പത്തനംതിട്ട: കിഴക്കൻ മലയോര മേഖലയിൽ മഴ കനത്തു പെയ്യുമ്പോൾ മണിയാർ ബാരേജിന്റെ ഷട്ടറുകൾ അപകടാവസ്ഥയിൽ. ഒരു ചെറിയ മഴ പെയ്താൽപ്പോലും നിറയുന്ന ബാരേജിന്റെ ഷട്ടറുകൾ യഥാസമയം ഉയർത്താൻ വൈകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. ഷട്ടറുകളുടെ കാലപ്പഴക്കം മൂലം ഉയർത്താൻ കഴിയില്ലെന്ന വാർത്ത പുറത്തു വന്നതോടെ പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഇടപെട്ടു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു ഹാജരായി സംഭവം വിശദീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിൽ ജലസേചന വകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. സ്വകാര്യ കമ്പനിക്ക് കരാർ നൽകി രണ്ട് വർഷമാകുമ്പോഴും ഷട്ടറുകളിൽ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകട ഭീഷണി നിലനിൽക്കുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. കനത്ത മഴ ഇതു പോലെ തുടർന്നാൽ ബാരേജ് നിറയും. അധികമായുള്ളത് ഒഴുക്കി വിട്ട് ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാൽ അഞ്ചെണ്ണത്തിന്റെയും അവസ്ഥ പരിതാപകരമാണ്. ഒന്നും മൂന്നും ഷട്ടറുകൾ ഉയർത്തണമെങ്കിൽ ജീവനക്കാർ പെടാപ്പാട് പെടണം. രണ്ട്, നാല് ഷട്ടറുകൾക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടർ തെന്നിമാറി ഒരു വശത്തേക്ക് പോയി. തുറക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്.

കാലപ്പഴക്കം ചെന്ന അഞ്ച് ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത് സ്ഥാപിക്കാൻ പ്രളയശേഷം തീരുമാനമെടുത്തതാണ്. ഒടുവിൽ, 2022 ജൂലൈയിൽ കൊൽക്കത്ത ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ആറു കോടി ചെലവിൽ കരാർ നൽകി. എന്നാൽ ഷട്ടർ ഗേറ്റുകൾ മണിയാറിൽ എത്തിച്ചതല്ലാതെ ഒരു പണിയും നടന്നില്ല. വീണ്ടുമൊരു മഴക്കാലമെത്തുമ്പോൾ പഴകിയ ഷട്ടറുകൾ വച്ചു തന്നെ ഉദ്യോഗസ്ഥർക്ക് ജലനിരപ്പ് ക്രമീകരിക്കേണ്ട ദുരവസ്ഥ, ഒപ്പം ജനങ്ങളും കടുത്ത ആശങ്കയിലാണ്.

പമ്പ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മണിയാർ ബാരേജിലേക്ക്, രണ്ട് സ്വകാര്യ ജലവൈദ്യുത പദ്ധതികളിലെ വെള്ളം കൂടി എത്തും. അതിതീവ്രമഴ വന്നാൽ അത്ര പെട്ടെന്ന് പഴക്കംചെന്ന ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കാൻ പറ്റുമോയെന്നാണ് ആശങ്ക. കരാറെടുത്ത കമ്പനിയെ കൊണ്ട് തന്നെ ഉടൻ അറ്റകുറ്റപ്പണി നടത്തുമെന്നും ഓഗസ്റ്റിൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുമെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നുമാണ് ഉദ്യോഗസ്ഥ വിശദീകരണം.

കരാറുകാരനെ കൊണ്ട് കൃത്യമായി ജോലികൾ പൂർത്തിയാക്കാത്ത ജലസേചന വകുപ്പിന്റെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.