- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മഞ്ഞുമ്മൽ ബോയ്സി'നെ പീഡിപ്പിച്ച പൊലീസുകാരെക്കുറിച്ച് അന്വേഷണം
മലപ്പുറം: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർഹിറ്റ് സിനിമ സംഭവ കഥയാണ് പറഞ്ഞത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിറ്റായ മലയാള സിനിമ. തമിഴിലും കളക്ഷൻ റിക്കോർഡുകൾ മറികടന്ന് മുന്നേറി. അതിനിടെ ഈ സിനിമയെ ഗൗരവത്തോടെ കാണുകയാണ് തമിഴ് നാട് പൊലീസ്. തമിഴ്‌നാടിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ തിരുത്തലിന് തയ്യാറാവുകയാണ് സ്റ്റാലിൻ സർക്കാർ. സിനിമയ്ക്കു കാരണമായ യഥാർഥസംഭവത്തിൽ യുവാക്കളോട് മോശമായി പെരുമാറിയ പൊലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം നടക്കും. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അസാധാരണമാണ് ഈ നടപടി.
2006-ൽ നടന്ന സംഭവത്തിൽ നിലമ്പൂർ സ്വദേശിയും റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്‌നാട് ആഭ്യന്തരസെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്‌നാട് ഡി.ജി.പി.യോട് നിർദ്ദേശിച്ചു. ഗുണാ കേവിൽ കൂട്ടുകാരൻ അകപ്പെട്ടത് അറിയിക്കാൻ പൊലീസ് സ്‌റ്റേഷനിലെത്തിയവരോട് അപമര്യാധയായി പൊലീസ് പെരുമാറിയെന്ന് സിനിമ പറയുന്നു. രക്ഷാപ്രവർത്തന യാത്രയ്ക്കിടെ മദ്യപാനത്തിന് പോലും താൽപ്പര്യം കാണിക്കുന്ന പൊലീസുകാരൻ.
എറണാകുളം മഞ്ഞുമ്മലിൽനിന്നാണ് 2006-ൽ ഒരുസംഘം യുവാക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻപോയത്. അതിലൊരാൾ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയിൽ വീണുപോവുകയായിരുന്നു. അങ്കലാപ്പിലായ ചെറുപ്പക്കാർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയിൽ പിന്നീട് കാണുന്ന രംഗം പൊലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു. ഇത് തമിഴ്‌നാട് പൊലീസിന് അപമാനമുണ്ടാക്കുന്നതായിരുന്നു. ആ കൂട്ടുകാരുടെ വേദനയ്‌ക്കൊപ്പം നിന്നവർ സിനിമയിൽ കുറവായിരുന്നു.
ഈ സിനിമാ കഥയാണ് പരാതിക്ക് ആധാരമായത്. സിനിമയിലുള്ളതിനെക്കാൾ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ഈ യുവാക്കൾ തന്നോടുപറഞ്ഞതായി ഹർജിക്കാരനായ ഷിജു എബ്രഹാം പറഞ്ഞു. മർദിച്ചതിനുപുറമേ പണം തട്ടിയെടുത്തു. ഒരു പൊലീസുകാരനെമാത്രം കൂടെ പറഞ്ഞയച്ചു. ഈ സംഭവത്തിലാകും അന്വേഷണം. സംഭവ സമയത്ത് ആ സ്റ്റേഷനിലുള്ള പൊലീസുകാരെ കണ്ടെത്തും. അതിന് ശേഷം അവരോട് വിശദീകരണം ചോദിക്കും. ആ പൊലീസുകാർ സർവ്വീസിൽ നിന്നും വിരമിക്കാൻ സാധ്യതയും ഏറെയാണ്.
120 അടിയോളം ആഴമുള്ള ഗുഹയിൽ ചെറുപ്പക്കാരിലൊരാളായ സിജുതന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മൽ സ്വദേശി സിജുവിനെ രാഷ്ട്രം ജീവൻരക്ഷാ പതക് നൽകി ആദരിക്കുകയും ചെയ്തു. യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു.
തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാവുകൂടിയായ ഷിജു എബ്രഹാം 2020-ൽ മധുര ഹൈവേയിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും ഇടപെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച ഡി.ജി.പി. ജെ.കെ. ത്രിപാഠി കവർച്ചക്കാർക്കെതിരേ കടുത്ത നടപടിയാണെടുത്തത്.