ഇംഫാൽ: ആഴ്‌ച്ചകൾ പിന്നിട്ടിട്ടും കലാപം അയവില്ലാതെ മണിപ്പൂരിൽ തുടരവേ ഉരുക്കു മുഷ്ടിമായി സർക്കാർ. ആക്രമണം നടത്തുന്നവരെ എൻകൗണ്ടറിൽ കൊലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കമാൻഡോ ഓപ്പറേഷനിലൂടെ 30 ഭീകകരരെ വധിച്ചുവെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അറിയിച്ചു. വിവിധ മേഖലകളിലായി നടന്ന ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് സംഭവം.

തീവ്രവാദികൾ എം- 16, എ.കെ- 47 തോക്കുകളും സ്നിപ്പർ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാർക്കെതിരെ ആക്രമണം നടത്തുന്നത്. വിവിധ ഗ്രാമങ്ങളിലേക്ക് വീടുകൾക്ക് തീവെക്കുന്നു. 33 ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം ലഭിച്ചതെന്നും ബിരേൻ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുകി വിഭാഗത്തിൽനിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഗോത്രയിതര വിഭാഗമായ മെയ്ത്തി വിഭാഗക്കാർക്ക് പട്ടികവർഗ പദവി ആവശ്യപ്പെടുന്നതിൽ പ്രക്ഷോഭം നടത്തുന്ന കുകി വിഭാഗത്തിൽനിന്നുള്ള 33 പേരാണ് കൊല്ലപ്പെട്ടത്. മണിപ്പുർ പൊലീസിന്റെ കമാൻഡോകൾ കഴിഞ്ഞ എട്ടുമണിക്കൂർ പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത്. 'നിരായുധരായ സാധാരണക്കാർക്ക് നേരെ തീവ്രവാദികൾ വെടിവെക്കുന്നു. മണിപ്പുരിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്നത്', മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഞായറാഴ്ച പുലർച്ചെ രണ്ടുമണിക്ക് കലാപകാരികൾ ഒരേസമയം, ഇംഫാൽ താഴ്‌വരയിലെ അഞ്ചിടത്ത് ആക്രമണം നടത്തി. സെക്മായ്, സുഗ്‌നു, കുംബി, ഫെയംഗ്, സെറോവ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. മറ്റിടങ്ങളിലും ഏറ്റുമുട്ടലുകൾ ഉണ്ടാവുന്നതായും തിരിച്ചറിയാത്ത മൃതദേഹം തെരുവുകളിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ബിജെപി. എംഎ‍ൽഎ. കെ. രഘുമണിയുടെ വീട്ടിലേക്ക് കലാപകാരികൾ ഇരച്ചുകയറി.

ഫെയംഗിൽ വെടിവെപ്പിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാർ അറിയിച്ചു. 27-കാരനായ കർഷകൻ ബിഷെൻപുരിൽ വെടിയേറ്റ് മരിച്ചു. ഇംഫാൽ താഴ്‌വരയിലെ പ്രാന്തപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന ആക്രമണങ്ങൾ കൃത്യമായി ആസൂത്രണത്തോടെ നടക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഴ്ചകൾ പിന്നിട്ടിട്ടും വംശീയ കലാപം അയവില്ലാതെ തുടരുന്ന മണിപ്പൂർ സന്ദർശിച്ച് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രംഗത്തുവന്നിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിരക്കിൽപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം വൈകുന്നതിനിടെയാണ് കരസേന മേധാവി ശനിയാഴ്ച സംസ്ഥാനത്ത് എത്തിയത്.

കലാപത്തിന് അയവില്ലാതെ വന്നതോടെ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തമാക്കി. ഇംഫാൽ ഈസ്റ്റിലും ചർചന്ദ്പൂരിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പ് സുരക്ഷാ സംഘങ്ങൾ ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ ആയുധധാരികളായ ചിലർ വെടിയുതിർത്തശേഷം കാടിനുള്ളിലേക്ക് രക്ഷപ്പെട്ടതായി സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്റെ ഇംഫാൽ ഈസ്റ്റിലുള്ള വീടിനുനേരെ ആക്രമണമുണ്ടായി. മന്ത്രി വീടിനകത്തുണ്ടായിരിക്കേയാണ് ആക്രമണം.

ബിഷ്ണപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ വീടിനുനേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പ്രദേശവാസികളെ അക്രമത്തിൽനിന്ന് സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു സ്ത്രീകൾ അടക്കമുള്ള സംഘം മന്ത്രിയുടെ വീടാക്രമിച്ചത്.

അതിനിടെ, കലാപത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം രാജിവെക്കേണ്ടിവരുമെന്നും ബിജെപി എംഎ‍ൽഎമാർ അമിത് ഷായെ അറിയിച്ചു. മെയ്‌തേയി വിഭാഗത്തിൽപെട്ട ബിജെപിയുടെ 10ഉം നാഷനൽ പീപ്ൾസ് പാർട്ടി, നാഗ പീപ്ൾസ് ഫ്രണ്ട് എന്നിവരുടെ രണ്ടുവീതം എംഎ‍ൽഎമാരുമാണ് അമിത് ഷായുടെ ഗുവാഹതി സന്ദർശത്തിനിടെ കണ്ടത്. ഗോത്ര വിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകാനുള്ള 10 വർഷം മുമ്പേയുള്ള തീരുമാനം നടപ്പാക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതാണ് അക്രമങ്ങൾക്ക് ഇടയാക്കിയത്. മെയ്‌ നാലിനാണ് മണിപ്പൂരിൽ അക്രമം തുടങ്ങിയത്.