കവന്‍ട്രി: കോട്ടയം കൈപ്പുഴക്കാരനായ സോജന്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലിമെന്റ് ഇലക്ഷനില്‍ ഇക്കഴിഞ്ഞ ജൂലൈ നാലിന് നടത്തിയ അട്ടിമറി വിജയം അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഐറിഷ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പാലക്കാരിയായ മഞ്ജു ദേവി ആവര്‍ത്തിക്കുമോ? യുകെയിലെ മലയാളികള്‍ നേടിക്കൊണ്ടിരിക്കുന്ന ചരിത്രപരമായ നേട്ടങ്ങള്‍ ലോകമെങ്ങും പ്രവാസി സമൂഹത്തെ ആവേശം കൊള്ളിക്കുമ്പോള്‍ ബ്രിട്ടനോട് ചേര്‍ന്ന് കിടക്കുന്ന അയര്‍ലണ്ടിലും ആവര്‍ത്തിക്കും എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സോജന്‍ ശക്തമായ ഭരണ വിരുദ്ധ വികാരത്തില്‍ ജയിച്ചു കയറിയാണ് അട്ടിമറി സൃഷ്ടിച്ചതെങ്കില്‍ തൂക്ക് മന്ത്രിസഭയിലെ ഭരണകക്ഷി പ്രതിനിധിയായാണ് മഞ്ജുദേവി മത്സരിക്കുന്നത് എന്നതാണ് പ്രത്യേകത.

മാത്രമല്ല ഐറിഷ് തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ നിന്നും മൂന്നു പേരെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കാന്‍ അവസരം ഉള്ളപ്പോള്‍ തന്റെ പാര്‍ട്ടിയിലെ തന്നെ ശക്തനായ മന്ത്രി ദാറ ഒബ്രിയാന് ഒപ്പമാണ് മത്സരം എന്നതാണ് വലിയ പ്രത്യേകത. തദ്ദേശീയരുടെ കുടിയേറ്റ വിരുദ്ധത ഉണര്‍ന്നില്ലെങ്കില്‍ സുരക്ഷിതമായി ജയിച്ചു കയറാവുന്ന അനുകൂല സാഹചര്യവുമാണ് മഞ്ജുവിനെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ അടുത്ത വെള്ളിയാഴ്ച ചരിത്രം ഒരിക്കല്‍ കൂടി പ്രവാസി മലയാളി സമൂഹത്തിനു മുന്നില്‍ വഴിമാറി നില്‍ക്കും എന്നുറപ്പാണ്.

തികച്ചും അവിചാരിതം, അവസരം വന്നത് ക്രിക്കറ്റ് ക്ലബിലൂടെ

ഡബ്ലിനിലെ മറ്റെര്‍ ആശുപത്രിയില്‍ സീനിയര്‍ നഴ്‌സ് അയി ജോലി ചെയ്യുന്ന മഞ്ജു ദേവിയെ തേടി അനേകായിരങ്ങള്‍ കൊതിക്കുന്ന മത്സരാവസരം എത്തിയത് തികച്ചും ആകസ്മികമായാണ്. ഇന്നേവരെ രാഷ്ട്രീയത്തിന്റെ ഏഴയലത്തു പോകാതിരുന്ന മഞ്ജു ഭരണക്ഷിയായ ഫിയാന ഫെയ്ല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണായക ഘട്ടങ്ങള്‍ എല്ലാം അതിസൂക്ഷ്മമായി കടന്നാണ് ഇപ്പോള്‍ ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥിയാകാനില്ല യോഗ്യത നിശ്ചയിക്കാനുള്ള മൂന്നും നാലും വട്ട അഭിമുഖങ്ങള്‍ നേരിടുമ്പോഴും താന്‍ തന്നെ ആകുമോ സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ സംശയം ആയിരുന്നു എന്നാണ് മഞ്ജു ദേവി മറുനാടന്‍ മലയാളിയോട് വ്യക്തമാക്കിയത്.


യുകെയില്‍ ഇത്തരം അവസരം തേടി അര ഡസനിലേറെ മലയാളികള്‍ പാര്‍ട്ടികള്‍ക്ക് മുന്നില്‍ എത്തിയപ്പോഴും ആഷ്ഫോഡില്‍ സോജനൊപ്പം ബോള്‍ട്ടണിലെ ഫിലിപ് കൊച്ചൂട്ടിയും സൗത്ത് ഗേറ്റില്‍ എറിക് സുകുമാരനും ആണ് മത്സര യോഗ്യത നേടിയത്. ലേബറിന് വേണ്ടി മത്സരിച്ച സോജന്‍ ജയിച്ചു കയറിയപ്പോള്‍ മറ്റു രണ്ടുപേരും പരാജയമടയുക ആയിരുന്നു. ഇവര്‍ മൂന്നു പേരും വര്‍ഷങ്ങളായി യുകെയിലെ രാഷ്ട്രീയ പരിസരത്തു നിന്നുമാണ് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ എത്തിയതെങ്കില്‍ മഞ്ജുവിന്റെ കാര്യത്തില്‍ ആ നേട്ടവും പറയാനില്ല.

പക്ഷെ ഏറെക്കാലമായി രാഷ്ട്രീയം പറയുന്ന ഒരാളെക്കാളും മികവോടെയാണ് മഞ്ജു ഇപ്പോള്‍ തന്റെ മണ്ഡലത്തിന്റെ വിഷയങ്ങള്‍ ഏറ്റെടുത്തു പ്രചാരണ രംഗത്ത് മുന്നേറുന്നത്. ഓരോ വാക്കും അളന്നു കുറിച്ച് പറയുന്ന മഞ്ജുവിന് ഒപ്പം പ്രചാരണ രംഗത്ത് മലയാളികളും തദ്ദേശീയരും സജീവം തന്നെയാണ്. ആഷ്ഫോഡില്‍ സോജന്‍ നേടിയ വിജയം ഡബ്ലിനിലെ മലയാളികളെയും ആവേശം കൊള്ളിക്കുന്നു എന്ന് വ്യക്തമാണ്.

മഞ്ജുവിന്റെ ഭര്‍ത്താവ് ശ്യാം മോഹന്‍ പ്രദേശത്തെ ക്രിക്കറ്റ് ക്ലബില്‍ സജീവമായ അംഗമാണ്. നോര്‍ത്ത് ഡബ്ലിനിലെ ഫിംഗ്ലസ് ക്രിക്കറ് ക്ലബ് സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് ശ്യാം. ഒരിക്കല്‍ ക്ലബില്‍ നടന്ന ചര്‍ച്ചയില്‍ ആന്ധ്രാ സ്വദേശിയായ ഫിയാന ഫെയ്ല്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ പാര്‍ട്ടി ഒരു വനിതയെ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നു, മഞ്ജുവിന് താല്‍പര്യമുണ്ടോ എന്ന ചോദ്യമാണ് ഇന്ന് ഡബ്ലിനിലെ പ്രസ്റ്റീജ് സീറ്റില്‍ മലയാളി വനിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കാരണമായി മാറിയത്.

നഴ്സുമാര്‍ പൊതുരംഗത്ത് സജീവമാകുന്ന സാഹചര്യം, ഇത് നമുക്ക് തിരികെ നല്‍കാനുള്ള അവസരമെന്നു മഞ്ജു


വിദേശത്തു പോകാന്‍ ആഗ്രഹിക്കുന്ന ഓരോ മലയാളി നഴ്സിനും മുന്‍പില്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടാനുള്ള അനേകം വിജയകഥകളില്‍ ഏറ്റവും ലേറ്റസ്റ്റ് എപ്പിസോഡുകളാണ് സോജന്റെയും മഞ്ജുവിന്റെയുമൊക്കെ പൊതു രംഗത്തെ നേട്ടങ്ങള്‍. ഇന്ത്യയിലോ, എന്തിനു പുരോഗമന നാടെന്നു വിളിക്കപ്പെടുന്ന കേരളത്തില്‍ പോലുമോ ഫുള്‍ ടൈം രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ യോഗ്യത നോക്കി പൊതു രംഗങ്ങളില്‍ സ്വീകാര്യത ലഭിക്കാത്ത ഇക്കാലത്തു തന്നെയാണ് രണ്ടു നഴ്സുമാര്‍ പാര്‍ലമെന്റ് മത്സരത്തില്‍ ബ്രിട്ടനിലും അയര്‍ലണ്ടിലും ശ്രദ്ധ നേടുന്നത് എന്നതാണ് കൗതുകമുണര്‍ത്തുന്നത്. വെള്ളിയാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ മഞ്ജു ദേവി ജയിച്ചാല്‍ അടുത്തടുത്ത രാജ്യങ്ങളില്‍ സമപ്രായക്കാരായ രണ്ടു മലയാളികള്‍ ചരിത്ര സൃഷ്ടിക്കിറങ്ങി എന്ന ഖ്യാതിയും കൂട്ടിനുണ്ടാകും. ഭാവിയില്‍ അനേകം പേര്‍ക്ക് വഴികാട്ടികളാകാന്‍ സോജനും മഞ്ജുവിനും കഴിയുകയും ചെയ്യും.

പാലായിലെ ഹവില്‍ദാര്‍ മേജര്‍ കെ എം ബി ആചാരിയുടെ മകളായ മഞ്ജു നാലു വര്‍ഷം സൗദിയില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നഴ്‌സ് ആയ ശേഷമാണ് അയര്‍ലണ്ടില്‍ എത്തുന്നത്. ഇപ്പോള്‍ 19 വര്‍ഷത്തെ യൂറോപ്യന്‍ പ്രവാസത്തില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങള്‍ തന്നെയാണ് മഞ്ജുവിന് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മുതല്‍കൂട്ടാകുന്നത്. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും നല്‍കിയ നാടിനു തിരിച്ചെന്തെങ്കിലും നല്‍കാനുള്ള അവസരമായാണ് നമ്മള്‍ ഇത്തരം സാഹചര്യങ്ങളെ കാണേണ്ടത് എന്നും മഞ്ജു മറുനാടന്‍ മലയാളിയോട് വ്യക്തമാക്കി.

പ്രധാനമായും പൊതു രംഗത്ത് ഉള്ളവര്‍ക്ക് യൂറോപ്യന്‍ നാടുകളില്‍ നിസ്വാര്‍ത്ഥ സേവനത്തിനു ആണ് അവസരം ലഭിക്കുന്നത് എന്നതിനാല്‍ സാമൂഹ്യ ബോധം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നവരെ രാഷ്ട്രീയത്തിന്റെ വഴികളില്‍ എത്താറുള്ളൂ. എന്നാല്‍ സ്വാഭാവികമായ കര്‍മശേഷിയും നേതൃത്വ ശേഷിയും ഭാഷ നൈപുണ്യവും ഉള്ള മലയാളികള്‍ക്ക് യൂറോപ്പിലെ രാഷ്ട്രീയ രംഗത്ത് അത്ഭുതങ്ങള്‍ കാട്ടാനാകും എന്ന സൂചന കൂടിയാണ് ഇപ്പോള്‍ സോജനിലൂടെയും മഞ്ജുവിലൂടെയും തെളിയുന്നത്.

ഫിനഗേല്‍ ഈസ്റ്റില്‍ നൂറുകണക്കിന് മലയാളി വോട്ടര്‍മാര്‍, മറവി കാരണം പലര്‍ക്കും വോട്ടില്ല

അതേസമയം ഏകദേശം അഞ്ഞൂറിന് അടുത്ത വോട്ടുകളാണ് ഡബ്ലിനിലെ ഫിനഗേല്‍ ഈസ്റ്റ് മണ്ഡലത്തില്‍ മലയാളികള്‍ക്കുള്ളത്. ഈ മാസം 12 ആയിരുന്നു വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസരം. പക്ഷെ മഞ്ജു വോട്ടു ചോദിച്ചെത്തുമ്പോള്‍ ആണ് പല മലയാളികളും വോട്ടേഴ്സ് ലിസ്റ്റില്‍ തങ്ങളുടെ പേരില്ലെന്ന് തിരിച്ചറിയുന്നത്. പേര് ചേര്‍ക്കാന്‍ മറന്നതാണ് പ്രധാന കാരണം. ഒരു മണ്ഡലത്തില്‍ നിന്നും മൂന്നു പേരെ തിരഞ്ഞെടുക്കണം എന്നതിനാല്‍ ഓരോ മലയാളിയും മഞ്ജുവിന് ഒന്ന് എന്ന നമ്പര്‍ രേഖപ്പെടുത്തി വേണം വോട്ടു രേഖപ്പെടുത്താന്‍. ഏറ്റവും കൂടുതല്‍ ഒന്നാം വോട്ട് ലഭിക്കുന്ന മൂന്നു പേരെയാണ് തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കുക. അതിനാല്‍ ഓരോ വോട്ടും നിര്‍ണായകവുമാണ്.

പാര്‍ട്ടി അടിസ്ഥാനത്തില്‍ മന്ത്രി ഒബ്രിയാനു കിട്ടുന്ന വോട്ടുകള്‍ക്കൊപ്പം മഞ്ജുവിനും വോട്ട് കയറും എന്നാണ് പ്രതീക്ഷ. മണ്ഡല പുനര്‍നിര്‍ണയത്തില്‍ പുതിയ സീറ്റ് ആയി എത്തിയിരിക്കുന്ന ഈസ്റ്റ് ഫിനഗേല്‍ മണ്ഡലത്തില്‍ മുന്‍ വര്‍ഷങ്ങളിലെ വോട്ടിങ് പാറ്റേണ്‍ നോക്കി ആര് ജയിക്കും എന്ന പ്രവചനവും എളുപ്പമല്ല. ഏകദേശം 92,000ത്തിലേറെ ആളുകള്‍ ഉള്ള ഇവിടെ കുടിയേറ്റം പ്രധാന ചര്‍ച്ച വിഷയവുമാണ്. ഉക്രെയിന്‍ യുദ്ധം രൂക്ഷമായപ്പോള്‍ അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്ന അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ യുക്രൈന്‍ നിവാസികള്‍ എത്തിയതും ഈസ്റ്റ് ഫിനഗേല്‍ മണ്ഡലത്തിലാണ്. അതിനാല്‍ സ്വാഭാവികമായ ഒട്ടേറെ പ്രശ്‌നങ്ങളും ഈ മണ്ഡലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.


കൂടുതല്‍ വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഗതാഗത സൗകര്യം എന്ന് മാത്രമല്ല അടിസ്ഥാന വികസനത്തില്‍ പോലും മണ്ഡലത്തില്‍ ഭരണകക്ഷി വെല്ലുവിളി നേരിടുന്ന സാഹചര്യമുണ്ട്. ഡബ്ലിനിലേക്ക് നേരിട്ടെത്താന്‍ മെട്രോ റെയില്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ ബസിനെ ആശ്രയിക്കേണ്ടത് അടക്കം പ്രാദേശിക വിഷയങ്ങളും ഏറെയാണ് തിരഞ്ഞെടുപ്പില്‍. എങ്കിലും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി വിജയിച്ചു കയറാം എന്ന പ്രതീക്ഷയാണ് മുതിര്‍ന്ന നേതാവ് ഒബ്രിയാനും പുതുമുഖ സ്ഥാനാര്‍ത്ഥി മഞ്ജുവും പങ്കിടുന്നത്. മൂന്നു പേരെ ആവശ്യമായ മണ്ഡലത്തില്‍ 15 പേരാണ് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്.

പ്രാദേശിക മാധ്യമ വിലയിരുത്തലില്‍ കഴിഞ്ഞ തവണ വിജയിച്ച ഒബ്രിയാന്‍, കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട ഫൈന്‍ ഗെയ്ല്‍ സ്ഥാനാര്‍ത്ഥി അലന്‍ ഫാരെല്‍, ലേബര്‍ സ്ഥാനാര്‍ത്ഥി ഡങ്കന്‍ സ്മിത് എന്നിവരാണ് ഇപ്പോള്‍ ട്രെന്റിങ്ങില്‍ മുന്നില്‍. മഞ്ജുവിന് ഇവര്‍ക്കൊപ്പം ഓടിക്കയറണമെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കേണ്ടതുണ്ട്. അതിനുള്ള തീവ്ര ശ്രമത്തിലാണ് പ്രദേശത്തെ മലയാളി സമൂഹം. ഓരോ വീടും കയറിയിറങ്ങിയുള്ള ശക്തമായ പ്രചാരണത്തിലാണ് മഞ്ജുവും സുഹൃത്തുക്കളും.