തിരുവല്ല: ദേശീയ ദുരന്ത നിവാരണ അഥോറിറ്റി മണിമലയാറ്റിൽ നടത്തിയ മോക്ഡ്രില്ലിനിടെ നാട്ടുകാരൻ ഒഴുക്കിൽപ്പെട്ടു. പടുതോട് സ്വദേശി ബിനുവാണ് ഒഴുക്കിൽപ്പെട്ടത്. ഇയാളെ അതീവഗുരുതര നിലയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ദേശീയ ദുരന്ത നിവാരണ അഥോറിറ്റി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി സഹകരിച്ച് സംസ്ഥാനം മുഴുവൻ മോക്ഡ്രിൽ നടത്തി വരികയാണ്. ഏഴിടങ്ങളിൽ പ്രകൃതിക്ഷോഭം വന്നാൽ എങ്ങനെ നേരിടാമെന്നും ബാക്കിയുള്ളിടത്ത് വെള്ളപ്പൊക്കത്തിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടുമാണ് മോക്ഡ്രിൽ നടക്കുന്നത്. രണ്ടു ദിവസമായി വെണ്ണിക്കുളം പടുതോട് പാലത്തിൽ ഇതു സംബന്ധിച്ച് ഒരുക്കങ്ങൾ നടക്കുകയാണ്. കേന്ദ്രസേന, കേരളാ പൊലീസ്, റവന്യൂ, ഫയർ ഫോഴ്സ് തുടങ്ങി സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ഇതിൽ പങ്കാളിയാകുന്നുണ്ട്.

2018 ലേതിന് സമാനമായി മണിമലയാറ്റിൽ വെള്ളപ്പൊക്കമുണ്ടായാൽ എങ്ങനെ നേരിടും എന്നതാണ് ഇവിടെ നടത്താൻ ഉദ്ദേശിച്ചിരുന്ന മോക്ഡ്രിൽ. ഇതിന്റെ ഭാഗമായി നാട്ടുകാരായ നാലു പേരെ പാലത്തിന് അടിയിൽ നിന്ന് ആറ്റിലേക്ക് ചാടാൻ തയാറാക്കി നിർത്തിയിരുന്നു. അതിലൊരാളായിരുന്നു ബിനുവെന്ന് പറയുന്നു. അതേ സമയം, അഥോറിറ്റി തയാറാക്കിയ നിർത്തിയ നാലു പേരിൽ പെട്ടയാളല്ല ബിനുവെന്നും ഇയാൾ കരയിൽ നിന്ന് എടുത്ത് ചാടിയതാണോയെന്നും സംശയിക്കുന്നു.

പ്രദേശത്തെ സന്നദ്ധ പ്രവർത്തകനായ ബിനുവിന് വെള്ളത്തിൽ നിന്നുള്ള രക്ഷാ പ്രവർത്തനം അനുകരിക്കുന്ന സമയത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും, വെള്ളത്തിൽ മുങ്ങുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ദേശീയ ദുരന്ത പ്രതികരണ സേനാ അംഗങ്ങൾ ഉടൻ തന്നെ രക്ഷപ്പെടുത്തുകയും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടർ അടിയന്തിര സഹായം നല്കുകയും ചെയ്തു.

ഉടൻ തന്നെ തിരുവല്ല പുഷ്പ്പഗിരി ആശുപത്രിയിൽ എത്തിച്ചു. ബിനു സോമന്റെ സ്ഥിതി നിലവിൽ ഗുരുതരമാണ്.