- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിറയൻകീഴിൽ അഞ്ചേക്കർ സ്ഥലം, ആഡംബര ബംഗ്ലാവിൽ താമസം, സഞ്ചരിക്കാൻ പുതുപുത്തൻ ബെൻസ്; പടി നൽകി ഫ്രണ്ട്സായി ഉന്നത രാഷ്ട്രീയക്കാരും; സ്പിരിറ്റ് കച്ചവടത്തിലൂടെ മണിച്ചൻ സ്വരൂപിച്ചു കൂട്ടിയത് 27 കോടിയോളം; മദ്യരാജാവ് പുറത്തിറങ്ങാൻ 30.45 ലക്ഷമില്ലാതെ അഴിയെണ്ണുന്നു
തിരുവനന്തപുരം: കല്ലുവാതിൽക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജീവിതം ഒരിക്കൽ സ്വപ്നതുല്യമായിരുന്നു. വിളിപ്പുറത്തെത്താൻ മന്ത്രിമാർ അടക്കം ഉണ്ടായിരുന്ന സുവർണകാലം. തെക്കൻകേരളത്തിലെ മദ്യരാജാവായി വിലസുകായായിരുന്നു അദ്ദേഹം. സ്പിരിറ്റു കടത്തി സമ്പാദിച്ചു കൂട്ടിയത്ത കോടികൾ. ഒരിക്കൽ പണത്തിന്റെ പുളപ്പിൽ നടന്ന മണിച്ചൻ ഇന്ന് അഴിക്കുള്ളിൽ കഴിയുകയാണ്. കല്ലുവാതിൽക്കൽ മദ്യദുരന്തത്തിലെ മുഖ്യപ്രതിയായതോടെ എല്ലാം തകിടം മറിഞ്ഞു. അത്യാഢംബര ജീവിതം നയിച്ചിരുന്നയാൾ എല്ലാം കൈവിട്ട് തകർന്നവരായി. ഇപ്പോൾ 22 വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങാൻ ആഗ്രഹിക്കുമ്പോൾ ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനമാടിയ ആൾക്ക് അതിന് പണം കണ്ടെത്താൻ സാധിക്കുന്നില്ല.
പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവെക്കാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് മണിച്ചൻ. 22 വർഷവും 9 മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ നിലപാട് സുപ്രീംകോടതി തള്ളിയാൽ മാത്രമാണ് ഇനി മണിച്ചന് പ്രതീക്ഷയുള്ളത്. മദ്യകച്ചവടം നടത്തിയിരുന്ന സമയത്ത് അതിസമ്പന്നനായിരുന്നു മണിച്ചൻ. ചിറയിൻകീഴിൽ വിവിധ ഭാഗങ്ങളിലായി അഞ്ചേക്കറോളം സ്ഥലം. പുളിമൂട് ജംഗ്ഷന് സമീപം എല്ലാ ആഡംബരങ്ങളുമുള്ള വീട്. ഇതെല്ലാം നോക്കി നടത്തേണ്ടിയിരുന്ന ആൾ ഇപ്പോഴും തടവറയിലാണ്. പ്രതാപകാലത്ത് ബെൻസിലായിരുന്നു മണിച്ചന്റെ യാത്ര.
മാനേജർക്ക് സഞ്ചരിക്കാൻ പ്യൂഷെ കാർ. മാരുതി ഡീസൽ സെൻ നാലെണ്ണം. സ്പിരിറ്റ് വാഹനത്തിന് എസ്കോർട്ട് പോയി എന്ന പേരിലുള്ള കേസിൽ സെയിൽസ് ടാക്സ് പിടികൂടിയ ഈ വാഹനങ്ങളൊന്നും പിന്നീട് കാണാൻ കിട്ടിയില്ല, ലേലത്തിൽ പോയ വാഹനങ്ങൾ ഇപ്പോൾ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും അറിയില്ല. ഷാപ്പുകളുടെ ആവശ്യത്തിനും മറ്രുമായി പിക്കപ്പ് വാനുകളടക്കം അമ്പതോളം വാഹനങ്ങൾ വെറെയും. സ്വന്തം ഷാപ്പുകളിലൂടെ സ്പിരിറ്റ് വില്പന നടത്തി നേടിയ സമ്പാദ്യത്തിന് 25 കോടിയാണ് നികുതി കണക്കാക്കിയത്. ഇത് ഈടാക്കാനാണ് വാഹനങ്ങളെല്ലാം കണ്ടു കെട്ടി ലേലം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരം നഗരത്തിലെത്തിയപ്പോൾ, താൻ ഉപയോഗിച്ചിരുന്ന പ്യൂഷെ കാർ കാണാനിടയായെന്ന് മാനേജർ ബാലചന്ദ്രൻ ഓർക്കുന്നു.
ചിറയിൻകീഴ് റെയ്ഞ്ചിൽ ഒന്ന് മുതൽ 26 വരെ നമ്പരുകളിലുള്ള കള്ള് ഷാപ്പുകളാണ് മണിച്ചൻ നടത്തിയിരുന്നത്. ഭാര്യ ഉഷയുടെ പേരിലായിരുന്നു ഷാപ്പുകളുടെ ലൈസൻസ്. കേസിന്റെ കാലത്ത് നാല് കോടിക്കാണ് ഈ ഷാപ്പുകൾ ലേലം കൊണ്ടത്.ആറു തവണയായി 2.40 കോടി കിസ്ത് അടച്ചു. ബാക്കി നാല് തവണകളിലെ 1.60 കോടി അടവ് മുടക്കിയതിന്റെ പേരിലാണ് അവരുടെ പേരിലുണ്ടായിരുന്ന വസ്തുക്കൾ അറ്റാച്ച് ചെയ്തത്. ഒരു തുണ്ട് ഭൂമി ഇനി ഉഷയുടെ പേരിലില്ല. കേസിൽ മണിച്ചൻ ശിക്ഷിക്കപ്പെട്ടതോടെ വരുമാനവും നിലച്ചു. വീടിന് സമീപമുള്ള ഗോഡൗണിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ അബ്കാരി കേസിൽ വിചാരണക്കോടതി ഉഷയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണനയിലാണ്.
22 വർഷമായി തുടരുന്ന തടവിൽ നിന്നുള്ള മണിച്ചന്റെ മോചനമാണ് ഭാര്യയുടെയും മക്കളുടെയും വലിയ മോഹം. നയാപൈസ വരുമാനമില്ലാത്ത ഇവർക്ക് മുന്നിൽ കോട്ടപോലെ നിൽക്കുകയാണ് 30.45 ലക്ഷം. മദ്യരംഗത്ത് സജീവമായിരുന്നപ്പോൾ പലവിധത്തിൽ ലക്ഷങ്ങൾ മണിച്ചന് നൽകാനുള്ളവരുണ്ട്. പക്ഷെ ആ കണക്കുകൾക്കൊന്നും ഇപ്പോൾ മണിച്ചനെ മോചിപ്പിക്കാനാവില്ല.
കഴിഞ്ഞ മെയ് മാസത്തിൽ മണിച്ചനെ മോചിപ്പിക്കാൻ ഗവർണർ അനുമതി നൽകിയിരുന്നതാണെങ്കിലും ഇതുവരെ നടപ്പായില്ല. പിഴയടയ്ക്കാതെ മണിച്ചനെ വിടില്ലെന്ന സർക്കാർ നിലപാടിനെതിരേ സുപ്രീംകോടതിയിൽ ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിക്കവേ, ഗവർണ്ണർ മോചിപ്പിക്കാൻ ഉത്തരവ് നൽകിയിട്ടും പിഴ കെട്ടിവെക്കണമെന്ന നിബന്ധന അതിശയകരമാണെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മണിച്ചന്റെ രണ്ട് സഹോദരന്മാരായ വിനോദിനെയും മണികണ്ഠനെയും ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽ മോചിപ്പിച്ചപ്പോൾ പിഴത്തുക സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. മണിച്ചൻ ഇതുവരെ 22വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു. മണിച്ചന് ഒക്ടോബറിൽ 66 വയസായി.
2000 ഒക്ടോബർ 21ലുണ്ടായ കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31 പേരാണ് മരിച്ചത്. നിരവധി പേർക്ക് കാഴ്ചശക്തിയടക്കം നഷ്ടപ്പെട്ടിരുന്നു.ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നുള്ള മദ്യമാണ് ദുരന്തത്തിലേക്ക് വഴിവച്ചത്. മണിച്ചനെ ശിക്ഷിച്ച ഉത്തരവിൽ പിഴത്തുകയായ 30.45ലക്ഷം രൂപ മദ്യദുരന്തത്തിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. നേരത്തേ മണിച്ചന്റെ സഹേദരന്മാരെ മോചിപ്പിക്കുന്നതിനും കൂടുതൽ സമയം വേണമെന്നും പിഴത്തുക അടയ്ക്കണമെന്നും സർക്കാർ നിലപാടെടുത്തിരുന്നതാണ്.
എന്നാൽ ഇരുവരെയും 48 മണിക്കൂറിനുള്ളിൽ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി ഉത്തരവ് നൽകുകയായിരുന്നു. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിനോദിന്റെ ഭാര്യ അശ്വതിയും, മണികണ്ഠന്റെ ഭാര്യ രേഖയും ഇവരുടെ മോചനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. മണികണ്ഠൻ 20 വർഷവും 10 മാസവും ,വിനോദ് കുമാർ 21 വർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ജയിൽ മോചിതരാക്കണമെന്ന ഇവരുടെ ആവശ്യം പത്തിലേറെ തവണ ജയിൽ ഉപദേശകസമിതികൾ പരിഗണിച്ചെങ്കിലും കുറ്റം ഗൗരവമേറിയതായതിനാൽ കാലാവധി പൂർത്തിയാകാതെ ജയിൽ മോചനം വേണ്ടെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്.
കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ 31പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ഗൂഢാലോചന, പ്രേരണാക്കുറ്റം, പരിക്കേൽപ്പിക്കൽ, അബ്കാരി നിയമത്തിലെ വിഷം കലർത്തൽ, വിഷവസ്തു കൈവശം വയ്ക്കൽ, വിൽപ്പന തുടങ്ങി 17 കുറ്റങ്ങൾക്കാണ് ഏഴാം പ്രതിയായ മണിച്ചനെ ശിക്ഷിച്ചത്. ജീവപര്യന്തവും 30.45 ലക്ഷംരൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷിക്കപ്പെട്ട 26 പ്രതികളിൽനിന്നായി 1,17,10,000 രൂപയാണ് പിഴയായി ലഭിക്കേണ്ടത്.
ഇതിൽനിന്നും 32 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. മദ്യദുരന്തത്തിൽ മരിച്ചവരിൽ നാലു പ്രതികൾ ഒഴികെയുള്ളവരുടെ ആശ്രിതർക്കും കാഴ്ച നഷ്ടപ്പെട്ട 5 സാക്ഷികൾക്കും പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴയിൽനിന്ന് ഒരു ലക്ഷംരൂപ നൽകാൻ കോടതി വിധിച്ചിരുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് 2000 ഒക്ടോബർ 21,22, 23 തീയതികളിൽ മദ്യദുരന്തം ഉണ്ടായത്.