- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെ കൊണ്ടുപോകാൻ വരണേ': അക്രമികൾ വീടുവളഞ്ഞപ്പോൾ നിസ്സഹായയായ മുത്തശ്ശിയുടെ അവസാന വാക്കുകൾ; മണിപ്പൂരിലെ സെരോ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനിയുടെ ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി; കൊല്ലപ്പെട്ടത് എ പി ജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ 80 കാരിയായ ഭാര്യ; സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ ക്രൂരതകൾ പുറത്ത്
ഇംഫാൽ: വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഭീകരസംഭവങ്ങളാണ് മണിപ്പൂരിൽ നിന്ന് കേൾക്കുന്നത്. ഒരുഗ്രാമം അക്രമികൾ ചുട്ടെരിച്ചതും, രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയതും, അതിലൊരാളുടെ പിതാവിനെയും സഹോദരനെയും നിഷ്ണക്കരുണം വകവരുത്തിയതും എല്ലാം ചെവി പൊത്തിയോ, കണ്ണുപൊത്തിയോ കേൾക്കേണ്ടതോ, കാണേണ്ടതോ ആയ അവസ്ഥ. ഇത്തരത്തിലുള്ള കൂടുതൽ സംഭവങ്ങൾ പുറത്തുവരികയാണ്.
കാക്ചിങ് ജില്ലയിലെ സെരോ ഗ്രാമത്തിൽ, സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസുകാരിയായ ഭാര്യയെ വീടിനുള്ളിൽ പൂട്ടിയിട്ട് സായുധ സംഘം തീകൊളുത്തി. നേരത്തെ, 80ാം വയസിൽ മരിച്ച സ്വാതന്ത്ര്യ സമരസേനാനിയായ എസ് ചുരാചന്ദ് സിങ്ങിനെ മുൻ രാഷ്ട്രപത്രി എ പി ജെ അബ്ദുൽ കലാം ആദരിച്ചിരുന്നു.
മെയ് 28 പുലർച്ചെയാണ് തീകൊളുത്തിയ സംഭവം. ആ നാളുകളിൽ സെരോയിൽ വ്യാപകമായ അക്രമവും, വെടിവെപ്പും തുടരുകയായിരുന്നു. അക്രമം ആരംഭിക്കും മുമ്പ് ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സെരോ ശാന്തസുന്ദരമായ ഗ്രാമമായിരുന്നു. പക്ഷേ എൻഡി ടിവി ടീം അവിടെ കഴിഞ്ഞ ദിവസം സന്ദർശിച്ചപ്പോൾ, തീവെച്ച് നശിപ്പിച്ച വീടുകളും, ഭിത്തികളിലെ വെടിയുണ്ട തുളകളും മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളു. മെയ്ത്തികളും, കുക്കികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏറ്റവുമധികം ബാധിച്ച ഗ്രാമങ്ങളിലൊന്നാണ് സെരോ.
ഗ്രാമത്തിലെത്തിയ അക്രമികൾ സ്വാതന്ത്ര്യസമരസേനാനിയുടെ വയോധികയായ ഭാര്യ ഇബെതോംബിയെ പുറത്തുനിന്ന് പൂട്ടിയിട്ട് തീയിടുകയായിരുന്നു. ചെറുമകൻ പ്രേംകന്ധ(22) അവിടെ എത്തുമ്പോഴേക്കും, തീ മുഴുവൻ ആളി പടർന്നിരുന്നു. മുത്തശ്ശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, പ്രേംകന്ധയുടെ തുടയിലും, കൈകളിലും വെടിയുണ്ടകൾ തുളച്ചുകയറി. കഷ്ടിച്ചാണ് ഈ യുവാവ് രക്ഷപ്പെട്ടത്. ആക്രമണം ഉണ്ടായപ്പോൾ, തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ മുത്തശി പറഞ്ഞു. പ്രായമായവർക്ക് ചെറുപ്പക്കാരെ പോലെ ഓടാൻ വയ്യല്ലോ. കുറച്ചുകഴിഞ്ഞ് തന്നെ വന്ന് നോക്കാനും ആവശ്യപ്പെട്ടു. ദൗർഭാഗ്യവശാൽ, 'എന്നെ വിളിക്കാൻ വരണേ' എന്നായിരുന്നു അവരുടെ അവസാന വാക്കുകൾ.
അക്രമം പൊട്ടിപ്പുറപ്പെട്ട് രണ്ടുമാസത്തിന് ശേഷം പ്രേംകന്ധ തന്റെ വീടിരുന്ന സ്ഥലത്ത് എത്തിയപ്പോൾ, പൊട്ടിപ്പൊളിഞ്ഞ തടിയും, തകരവും മറ്റുമാണ് കണ്ടത്. എന്തായാലും, അവശിഷ്ടങ്ങളിൽ നിന്ന് ഇബെതോംബി ഏറെ വിലമതിച്ചിരുന്ന എസ് ചുരാചന്ദ് സിങ്ങിനെ കലാം ആദരിക്കുന്ന ചിത്രവും കിട്ടി. അത്രയും ആശ്വാസം.
ഗ്രാമത്തിൽ നിന്ന് തെല്ലകലെ സെരോ ചന്ത പ്രേതനഗരം പോലെ തോന്നിച്ചു. അവിടെ കച്ചവടം ചെയ്തിരുന്നവരെല്ലാം സ്ഥലം വിട്ടിരിക്കുന്നു. ആകെ നിശ്ശബ്ദത മാത്രം. സെരോ നിവാസിയും ഇബെതോംബിയുടെ മരുമകളുമായ എസ് തംപക്സാന അന്നത്തെ ആ ദിവസം ഓർക്കുന്നു. സായുധ സംഘം ഗ്രാമം ആക്രമിച്ചപ്പോൾ, അവർ വളരെ ബുദ്ധിമുട്ടി ഒരു എംഎൽഎയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. 'പുലർച്ചെ 2.10 ന് അക്രമികൾ ഗ്രാമത്തിലെത്തിയതോടെ ഞങ്ങൾ ആകെ ഭയന്നുപോയി. വേഗം രക്ഷപ്പെട്ടോളാൻ ഇബെതോംബി പറഞ്ഞു. പിന്നീട് ആരെയങ്കിലും വിട്ട് തന്നെ രക്ഷിച്ചാൽ മതിയെന്നും. ഞങ്ങൾ സ്ഥലം എംഎൽഎയുടെ വീട്ടിൽ അഭയം തേടിയെങ്കിലും ഇബെതോംബിയെ ഓർത്ത് സങ്കടപ്പെട്ടു. പുലർച്ചെ 5.30-6 മണിയോടെ ഞങ്ങൾ ആൺകുട്ടികളോട് അവിടെ പോയി നോക്കാൻ പറഞ്ഞു. അവരവിടെ എത്തുമ്പോഴേക്കും, വീട് മുഴുവൻ കത്തിയമർന്നുകഴിഞ്ഞിരുന്നു' തംപാക്സാന പറഞ്ഞു.
സെരോ ഗ്രാമത്തിൽ ഇരുസമുദായങ്ങളും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കാൻ സുരക്ഷാസേന ഇപ്പോഴും ജാഗ്രത പാലിക്കുകയാണ്. പുറത്തുനിന്ന് വരുന്നവർ വൈകുന്നേരം ആറുമണിക്ക് ശേഷം പോകണമെന്ന അറിയിപ്പുകളും എൻഡി ടിവി വാർത്താ സംഘം കണ്ടു. ആളുകൾ സ്വയരക്ഷ ഉറപ്പാക്കി മാത്രമാണ് പുറത്തിറങ്ങുന്നത്. വീടുകളിലേക്ക് മടങ്ങുക എന്നതാണ് പലർക്കും വെല്ലുവിളി. കാരണം വീടുകൾ അവിടെയില്ലല്ലോ. അതിനെ കുറിച്ചൊന്നും ആലോചിക്കാതെ സമയം തള്ളിനീക്കുകയാണ് ഇവിടുത്തെ മനുഷ്യർ.
നഗ്നപരേഡ് സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും സംഭവത്തിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒന്ന് പ്രായപൂർത്തിയാകാത്തയാളും മറ്റൊന്ന് 19 വയസ്സുകാരനുമാണ്. കേസിൽ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് നടപടി വൈകിയതിനെതിരെ രോഷം ഉയരുമ്പോഴാണ് കൂടുതൽ പ്രതികൾ പിടിയിലാകുന്നത്. അതേസമയം ഇത്തരം കൊടും ക്രൂരതകൾ അനുവദിക്കാനാകില്ലെന്ന് സംസ്ഥാനത്തെ നാഗ വിഭാഗം നേതാക്കൾ പ്രതികരിച്ചു. ബിജെപിയിലെയും ബിജെപി സഖ്യകക്ഷിയിലെയും നാഗ എംഎൽഎമാരാണ് കടുത്ത അതൃപ്തി പരസ്യമാക്കിയത്. മെയ്ത്തെയ്-കുക്കി കലാപത്തിൽ ഇത് ആദ്യമായാണ് നാഗ വിഭാഗം ശക്തമായ പ്രതികരണം നടത്തുന്നത്.
മെയ് പതിനെട്ടിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വീഡിയോ പുറത്തുവന്ന ശേഷമാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. പൊലീസ് പരാതി അവഗണിച്ചുവെന്ന് അക്രമം നേരിട്ട സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ആരോപിച്ചു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഈ സൈനികൻ തന്റെ ഭാര്യ വിഷാദരോഗിയായെന്നും ഒരു മാധ്യമത്തോട് പറഞ്ഞു.
സംഭവത്തിൽ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി. അതിനിടെ, മണിപ്പൂരിൽ നിന്ന് കൂടുതൽ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോർട്ട്.
മണിപ്പൂരിലെ മറ്റൊരു കൂട്ടബലാൽസംഗക്കേസിന്റെ വിവരങ്ങൾ കൂടി പുറത്ത് വന്നു. ഇംഫാലിൽ കാർവാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. മെയ് നാലിന് നടന്ന സംഭവത്തിൽ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. തോബാലിൽ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോർട്ടുണ്ട്.
മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. തോബാലിൽ വ്യാപക സംഘർഷം നടന്നിരുന്നു. മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികൾ അറിയിച്ചു. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താൻ കേന്ദ്രം നിർദ്ദേശം നൽകി. കൂട്ടബലാത്സംഗക്കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരിൽ രജിസ്റ്റർ ചെയ്ത 6000ത്തിലധികം കേസുകൾ കേന്ദ്രം പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ