- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിമലയാറിന്റെ ആഴങ്ങളിൽ ബിനു ജീവൻ വെടിഞ്ഞ വിവരം മറച്ചു വച്ചത് കലക്ടറ്റേിൽ ക്രിസ്മസ് പുതുവൽസര ആഘോഷം നടത്താനോ? മോക്ഡ്രില്ലിലെ ദുരന്തം കണ്ടില്ലെന്ന് നടിച്ച് പത്തനംതിട്ട ജില്ലാ ഭരണ സിരാകേന്ദ്രത്തിൽ ആഘോഷത്തിന് നേതൃത്വം കൊടുത്തത് എഡിഎമ്മും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറും; ഒരു ജില്ലാ ഭരണകൂടം ജനങ്ങൾക്ക് ദുരന്തമാകുന്നത് ഇങ്ങനെ
പത്തനംതിട്ട: മണിമലയാറ്റിൽ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ പാലത്തിങ്കൽ ബിനു സോമൻ (34) മുങ്ങി മരിച്ച വിവരം മറച്ചു പിടിക്കാൻ ശ്രമിച്ചത് കലക്ടറേറ്റിൽ ക്രിസ്മസ്-പുതുവൽസര ആഘോഷം തടസം കൂടാതെ നടക്കാൻ വേണ്ടിയാണെന്ന വിവരങ്ങൾ പുറത്തു വരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നു. മോക്ഡ്രിൽ നടക്കുന്ന സ്ഥലത്തുണ്ടാകേണ്ടിയിരുന്നു ദുരന്ത വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.ജി. ഗോപകുമാർ, എ.ഡി.എം ഡി. രാധാകൃഷ്ണൻ എന്നിവരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെ ന്യൂഇയർ കേക്ക് മുറിക്കുന്ന എ.ഡി.എം അതിന്റെ ആദ്യ കഷണം ഡെപ്യൂട്ടി കലക്ടറുടെ വായിൽ വച്ച് കൊടുക്കുന്നതും മറ്റ് ജീവനക്കാർ ആഹ്ളാദത്താൽ ആർപ്പു വിളിക്കുന്നതുമായ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
ആവശ്യത്തിന് മുന്നൊരുക്കമോ ജീവനക്കാരോ ജീവൻ രക്ഷആ ഉപാധികളോ ഇല്ലാതെ നാട്ടുകാരെ ഉൾപ്പെടുത്തി നടത്തിയ പ്രളയ പ്രതികരണ മോക്ഡ്രില്ലിലാണ് ബിനു സോമന് ജീവൻ നഷ്ടമായത്. അന്നത്തെ വരുമാനത്തിന് വേണ്ടി ജോലിക്ക് പോകാൻ വന്ന ചെറുപ്പക്കാരനെ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ വിളിച്ച് ആറ്റിലേക്ക് ഇറക്കുകയായിരുന്നു. പുറമറ്റം പഞ്ചായത്തിൽ നിന്ന് ചൂണ്ടിക്കാണിച്ചു കൊടുത്ത പ്രദേശത്തായിരുന്നില്ല മോക്ഡ്രിൽ നടത്തിയത് എന്നു പറയുന്നു. പകരം ചെളി നിറഞ്ഞ പ്രദേശത്താണ് നാലു നാട്ടുകാരെ ചാടിച്ച് നീന്താനിറക്കിയത്. ചെളിയിൽ പുതഞ്ഞു പോയ ബിനുവിനെ 20 മിനുട്ടിന് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും ഇയാൾ മരിച്ചുവെന്നാണ് കൂടെ നീന്താനിറങ്ങിയ നാട്ടുകാരൻ പറയുന്നത്. ആറു തവണ സിപിആർ നൽകിയെങ്കിലും മരിച്ചുവെന്ന് ഉറപ്പായിരുന്നു.
പിന്നെയാണ് നാടകങ്ങൾ അരങ്ങേറിയത്. ബിനുവിന് ജീവനുണ്ടെന്ന് പറഞ്ഞ് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോയി. തൊട്ടുപിന്നാലെ പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കി ബിനു സുരക്ഷിതനാണെന്ന തോന്നലുണ്ടാക്കി. ആദ്യം ബിനുവിനെ വെന്റിലേറ്ററിലാക്കിയെന്നും പിന്നീട് എംആർഐ സ്‌കാൻ നടത്തിയെന്നും അത് കഴിഞ്ഞ് എംഐസിയുവിലേക്ക് മാറ്റിയെന്നുമുള്ള തരത്തിലാണ് അധികൃതർ മാധ്യമങ്ങൾക്ക് വിവരം നൽകിയത്. രാത്രി ഏഴു മണി കഴിഞ്ഞതോടെ മരണ വിവരവും സ്ഥിരീകരിച്ചു.
ഇതെല്ലാ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പുതുവൽസരാഘോഷ പരിപാടി തടസപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. മോക്ഡ്രിൽ നടക്കുന്ന സ്ഥലത്തുണ്ടാകേണ്ടിയിരുന്ന ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇവിടെ ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞതിന് പിന്നാലെ ഡെപ്യൂട്ടി കലക്ടർ എവിടെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചപ്പോൾ അദ്ദേഹം കൺട്രോൾ റൂമിൽ ആണെന്നാണ് പറഞ്ഞിരുന്നത്. അപകടവിവരം അറിഞ്ഞിട്ടു പോലും സംഭവ സ്ഥലത്ത് ചെന്നില്ല എന്നൊരു ആരോപണവും ഉണ്ട്. ഈ കൺട്രോൾ റൂം കലക്ടറേറ്റിൽ തന്നെയാണ് എന്നുള്ളതാണ് ഏറെ രസകരം.
തങ്ങളുടെ ഭാഗം സുരക്ഷിതമാക്കിയതിന് ശേഷമാണ് കലക്ടറേറ്റിൽ ജീവനക്കാർ ആഘോഷം നടത്തിയത്. എ.ഡി.എം നവവൽസര കേക്ക് മുറിച്ച് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർക്ക് വായിൽ വച്ചു കൊടുക്കുന്ന ദൃശ്യം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജില്ലാ കലക്ടർ അടക്കം സംഭവത്തിൽ മൗനം പാലിക്കുകയാണ്. അതീവ ഗുരുതരമായ ഒരു നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മറ്റൊരാളുടെ തലയിൽ പഴി ചാരാൻ കഴിയാത്തതിനാൽ എല്ലാവരും തന്ത്രപരമായ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയെ അടക്കം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി നടത്തിയ നാടകങ്ങളാണ് ബിനുവിന്റെ മരണ വിവരം പുറത്തു വരാൻ വൈകാൻ കാരണമായത്.
ബിനുവിന്റെ മരണ വിവരം മറച്ചു വച്ചുവെന്ന് ആന്റോ ആന്റണി എംപി
മല്ലപ്പള്ളിയിൽ മോക്ഡ്രില്ലിനിടെ യുവാവ് മരണപ്പെട്ട സംഭവം ദുരന്തനിവാരണ സംവിധാനത്തിന്റെ പരാജയംകൊണ്ടാണെന്ന് ആന്റോ ആന്റണി എംപി . ദുരന്ത നിവാരണം പോലെയുള്ള സുപ്രധാന സംവിധാനങ്ങളിൽ പോലും യാതൊരു പരിശീലനവുമില്ലാത്ത ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സർക്കാർ നിലപാടാണ് അപകടത്തിന് കാരണമായത്. രക്ഷാ പ്രവർത്തകരുടെ മുന്നിൽ 15 മിനിട്ടിലധികം സമയം യുവാവ് ചെളിയിൽ പുതഞ്ഞ് കിടന്നു. തൊട്ടടുത്ത് തന്നെ രക്ഷാ ബോട്ടും ഉണ്ടായിരുന്നെങ്കിലും ബിനുവിനെ രക്ഷിക്കാൻ യാതൊരു ശ്രമവും നടത്തിയില്ലെന്നും അവസാനം നാട്ടുകാരാണ് അപകടത്തിൽ പെട്ട ആളെ പുറത്തെടുത്തതെന്നും ആന്റോ ആന്റണി എം പി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകൾ ഒഴിവാക്കുന്നതിനായി അധികൃതർ ബിനു സോമന്റെ മരണവിവരം മറച്ചു വച്ചതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്