ന്യൂഡൽഹി: മണിപ്പുരിൽ ആശങ്കയിൽ തുടരുന്ന ഗ്രാമങ്ങളിൽ സുരക്ഷ ഒരുക്കാനും കർശന നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു. അക്രമസാധ്യത നിലനിൽക്കുന്ന 18 ഗ്രാമങ്ങളിലെ വിഷയം മണിപ്പുർ ട്രൈബൽ ഫോറം ഡൽഹിക്കുവേണ്ടി അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്രമസമാധാന ഏജൻസികൾക്കു നിർദ്ദേശം നൽകിയത്.

മ്യാന്മറിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരും സംസ്ഥാനത്തു പ്രശ്‌നമുണ്ടാക്കുന്നതായി ഇടപെടൽ ഹർജി നൽകിയ മണിപ്പുർ ഹൈക്കോടതി ബാർ അസോസിയേഷൻ പറഞ്ഞു. ക്രമസമാധാന ചുമതല സംസ്ഥാന സർക്കാരിന്റെ പരിധിയിലാണെന്നു കോടതി വ്യക്തമാക്കി. വീണ്ടും സംഘർഷം സൃഷ്ടിക്കാൻ ഇടയുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആവശ്യപ്പെട്ടു.

മെയ്‌തെയ് വിഭാഗത്തെ എസ്ടി പട്ടികയിൽ ഉൾപ്പെടുത്തുന്നതു പരിഗണിക്കാൻ സർക്കാരിനോടു നിർദേശിച്ച മണിപ്പുർ ഹൈക്കോടതി നടപടിയെയും സുപ്രീം കോടതി വിമർശിച്ചു. സംവരണവിഷയങ്ങളിലെ മാനദണ്ഡങ്ങൾ സർക്കാരിനെ ഓർമിപ്പിക്കാത്തതിലാണ് ഹൈക്കോടതി ജഡ്ജിയെ സുപ്രീംകോടതി വിമർശിച്ചത്. മണിപ്പൂർ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.വി മുരളീധരനെയാണ് സുപ്രീംകോടതി വിമർശിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. സംവരണം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളും പരിശോധനകളും ഭരണഘടനാപരമായി പ്രസിഡന്റിന്റെ അധികാരപരിധിയിലാണെന്ന മുൻകാല സുപ്രീംകോടതി വിധികൾ നിലനിൽക്കെ എങ്ങനെയാണ് ഹൈക്കോടതി ജഡ്ജിക്ക് സർക്കാരിനോട് സംവരണം പരിശോധിക്കാൻ പറയാനാവുക എന്ന് സുപ്രീംകോടതി ചോദിച്ചു.

'ഈ വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെയും മറ്റും കൃത്യമായ വിധിന്യായങ്ങളുണ്ട്. ഈ വിധികൾ ഹൈക്കോടതി ജഡ്ജിമാർ അനുസരിക്കുന്നില്ല എന്നാൽ എന്താണ് പറയുക'; ചീഫ് ജസ്റ്റിസ് ചോദിച്ചു. മണിപ്പൂർ കോടതിവിധി സ്റ്റേ ചെയ്യേണ്ടിവരുമെന്നും ജഡ്ജി എത്രയും പെട്ടെന്ന് തെറ്റ് തിരുത്തണമെന്നും ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി.

ഹൈക്കോടതി വിധിക്കെതിരായി സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനങ്ങൾ. സംവരണം പരിശോധിക്കേണ്ടത് പ്രസിഡന്റ് ആണെന്ന സുപ്രീംകോടതി വിധികൾ നിലനിൽക്കെ മെയ്തി ജനവിഭാഗത്തിന്റെ സംവരണം കേന്ദ്രസർക്കാരിനോട് പരിശോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയോടാണ് സുപ്രീംകോടതി വിമർശനങ്ങൾ ഉന്നയിച്ചത്. ഹർജിയിൽ കൂടുതൽ വാദം കേട്ട ബെഞ്ച് മണിപ്പൂർ മുഖ്യമന്ത്രി ബൈറൺ സിങ്ങിനെയും വിമർശിച്ചു. ഹർജിക്കാരുടെ അഭിഭാഷകരിൽ ഒരാളായ നിസാം പാഷ മണിപ്പൂർ കലാപത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രകോപനപരമായ പരാമർശങ്ങൾ ചൂണ്ടികാണിച്ചു. ഇവയെ വിമർശിച്ച കോടതി തങ്ങൾ രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ മുഖ്യമന്ത്രി ഇത്തരം പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭിപ്രായപ്പെട്ടു.