കൊച്ചി: വഞ്ചനാക്കേസിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടയുമ്പോൾ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള നീക്കവും സജീവം. സിനിമാ മേഖലയിലെ ഉന്നതർ ഇതിന് പിന്നിലുണ്ട്. മുൻകൂർ ജാമ്യ ഹർജിയിൽ ചില സൂചനകൾ സൗബിനും സുഹൃത്തും പറയുന്നുണ്ട്. കണക്ക് നോക്കി ലാഭവിഹിതം നൽകാമെന്നതാണ് ഇത്. ഒത്തുതീർപ്പ് സാധ്യതകൾ നിർമ്മാതാക്കൾ തേടുന്നതിന് വ്യക്തമായ സൂചനയാണ് ഇത്.

ഇവരെ ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്. നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശമനുസരിച്ച് എറണാകുളം മരട് പൊലീസാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത്. പണം മുടക്കി സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി.

സിനിമയുടെ നിർമ്മാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോൺ ആന്റണിയുടെ ഉടമസ്ഥതയിൽ കടവന്ത്രയിൽ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു. നിർമ്മതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയിൽ സിറാജിൽ നിന്നും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് നൽകുന്ന മറുപടി നിർണ്ണായകമാകും.

'മഞ്ഞുമ്മൽ ബോയ്സ്' സിനിമ 250 കോടി ക്ലബ്ബിൽ കയറിയെന്ന വാദം നിഷേധിക്കുകയാണ് നിർമ്മാതാക്കൾ എന്നതാണ് വസ്തുത. ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും മുൻകൂർ പറയുന്നു. നടീനടന്മാർക്കും സാങ്കേതികവിദഗ്ദ്ധർക്കുമൊക്കെ പണം നൽകാനുണ്ട്. ചിത്രത്തിന്റെ വരവു ചെലവ് കണക്കാക്കിയതിനു ശേഷം കരാർ അനുസരിച്ചുള്ള ലാഭവിഹിതം നൽകാമെന്ന് തങ്ങൾ അറിയിച്ചതാണ്. എന്ന് സിറാജ് ഇത് അംഗീകരിക്കാൻ തയാറായില്ലെന്നും കൊമേഴ്സ്യൽ കോടതിയെ സമീപിച്ചെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

അതായത് പണം വാങ്ങിയെന്നും അത് ലാഭ വിഹിതം ഉൾപ്പെടെ നൽകാമെന്നും സമ്മതിക്കുകയാണ് സൗബിനും കൂട്ടരും. ഇതിനൊപ്പം 200 കോടി ക്ലബ്ബിൽ സിനിമയെത്തിയെന്ന അവകാശ വാദവും തള്ളുന്നു. ഈ വിഷയത്തിൽ കോടതി എടുക്കുന്ന നിലപാട് നിർണ്ണായകമാണ്.