ങിയ മണിച്ചൻ മാധ്യമങ്ങളോട് ഒന്നും പറഞ്ഞില്ല. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞശേഷം മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോയി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കൾ മണിച്ചനെ സ്വീകരിച്ചത്. രാവിലെ 11 മണിയോടെ മണിച്ചന്റെ മകൻ പ്രവീണും സഹോദരൻ കൊച്ചനിയും അഭിഭാഷകനും എസ്എൻഡിപി ഭാരവാഹികളും ജയിലിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണിച്ചൻ ജയിൽ മോചിതനായി. സഹതടവുകാരോടും ജയിൽ അധികൃതരോടും സന്തോഷം പങ്കിട്ടാണ് മണിച്ചൻ പുറത്തെത്തിയത്. മദ്യദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മണിച്ചൻ വെളിപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കൃഷി നടത്തി ജീവിക്കാനാണ് താൽപര്യമെന്നാണ് മണിച്ചൻ ജയിൽ അധികൃതരോട് പറഞ്ഞത്.
മണിച്ചനെ പിഴത്തുക ഒഴിവാക്കി മോചിപ്പിക്കാൻ സുപ്രീകോടതി ഉത്തരവിട്ടെങ്കിലും മോചനം ഇന്നലെ ഉണ്ടായില്ല. രാത്രി 8.30 വരെ ഉത്തരവ് കാത്ത് നെട്ടുകാൽത്തേരി ഓപ്പൺ ജയിലിലെ ഉദ്യോഗസ്ഥർ വീട്ടിൽ പോകാതെ ഓഫീസിൽ തുടർന്നു. ജയിൽ ആസ്ഥാനത്ത് നിന്നും ഉത്തരവുണ്ടാകില്ലെന്ന് അറിയിപ്പ് വന്നശേഷമാണ് ഓഫീസ് പൂട്ടി ജീവനക്കാർ പോയത്. അതുവരെയും മണിച്ചനും ജീവനക്കാർക്കൊപ്പം ഓഫീസിൽ തന്നെ ഇരുന്നു.
രാത്രി ഭക്ഷണം സന്ധ്യക്ക് പോയി മണിച്ചൻ കഴിച്ചു. ചോറും തോരനും തീയ്യലുമായിരുന്നു. മോചനം വൈകുന്നതുകൊണ്ട് തന്നെ കഴിച്ചുവെന്ന് വരുത്തി തിരികെ ഓഫീസിൽ വന്നു. ഇന്നലെ രാവിലെ ജയിൽ ഓഫീസിൽ, ജീവനക്കാർ എത്തും മുൻപ് തന്നെ മണിച്ചൻ എത്തിയിരുന്നു. ഉറങ്ങാതെ നേരം വെളുപ്പിച്ചു. അടുത്ത ചില തടവുകാരോടു ചതിക്കപ്പെട്ട കഥകൾ പറഞ്ഞു അപ്പോൾ വിങ്ങി കരഞ്ഞ് മണിച്ചനെ മോചനമായല്ലോ എന്ന് പറഞ്ഞ് സഹതടവുകാർ ആശ്വസിപ്പിച്ചു.
അതിരാവിലെ തന്നെ കുളിച്ച് ഷേവ് ചെയ്ത് ജയിലിലെ ക്ഷേത്രത്തിൽ പോയ ശേഷമാണ് എല്ലാവരോടു മണിച്ചൻ യാത്ര ചോദിച്ചത്. ഇതിനിടെ രാവിലെത്തെ ഉപ്പു മാവും ഗ്രീൻപീസ് കറിയും മനസ് നിറഞ്ഞ് കഴിച്ചു. തുടർന്നാണ് ജയിൽ ഓഫീസിൽ എത്തിയത്. എന്നാൽ രാവിലെ തന്നെ ജീവനക്കാർ ഉത്തരവെത്താൻ വൈകുന്നേരമാകുമെന്ന് മണിച്ചന് സൂചന നല്കിയിരുന്നു. ഉച്ചയ്ക്ക് ജയിലിലെ മെസിൽ നിന്നുള്ള വെജിറ്റേറിയൻ ഫുഡ് തൈര് സഹിതം മണിച്ചൻ ആസ്വദിച്ചു കഴിച്ചു
രാത്രി യാത്ര പറഞ്ഞിറങ്ങിയ അതേ ബാരക്കിൽ മണിച്ചൻ തിരിച്ച് എത്തിയപ്പോൾ എല്ലാവർക്കും ദുഃഖം. നാളെ ഇറങ്ങാമല്ലോ എന്ന് പറഞ്ഞ് ചില ആശ്വസിപ്പിച്ചു. സുപ്രീം കോടതി ഉത്തരവിൽ സ്റ്റേറ്റ് അഥോറിറ്റിയോടു മോചിപ്പിക്കാൻ പറഞ്ഞതാണ് ഉത്തരവ് വൈകാൻ കാരണം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയം ആദ്യം ഉത്തരവിറക്കണം. ആ ഉത്തരവിന്റെ ചുവടു പിടിച്ച് ജയിൽ ആസ്ഥാനത്ത് നിന്നും ഉത്തരവിറങ്ങണം.
പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാതെ തന്നെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസ് ഏഴാം പ്രതി മണിച്ചന് പുറത്തിറങ്ങാം എന്ന് കഴിഞ്ഞദിവസമാണ് സുപ്രീകോടതി പറഞ്ഞത്. പിഴ അടയ്ക്കാത്തതിന് 22വർഷവും 9മാസവും കൂടി ജയിൽശിക്ഷ അനുഭവിക്കണമെന്ന കേരള സർക്കാർ നിലപാട് സുപ്രീംകോടതി തള്ളുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ മണിച്ചനെ മോചിപ്പിക്കാൻ ഗവർണർ അനുമതി നൽകിയിരുന്നതാണെങ്കിലും ഇതുവരെ നടപ്പായില്ല.
പിഴയടയ്ക്കാതെ മണിച്ചനെ വിടില്ലെന്ന സർക്കാർ നിലപാടിനെതിരേ സുപ്രീംകോടതിയിൽ ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിക്കവേ, ഗവർണ്ണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെക്കണമെന്ന നിബന്ധന അതിശയകരമാണെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന് അനുസരിച്ചുള്ള അന്തിമ വിധിയാണ് വന്നത /മെണിച്ചന്റെ രണ്ട് സഹോദരന്മാരായ വിനോദിനെയും മണികണ്ഠനെയും ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽ മോചിപ്പിച്ചപ്പോൾ പിഴത്തുക സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. മണിച്ചൻ ഇതുവരെ 22വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മണിച്ചന് ഒക്ടോബറിൽ 66 വയസായി. 2000 ഒക്ടോബർ 21ലുണ്ടായ കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേരാണ് മരിച്ചത്. നിരവധി പേർക്ക് കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ടിരുന്നു.
ചിറയിൻകീഴ് എക്‌സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നുള്ള മദ്യമാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. മണിച്ചനെ ശിക്ഷിച്ച ഉത്തരവിൽ പിഴത്തുകയായ 30.45ലക്ഷം രൂപ മദ്യദുരന്തത്തിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. എന്നാൽ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. നേരത്തേ മണിച്ചന്റെ സഹേദരന്മാരെ മോചിപ്പിക്കുന്നതിനും കൂടുതൽ സമയം വേണമെന്നും പിഴത്തുക അടയ്ക്കണമെന്നും സർക്കാർ നിലപാടെടുത്തിരുന്നതാണ്. എന്നാൽ ഇരുവരെയും 48 മണിക്കൂറിനുള്ളിൽ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി ഉത്തരവ് നൽകുകയായിരുന്നു. ഇതു തന്നെ മണിച്ചന്റെ കാര്യത്തിലും സംഭവിച്ചു.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയും മണിച്ചന്റെ സഹോദരന്റെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഉണ്ടായത്. മണികണ്ഠൻ 20 വർഷവും 10 മാസവും ,വിനോദ് കുമാർ 21 വർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ജയിൽ മോചിതരാക്കണമെന്ന ഇവരുടെ ആവശ്യം പത്തിലേറെ തവണ ജയിൽ ഉപദേശകസമിതികൾ പരിഗണിച്ചെങ്കിലും കുറ്റം ഗൗരവമേറിയതായതിനാൽ കാലാവധി പൂർത്തിയാകാതെ ജയിൽ മോചനം വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്
മദ്യകച്ചവടം നടത്തിയിരുന്ന സമയത്ത് അതിസമ്പന്നനായിരുന്നു മണിച്ചൻ. ചിറയിൻകീഴിൽ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം സ്ഥലം. പുളിമൂട് ജംഗ്ഷന് സമീപം എല്ലാ ആഡംബരങ്ങളുമുള്ള വീട്. ഇതെല്ലാം നോക്കി നടത്തേണ്ടിയിരുന്ന ആളാണ് ജയിലിൽ അഴിയെണ്ണിയത്. പ്രതാപകാലത്ത് ബെൻസിലായിരുന്നു മണിച്ചന്റെ യാത്ര. മാനേജർക്ക് സഞ്ചരിക്കാൻ പ്യൂഷെ കാർ. മാരുതി ഡീസൽ സെൻ നാലെണ്ണം. സ്പിരിറ്റ് വാഹനത്തിന് എസ്‌കോർട്ട് പോയി എന്ന പേരിലുള്ള കേസിൽ സെയിൽസ് ടാക്സ് പിടികൂടിയ ഈ വാഹനങ്ങളൊന്നും പിന്നീട് കാണാൻ കിട്ടിയില്ല. ലേലത്തിൽ പോയ വാഹനങ്ങൾ ഇപ്പോൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും അറിയില്ല.
ഷാപ്പുകളുടെ ആവശ്യത്തിനും മറ്റുമായി പിക്കപ്പ് വാനുകളടക്കം അമ്പതോളം വാഹനങ്ങൾ വെറെയും ഉണ്ടായിരുന്നു. സ്വന്തം ഷാപ്പുകളിലൂടെ സ്പിരിറ്റ് വില്പന നടത്തി നേടിയ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാനാണ് വാഹനങ്ങളെല്ലാം കണ്ടു കെട്ടി ലേലം ചെയ്തത്. ചിറയിൻകീഴ് റെയ്ഞ്ചിൽ ഒന്ന് മുതൽ 26 വരെ നമ്പരുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചൻ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പുകളുടെ ലൈസൻസ്. കേസിന്റെ കാലത്ത് നാല് കോടിക്കാണ് ഈ ഷാപ്പുകൾ ലേലം കൊണ്ടത്.
ആറു തവണയായി 2.40 കോടി കിസ്ത് അടച്ചു. ബാക്കി നാല് തവണകളിലെ 1.60 കോടി അടവ് മുടക്കിയതിന്റെ പേരിലാണ് അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ അറ്റാച്ച് ചെയ്തത്. ഒരു തുണ്ട് ഭൂമി ഇനി ഉഷയുടെ പേരിലില്ല. കേസിൽ മണിച്ചൻ ശിക്ഷിക്കപ്പെട്ടതോടെ വരുമാനവും നിലച്ചു. വീടിന് സമീപമുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ അബ്കാരി കേസിൽ വിചാരണക്കോടതി ഉഷയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ