- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിയിടം അക്രമികൾ കണ്ടുപിടിക്കാതിരിക്കാൻ കുഞ്ഞുങ്ങൾക്ക് ഉറക്കുമരുന്ന് കൊടുക്കുന്ന മാതാപിതാക്കൾ; ഗ്രാമങ്ങൾ കത്തിയെരിക്കുന്ന സായുധ സംഘങ്ങൾ; ക്രിസ്ത്യൻ വീടുകൾക്കും പള്ളികൾക്കും നേരേയും വേട്ട; മണിപ്പൂരിൽ ഇതുവരെ കൊല്ലപ്പെട്ടത് 54 പേർ; മെയ്ത്തികളും കുക്കികളും തമ്മിലെ കലാപത്തിന് പിന്നിൽ
ഇംഫാൽ: കുട്ടികൾക്ക് ഉറങ്ങാനുള്ള മരുന്ന് കൊടുക്കുന്ന മാതാപിതാക്കൾ. കുഞ്ഞുങ്ങൾ കരഞ്ഞാൽ, തങ്ങളുടെ ഒളിയിടം അക്രമികൾ കണ്ടുപിടിച്ചാലോ. സായുധ സംഘങ്ങൾ ഗ്രാമങ്ങൾ ആക്രമിച്ച് വീടുകൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുമ്പോൾ എങ്ങനെ സമാധാനത്തോടെ ഉറങ്ങും? മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ ഒരുചിത്രം മാത്രമാണിത്.
ഇംഫാൽ കേന്ദ്രമായി ജീവിക്കുന്ന മെയ്ത്തികളും, മലനിരകളിൽ താമസിക്കുന്ന കുക്കികളും, നാഗകളും അടങ്ങുന്ന ഗോത്രവിഭാഗക്കാരും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഘർഷം. മെയ്ത്തികൾക്ക് പട്ടിക വർഗ പദവി നൽകണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇപ്പോൾ കലഹം. സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിന്റെ മൂലകാരണങ്ങളിലേക്ക് പോകും മുമ്പ് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
മരണ സംഖ്യ 54 ആയി ഉയർന്നു
സംഘർഷത്തിൽ മരണസംഖ്യ 54 ആയി ഉയർന്നെന്ന് ഔദ്യോഗിക വിവരം. എന്നാൽ, അനൗദ്യോഗിക കണക്കുകൾ പതിന്മടങ്ങാണ്. ചന്തകളും കടകളും ശനിയാഴ്ച തുറന്നു. വാഹനങ്ങൾ റോഡിലൂടെ ഓടാൻ തുടങ്ങി. സൈന്യത്തെ ഇറക്കിയതോടെയാണ് സ്ഥിതിഗതികൾ കുറച്ചെങ്കിലും നിയന്ത്രണ വിധേയമായത്. സൈന്യത്തെ കൂടാതെ ദ്രുതകർമസേനയും, കേന്ദ്ര പൊലീസ് സേനയും പ്രധാന മേഖകളിലും റോഡുകളിലും ഉണ്ട്.
കനത്ത സുരക്ഷാ വലയത്തിന് നടുവിൽ, രാവിലെ കടകൾ തുറന്നതോടെ, അവശ്യ സാധനങ്ങളും, പച്ചക്കറിയും മറ്റും വാങ്ങാൻ ആളുകൾ പുറത്തിറങ്ങി. 54 പേർ മരിച്ചതിൽ 16 പേരുടെ മൃതദേഹം ചുർചന്ദ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലും 15 എണ്ണം ഇംഫാൽ ഈസ്റ്റ് ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മോർച്ചറിയിലുമാണ്. ഇംഫാൽ വെസ്റ്റിലെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 23 പേരുടെ മരണം സ്ഥിരീകരിച്ചു. വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ, മലയോര മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഞ്ചുതീവ്രവാദികൾ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യ റിസർവ് ബറ്റാലിയൻ ജവാന്മാർക്ക് പരിക്കേറ്റു. ചുർചന്ദ്പൂർ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
13,000 പേരെ രക്ഷിക്കുകയും, സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇംഫാൽ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിൽ കൊള്ളിവയ്പിനും വഴി തടയലിനും കഴിഞ്ഞ 12 മണിക്കൂറിനിടെ ശ്രമങ്ങൾ ഉണ്ടായെങ്കിലും, സ്ഥിതിഗതികൾ നിയന്ത്രിക്കാനായെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
സൈന്യത്തിലെയും, അസം റൈഫിൾസിലെയും 10,000 ത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും, ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ആയിരത്തോളം അർദ്ധ സൈനികരെയും മണിപ്പൂരിലേക്ക് കേന്ദ്രം അയച്ചിട്ടുണ്ട്. മണിപ്പൂരിലേക്കുള്ള ട്രെയിനുകളെല്ലാം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവെ റദ്ദാക്കിയിരിക്കുകയാണ്.
ക്രിസ്ത്യാനികൾക്ക് നേരേ കടുത്ത ആക്രമണം
സംഘർഷത്തിനിടെ, നിരവധി ക്രിസ്ത്യൻ പള്ളികളും വീടുകളും തീവെച്ചുനശിപ്പിച്ചതായാണ് റിപ്പോർട്ട്. മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യൻവേട്ടയാണെന്ന് ബംഗളൂരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു. 41 ശതമാനം ക്രിസ്ത്യൻ ജനസംഖ്യയുള്ള, മണിപ്പൂരിലെ ക്രിസ്ത്യൻവേട്ട ആശങ്കാജനകമാണ്.
1974ൽ നിർമ്മിച്ച മൂന്ന് പള്ളികളും ചില വീടുകളും അഗ്‌നിക്കിരയാക്കപ്പെട്ടു. ജനങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഈ മേഖലയിൽ സേവനം ചെയ്യുന്ന വികാരിമാരെ ഭീഷണിപ്പെടുത്തുന്നു. 17ഓളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടു. നിരവധി പള്ളികൾ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ പറഞ്ഞു.
സമുദായം എന്ന നിലയിൽ ഇംഫാലിനോട് അടുത്ത ജില്ലകളിലെ കുക്കികളും, മറ്റു ഗോത്രവിഭാഗക്കാരുമാണ് പ്രധാന ലക്ഷ്യമെങ്കിലും, മെയ്ത്തി വിഭാഗത്തിൽ പെട്ട ക്രിസ്ത്യാനികളുടെ പള്ളികളും ആക്രമിക്കപ്പെടുന്നുണ്ട്, ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ വക്താവായ ആക്റ്റിവിസ്റ്റ് ജോൺ ദയാൽ പറഞ്ഞു. 2008 ൽ ഒഡിഷയിലെ കന്ധമാലിൽ നടന്ന കൊലയും കൊള്ളിവയ്പും പോലെ തന്നെയാണ് ഇപ്പോൾ ക്രിസ്ത്യാനികൾക്ക് നേരേ നടക്കുന്നത്. ക്രിസ്ത്യാനികൾ ആകെ നടുക്കത്തിലാണ്, ജോൺ ദയാൽ പറഞ്ഞു.
സംഘർഷത്തിന് പിന്നിൽ
മണിപ്പൂരിൽ 16 ജില്ലകളാണുള്ളത്. ഇംഫാൽ താഴ് വരയിൽ ഹിന്ദുക്കളായ മെയ്ത്തികൾക്കാണ് ആധിപത്യം. താഴ് വരയിൽ അഞ്ചുജില്ലകളുണ്ട്. മലയോര ജില്ലകളിൽ, നാഗ, കുക്കി ഗോത്രവിഭാഗക്കാർക്കാണ് പ്രാമുഖ്യം. ഏറ്റവും കൂടുതൽ അക്രമമുണ്ടായ ചുർചന്ദപൂർ മലയോര ജില്ലകളിൽ പെട്ടതാണ്. കുക്കികളും നാഗരും ക്രൈസ്തവ വിശ്വാസികളാണ്. കുക്കികൾക്ക് നാല് മലയോര ജില്ലകളിൽ ആധിപത്യമുണ്ട്. ജനസംഖ്യയുടെ 53 ശതമാനമുള്ള മെയ്ത്തികൾക്ക് സംസ്ഥാനത്തിന്റെ 10 ശതമാനം ഭൂമിയിൽ മാത്രമേ സാന്നിധ്യമുള്ളു. നാഗകളും, കുക്കികളും അടക്കം 35 ഗോത്രവിഭാഗക്കാരാണ് മണിപ്പൂരിലുള്ളത്.
സംസ്ഥാനത്ത് താഴ് വരയിലാണ് ഏറ്റവും കൂടുതൽ പേർ വസിക്കുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഇക്കൂട്ടത്തിലുണ്ട്. ബാക്കിയുള്ള ജനസംഖ്യ സംസ്ഥാനത്തിന്റെ 90 ശതമാനം ഭാഗത്തായി ചിതറി കിടക്കുന്നു. ഈ ജില്ലകളിൽ റിസർവ് വനമേഖലകളും ഉണ്ട്. ഗോത്രവിഭാഗങ്ങൾക്ക് ഉള്ളത് പോലെ പരിരക്ഷ തങ്ങൾക്കും വേണമെന്നാണ് മെയ്ത്തികളുടെ മുഖ്യആവശ്യം. മുമ്പ് മെയ്ത്തികൾ പട്ടിക വർഗത്തിൽ ഉൾപ്പെട്ടിരുന്നുവെന്നും പിന്നീട് പുറത്തായതാണെന്നുമാണ് വാദം. മലനിരകളിൽ ഗോത്രവിഭാഗക്കാർ അല്ലാത്തവർ ഭൂമി വാങ്ങുന്നതിന് വിലക്കുണ്ട്. പട്ടിക വർഗ്ഗ പദവി ലഭിച്ചാൽ, മെയ്ത്തികൾക്ക് ഈ വിലക്ക് മാറി കിട്ടും. തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ സംവരണവും കിട്ടും.
' പ്രതിഷേധത്തിന്റെ മുഖ്യകാരണം മെയ്ത്തികൾക്ക് പട്ടിക വർഗ പദവി കൊടുക്കാനുള്ള നീക്കമാണ്. സാമ്പത്തിക പുരോഗതി കൈവരിച്ച മെയ്ത്തികൾക്ക് എങ്ങനെയാണ് പട്ടിക വർഗ്ഗ പദവി കൊടുക്കുന്നത്? അവർക്ക് ആ പദവി കിട്ടിയാൽ ഞങ്ങളുടെ എല്ലാ ഭൂമിയും അവരെടുക്കും', ഓൾ മണിപ്പൂർ ട്രൈബൽ യൂണിയന്റെ ജനറൽ സെക്രട്ടഫി കെൽവിൻ നേയ്‌സിയാൽ പറഞ്ഞു. വളരെ ദരിദ്രരായ കുക്കികൾക്ക് സംരക്ഷണം ആവശ്യമാണ്. അവർക്ക് സ്‌കൂളുകളില്ല. കൃഷിയെ മാത്രം ആശ്രയിച്ചാണ് ജീവിതം, കെൽവിൻ പറഞ്ഞു.
എന്നാൽ, കുക്കികളുടെ പ്രതിഷേധം വെറും പുകമറയാണെന്ന് മെയ്ത്തികൾ പറയുന്നു. റിസർവ് വന മേഖലയിലെ കേന്ദ്രങ്ങളിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തുരത്താനുള്ള സംസ്ഥാന സർക്കാർ നീക്കമാണ് കുക്കികളെ പ്രകോപിപ്പിച്ചത്. അവർ മെയ്ത്തികളുടെ പട്ടിക വർഗ പദവി പ്രശ്‌നം അവസരമാക്കിയെന്നേയുള്ളു. പ്രധാനവിഷയം അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കലാണ്. എന്നാൽ, ഒഴിപ്പിക്കൽ, കുക്കി മേഖലയിൽ മാത്രമല്ല, മണിപ്പൂരിലാകെയുണ്ട്. ഓൾ മെയ്ത്തി കൗൺസിലിന്റെ അംഗം ചാന്ദ് മെയ്ത്തി പറഞ്ഞു. എന്തായാലും കലാപം കെട്ടടങ്ങിയാലും, ഈ വിഷയത്തിൽ കേന്ദ്രസഹകരണത്തോടെ ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങൾ വേണ്ടി വരും. അതല്ലെങ്കിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെടും.
മറുനാടന് മലയാളി ബ്യൂറോ