- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനീഷ് സിസോദിയയ്ക്ക് ഇ.ഡിയുടെ കുരുക്ക്; സിബിഐ കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അപ്രതീക്ഷിത അറസ്റ്റ്; നടപടി, കള്ളപ്പണ ഇടപാടുകളിൽ തിഹാർ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്ത ശേഷം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ ആംആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ടുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് സിസോദിയയെ ഇ.ഡി. അറസ്റ്റ് ചെയ്തത്. സിബിഐ കോടതി നാളെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിത അറസ്റ്റ്.
കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. തുടർന്നാണ് ഇപ്പോൾ അറസ്റ്റിലേക്ക് എത്തിയിരിക്കുന്നത്.
സിബിഐ കേസിൽ വെള്ളിയാഴ്ച സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് ഇ.ഡിയുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. നാളെ അദ്ദേഹത്തെ ഇ.ഡി. കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
മനീഷ് സിസോദിയയെ തിഹാർ ജയിലിലെത്തി ഇ.ഡി വീണ്ടും ചോദ്യം ചെയ്തിരുന്നു. ഡൽഹി മദ്യനയത്തിൽ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ചാണ് ചോദ്യംചെയ്യൽ. 100 കോടി കൈക്കൂലി വാങ്ങി മദ്യ വ്യവസായികൾക്ക് അനുകൂലമായി മദ്യനയം രൂപീകരിച്ചുവെന്നാണ് ആരോപണം.
വിഷയത്തിൽ പലതലത്തിൽ സിസോദിയയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി പലതവണ ഫോൺ മാറ്റുക, ലാഭ വിഹിതം അഞ്ച് ശതമാനത്തിൽ നിന്ന് ഇതുവരെയില്ലാത്തവിധം 12 ശതമാനമാക്കി ഉയർത്തുക, ദക്ഷിണേന്ത്യൻ ഗ്രൂപ്പുകൾ എ.എ.പി നേതാവിനു വേണ്ടി വിജയ് നായർക്ക് പണം നൽകുക, നയം മാറ്റം സംബന്ധിച്ച് തീരുമാനം തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യം ചെയ്യൽ.
വെള്ളിയാഴ്ചതന്നെ സിസോദിയയെ ഇഡി കോടതിയിൽ ഹാജരാക്കിയേക്കും. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ ഇഡി തിഹാർ ജയിലിൽ പോയി ചോദ്യം ചെയ്തിരുന്നു. സിബിഐ കേസിൽ അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് ജയിലിലെത്തി ചോദ്യം ചെയ്യുന്നത്.
ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ അദ്ദേഹം ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
2021 നവംബറിൽ നടപ്പാക്കിയ മദ്യനയത്തിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ ലഫ്. ഗവർണർ വി.കെ.സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നാലെ മദ്യനയം പിൻവലിച്ചു. കേസിൽ ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ