- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; മാർച്ച് നാലിന് ഹാജരാക്കാൻ നിർദേശിച്ചു സിബിഐ കോടതി; ഗൂഢാലോചന നടന്നത് അതീവ രഹസ്യമായി, സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന സിബിഐ ആവശ്യം അംഗീകരിച്ചു; തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്ന് വാദിച്ചു സിസോദിയ
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു സിബിഐ കോടതി. സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മാർച്ച് നാലിന് രണ്ട് മണിക്ക് കോടതിയിൽ വീണ്ടും ഹാജരാക്കാൻ കോടതി നിർദേശിച്ചു. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായെന്നും അന്വേഷണം മുന്നോട്ട് പോകാൻ മനീഷ് സിസോദിയയെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് സിബിഐ കോടതിയിൽ ആവശ്യപ്പെ്ട്ടത്. ഈ ആവശയം കോടതി അംഗീകരിച്ചു. സിബിഐ ജഡ്ജ് എം കെ നാഗ്പാലാണ് കേസ് പരിഗണിച്ചത്.
എന്നാൽ തനിക്കെതിരായ തെളിവ് ഹാജരാക്കണമെന്നായിരുന്നു മനീഷ് സിസോദിയയുടെ വാദം. തന്നെ പ്രതിയാക്കാൻ ഏത് ഫോൺകോളാണ് തെളിവെന്നും സിസോദിയ ചോദിച്ചു. മുതിർന്ന അഭിഭാഷകൻ ദയൻ കൃഷ്ണനാണ് സിസോദിയക്ക് വേണ്ടി ഹാജരായത്. മനീഷ് സിസോദിയയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധമാണ് എഎപി ഇന്ന് ഉയർത്തിയത്. ഡൽഹിയിലെ എഎപി ഓഫീസിന് മുന്നിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മദ്യ നയ കേസിൽ അറസ്റ്റിലാകുന്ന ഡൽഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജമാണെന്നും എത്ര മാസം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പ്രതികരിച്ചിരുന്നു. സിസോദിയയുടെ അറസ്റ്റിനെ തുടർന്ന് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. മനീഷ് സിസോദിയയുടെ ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ല എന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനോട് മനീഷ് സിസോദിയ സഹകരിച്ചിരുന്നില്ലായെന്നും ഉദ്യോഗസ്ഥരുടെ പ്രധാന ചോദ്യങ്ങളോടും തെളിവുകളോടും വ്യക്തതയില്ലാത്ത രീതിയിലായിരുന്നു പ്രതികരണമെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
ബെംഗളൂരു, ചണ്ഡിഗഢ്, ഭോപാൽ തുടങ്ങിയിടങ്ങളിലും അറസ്റ്റിനെതിരേ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. പ്രതിഷേധം തടയിടുന്നതിനായി 1500 പൊലീസ് - പാരാമിലിട്ടറി ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് അധികമായി വിന്യസിച്ചത്. എ.എ.പി. നേതാവ് സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ള 80 ശതമാനത്തോളം വരുന്ന നേതാക്കളെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.
വിവാദ മദ്യനയം തയാറാക്കി,മദ്യ വ്യവസായികൾക്ക് 143.4 കോടിയുടെ നിയമവിരുദ്ധ ഇളവുകൾ അനുവദിച്ചു, മദ്യനയം മാറ്റിയതു വഴി ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കിയെന്നും ഇടപാടുകൾക്ക് ഒട്ടേറെ ഫോണുകൾ ഉപയോഗിച്ചുവെന്നുമാണ് സിസോദിയക്കെതിരായ ആരോപണങ്ങൾ. 1.38 കോടി രൂപയുടെ ഫോണുകൾ നശിപ്പിച്ചെന്നുമാണ് സിബിഐയുടെ ആരോപണം.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നു എന്നുള്ള ആരോപണം ശക്തമാകുന്നതിനിടെയാണ് സിസോദിയയുടെ അറസ്റ്റും.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ മുന്നേറ്റം തടയാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു കഴിഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ സാദ്ധ്യതകളെയും ഭാവിയെയും തന്നെ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ് സിസോദിയുടെ പേരിലുള്ള കേസും അറസ്റ്റും.
രണ്ട് മുതിർന്ന നേതാക്കളായ സത്യേന്ദർ ജെയിൻ, മനീഷ് സിസോദിയ എന്നിവർ ഒരു വർഷത്തിനുള്ളിൽ അറസ്റ്റിലായത് ഡൽഹി സർക്കാരിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. പാർട്ടിയുടെ ജനപ്രീതിക്കും തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയത്തിനും സംഭാവന നൽകിയ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലെ വിജയകരമായ പ്രവർത്തനങ്ങൾക്ക് സിസോദിയയെയും ജെയിനിനെയും എ എ പി പ്രശംസിക്കുകയും ചെയ്തിരുന്നു. ആ ബുദ്ധികേന്ദ്രങ്ങളെ ഒന്നൊന്നായി പൂട്ടിയിരിക്കുകയാണ് അന്വേഷണ ഏജൻസികൾ.
വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം, നഗരവികസനം, വ്യവസായം, ഊർജം തുടങ്ങി എഎപി സർക്കാരിന്റെ പ്രധാന വകുപ്പുകളുടെ ചുമതല മനീഷ് സിസോദിയയ്ക്കാണ്. ഒരു മന്ത്രിക്കും പ്രത്യേകമായി അനുവദിച്ചിട്ടില്ലാത്ത മറ്റെല്ലാ വകുപ്പുകളുടെയും ചുമതല വഹിക്കുന്നതും അദ്ദേഹമാണ്. 2023-24 ലേക്കുള്ള ബഡ്ജറ്റിന്റെ പണി ഏറക്കുറെ മുഴുവൻ പൂർത്തിയായെന്നാണ് റിപ്പോർട്ട്. അതിനുവേണ്ടിയാണ് ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചതും. അടുത്തമാസം സിസോദിയ ബഡ്ജറ്റ് അവതരിപ്പിക്കും എന്നുതന്നെയാണ് എ എ പി കരുതുന്നത്.
മറുനാടന്‍ മലയാളി ബ്യൂറോ