- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലില്‍ വെടിവച്ചിട്ട് ബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തി കൊല്ലുക; മണിപ്പൂരില്‍ പക തീര്‍ക്കാന്‍ വേട്ടയാടുന്നത് സ്ത്രീകളെ; മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 10 പേര്‍; മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ല; അശാന്തി വിതച്ച് പകയുടെ കനലുകള്‍ ആളിക്കത്തുന്നു
മണിപ്പൂരില്‍ പക തീര്‍ക്കാന്‍ വേട്ടയാടുന്നത് സ്ത്രീകളെ
ഇംഫാല്‍: കുക്കികളും സുരക്ഷാ സേനയും തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മണിപ്പൂരിലെ ജിരിബത്തില്‍ നിന്നും മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ല. കുട്ടികളില്‍ രണ്ടുവയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടുവെന്നും ഇവര്‍ക്ക് അസം അതിര്‍ത്തിക്ക് അടുത്തുള്ള ജിരിബാമില്‍ കുഴപ്പം സൃഷ്ടിക്കാനുള്ള വെടിക്കോപ്പുകള്‍ ഉണ്ടായിരുന്നുവെന്നും മണിപ്പൂര്‍ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, പൊലീസ് ഭാഷ്യം പോലെ ഇവര്‍ കുക്കി കലാപകാരികളല്ല, ഗ്രാമീണ വോളണ്ടിയര്‍മാര്‍ ആണെന്ന് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ അവകാശപ്പെട്ടു. 10 പേരുടെ കൊലയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.
'കാണാതായവര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. മൂന്നുകുട്ടികളെയും മൂന്നു സ്ത്രീകളെയും കാണാനുണ്ട്. അസം റൈഫിള്‍സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് എന്നീ വിഭാഗങ്ങള്‍ വെടിവെപ്പുണ്ടായാല്‍ തിരിച്ചടിക്കും', മണിപ്പൂര്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു.
ഇന്നലെ മുതല്‍ ആകെ 13 ഓളം പേരെ കാണാന്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേരെ കണ്ടുപിടിച്ചു. ആറുപേരെ കണ്ടുകിട്ടാനുണ്ട്, പൊലീസ് വ്യക്തമാക്കി. മെയ്ത്തി സമുദായത്തിലെ രണ്ടുമുതിര്‍ന്ന പൗരന്മാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമികള്‍ തീവച്ച കെട്ടിടത്തിനുള്ളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ, ബോരോബെക്ര പൊലീസ് സ്റ്റേഷന് നേരേയുള്ള ആക്രമണത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് അത് ഏതാനും മീറ്റര്‍ അകലെയുള്ള സി ആര്‍ പി എഫ് ക്യാമ്പിന് നേരേയായി. അക്രമികളുടെ പക്കല്‍ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറും, എകെ അസോള്‍ട്ട് റൈഫിളുകളും ഉണ്ടായിരുന്നു. സി ആര്‍ പി എഫ് തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു. അതിനുശേഷം 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പൊലീസ് സ്റ്റേഷനും സി ആര്‍ പി എഫ് ക്യാമ്പിനു മധ്യേയുളള ചെറിയ വാസകേന്ദ്രത്തിന് നേരേ ആക്രമണം അഴിച്ചുവിട്ട കുക്കികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടു.
ചില നഗരങ്ങളില്‍ മെയ്ത്തികള്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തി. ഇംഫാല്‍ താഴ് വരയില്‍ നിശ്ശബ്ദ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച മെയ്ത്തികള്‍ എന്നുസംശയിക്കുന്നവര്‍ ജിരിബത്തിലെ മാര്‍ ഗോത്രവിഭാഗത്തിന്റെ ഗ്രാമം ആക്രമിച്ചതോടെയാണ് പുതിയ സംഭവപരമ്പരകള്‍ക്ക് തുടക്കം. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സ്്ത്രീയെ കാലില്‍ വെടിവച്ചിട്ട ശേഷം ബലാല്‍സംഗം ചെയ്ത് തീയിട്ട് കൊല്ലുകയായിരുന്നെന്ന് അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ആ ആക്രമണത്തെ കുറിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ മൗനം പാലിച്ചെന്നാണ് കുക്കി സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. ഇതിന് പകരമായി അടുത്ത ദിവസം മെയ്ത്തി വിഭാഗത്തില്‍ പെട്ട സ്ത്രീയെ വയലില്‍ ജോലിയെടുക്കുന്നതിനിടെ കുക്കി വിഭാഗത്തില്‍ പെട്ട അക്രമകാരികള്‍ വെടിവച്ചുകൊല്ലുകയായിരുന്നു.
എന്തായാലും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജനജീവിതം വീണ്ടും താറുമാറായി.