ന്യൂഡല്‍ഹി: മണിപ്പുര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പുരിലെ സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഷാ അടിയന്തര യോഗം വിളിച്ചു. മഹാരാഷ്ട്രയില്‍ മൂന്ന് അസംബ്ലി മണ്ഡലങ്ങളില്‍ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനിരിക്കെയാണ് പരിപാടികള്‍ റദ്ദാക്കി അമിത് ഷാ മടങ്ങിയത്.

മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ ഇരച്ചു കയറാന്‍ ശ്രമിക്കുകയും ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരുടെ വസതിയടക്കം ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മണിപ്പുര്‍ വിഷയം അടിയന്തരമായി പരിഗണിക്കുന്നത്. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും കഴിഞ്ഞ ദിവസം വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കുമാണ് തീയിട്ടത്. ഐസിഐ ചര്‍ച്ച്, സാല്‍വേഷന്‍ ആര്‍മി പള്ളി, ഇഎഫ്‌സിഐ പള്ളി എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.

ദുരിതാശ്വാസക്യാമ്പില്‍നിന്ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായത്. കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനിറങ്ങിയവര്‍ ഇംഫാലില്‍ രണ്ടു മന്ത്രിമാരുടെയും മൂന്ന് എം. എല്‍.എ.മാരുടെയും വീടുകള്‍ ആക്രമിച്ചു. വ്യാപക അക്രമങ്ങള്‍ ഉണ്ടായതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.

ആക്രമണങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയത്. ഒരുസ്ത്രീയുടെയും രണ്ടുകുട്ടികളുടെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. മണിപ്പുര്‍-അസം അതിര്‍ത്തിപ്രദേശമായ ജരിബാം ജില്ലയിലെ ജിമുഖ് ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുക്കി സായുധസംഘങ്ങളാണ് ഇവരെ തട്ടികൊണ്ടുപോയെതെന്നാണ് മെയ്ത്തിവിഭാഗത്തിന്റെ ആരോപണം. മൃതദേഹം അസമിലെ സില്‍ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.

24 മണിക്കൂറിനകം സായുധ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് മെയ്‌തെയ് ഗ്രാമ സംരക്ഷണ സമിതി അന്ത്യശാസനം നല്‍കിയിട്ടുണ്ട്. സിആര്‍പിഎഫ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് എത്തുമെന്നാണ് വിവരം. ജിരിബാമില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആറു പേരും കൊല്ലപ്പെട്ടന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പുരിലെ സ്ഥിതി വീണ്ടും വഷളായത്.

തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആയുധധാരികളായ 10 കുക്കി പുരുഷന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അക്രമത്തെ തുടര്‍ന്ന് ആറ് കുടുംബാംഗങ്ങളെ കാണാതായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ജിരിബാം ജില്ലയില്‍ കുക്കി ആദിവാസി വിഭാഗത്തില്‍പ്പെട്ട 31 കാരിയെ ജീവനോടെ ചുട്ടുകൊന്നിരുന്നു. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വസതികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

ഇംഫാലില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചവരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് പോലീസ് തുരത്തിയത്. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകളും വാഹനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇംഫാല്‍ മേഖലയിലെ പള്ളികളും തീയിട്ടു. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമാകാതായതോടെയാണ് കേന്ദ്രം ഇടപെടുന്നത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എന്‍ഐഎക്ക് കൈമാറാനാണ് പോലീസിന് നിര്‍ദേശം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും ഇന്ന് നടത്തേണ്ടിയിരുന്ന റാലികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹില്‍ എത്തിയത്.

ഉന്നത ഉദ്യോഗസ്ഥരുമായി ഷാ കൂടികാഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സിആര്‍പിഎഫ് ഡിജി മണിപ്പൂരിലേക്ക് തിരിച്ചു. നേരത്തെ കൂടുതല്‍ കേന്ദ്രസേനയെ സംഘര്‍ഷം രൂക്ഷമായ ജിരിബാമിലേക്കും ഇംഫാലിലേക്കും അയച്ചിരുന്നു. സായുധ സംഘങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യപ്പെടും വിധം 24 മണിക്കൂറിനകം നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാറും അധികൃതരും പ്രതിഷേധച്ചൂട് അറിയുമെന്നാണ് മെയ്‌തെയ് സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് മണിപ്പൂര്‍ ഇന്റെഗ്രിറ്റിയുടെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ അഫ്‌സ്പ പുനസ്ഥാപിച്ച കേന്ദ്ര നടപടിയെയും സംഘടന വിമര്‍ശിച്ചു. നടപടി പുന പരിശോധിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാറും കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ പരിഹാരം കാണുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി രാഷ്ട്രീയ താല്പര്യത്തോടെ മനപ്പൂര്‍വം മണിപ്പൂര്‍ കത്തിക്കുകയാണെന്നും, കലാപത്തില്‍ തങ്ങളെ ഉപേക്ഷിച്ച മോദിയോട് മണിപ്പൂരിലെ ജനങ്ങള്‍ പൊറുക്കില്ലെന്ന് മല്ലികാര്‍ജുന് ഖര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി മണിപ്പൂരിലെത്തണമെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.