തൃശൂർ: പൊതുവേദിയിൽ സീരിയൽ താരങ്ങളെ കുറിച്ച് മോശം പരാമർശം നടത്തിയ സിപിഎം നേതാവിന് അതേ വേദിയിൽ മറുപടി നൽകി നടി മഞ്ജു പത്രോസ്. തൃശ്ശൂർ പെരുമ്പിലാവിൽ നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിലാണ് സംഭവം. സിപിഎം തൃശൂർ ജില്ല കമ്മറ്റി അംഗമാണ് മോശം പരാമർശം നടത്തിയെന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിന്റെ വീഡിയോ നടൻ സാജൻ സൂര്യയാണ് ഇൻസ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ടത്.

അഭിനയം എന്നത് ഒരു തൊഴിൽ മേഖലയാണെന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നിൽ എത്താൻ എളുപ്പല്ലെന്നും മഞ്ജു പറഞ്ഞു. ഈ വീഡിയോയിൽ മഞ്ജു സംസാരിക്കുന്ന ഭാഗം മാത്രമാണുള്ളത്. 'സീരിയൽ താരങ്ങൾ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല' എന്നായിരുന്നു രാഷ്ട്രീയ നേതാവ് പറഞ്ഞത്. സാറിന് ഞങ്ങളെ ഇഷ്ടമല്ലാത്തത് അഭിനയിക്കുന്നതുകൊണ്ടാണോ അതോ സാർ സീരിയൽ കാണാഞ്ഞിട്ടാണോ എന്നറിയില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

 
 
 
View this post on Instagram

A post shared by Sajansooreya Sooreya (@sajansooreya)

എന്തുതന്നെയായാലും സീരിയൽ ഒരു തൊഴിൽ മേഖലയാണെന്നും ഒരു മേഖലയിലും മുമ്പിലെത്താൻ അത്ര എളുപ്പമല്ലെന്നും മഞ്ജു പറയുന്നു. തനിക്ക് കൃഷി ഇഷ്ടമല്ലെന്ന് കരുതി ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാമെന്നും മഞ്ജു പ്രസംഗത്തിൽ വ്യക്തമാക്കിയത്.

ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ ആ വേദിയിൽവച്ച് ഉയർത്തിപ്പിടിച്ച മഞ്ജു പത്രോസിനു അഭിനന്ദനങ്ങൾ എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കിഷോർ സത്യ എഴുതിയത്. കഴിഞ്ഞ ദിവസം കുന്നംകുളത്ത് കുടുംബശ്രീയുടെ ഒരു പരിപാടിയിൽ ക്ഷണിച്ചതനുസരിച്ചു അഭിനേത്രി മഞ്ജു പത്രോസ് പങ്കെടുത്തു. എന്നാൽ ആ പ്രോഗ്രാമിൽ പങ്കെടുത്ത ഒരു രാഷ്ട്രീയ നേതാവ് ടെലിവിഷൻ പരമ്പരകളെയും സീരിയൽ നടിമാരെയും അപമാനിക്കുന്ന തരത്തിൽ വേദിയിൽ വച്ച് സംസാരിക്കുകയുണ്ടായി.

വേദനിച്ചെങ്കിലും തെല്ലും കൂസാതെ അദ്ദേഹത്തിന് മഞ്ജു വേദിയിൽ വച്ച് തന്നെ മറുപടി പറഞ്ഞു. സദസിലെ സ്ത്രീ കൂട്ടായ്മ കൈയടികളോടെ അവരുടെ വാക്കുകളെ സ്വീകരിച്ചു. സ്ത്രീ ശക്തീകരണത്തിന്റെ മുഖമുദ്രയായ കുടുംബശ്രീ പരിപാടിയിൽ വച്ചാണ് മഞ്ജുവിന് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നുവെന്നത് ഒരു കാവ്യനീതിയാവാം. സിനിമയോ നാടകമോ സീരിയലോ കാണുകയോ കാണാതിരിക്കുകയുയോ ചെയ്യാം. അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥിയായി ഒരു പരിപാടിയിൽ പങ്കെടുക്കുന്ന കലാകാരനെയോ കലാകാരിയെയോ തന്റെ വ്യക്തിഗത ഇഷ്ടക്കേടിന്റെ പേരിൽ അപമാനിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ് എന്നും കിഷോർ സത്യ എഴുതിയിരിക്കുന്നു.

വീഡിയോ പോസ്റ്റ് ചെയ്ത് സാജൻ സൂര്യയും നീണ്ട കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 'പെരുമ്പിലാവിൽ നടന്ന ഒരു പൊതു പരിപാടിയിൽ സിനിമ സീരിയൽ നടി മഞ്ജു പത്രോസിനെ വേദിയിൽ ഇരുത്തിക്കൊണ്ട് ''സീരിയൽ നടികളെ ഇകഴ്‌ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു. പരിപാടിയുടെ പേര് ' പെൺവെട്ടം'' എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ. ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന്. ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ഠഢയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം'-സാജൻ സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.