ചെന്നൈ: മഞ്ഞുമ്മൽ ബോയ്‌സിനെ തേടി മറ്റൊരു കേസും. മലയാളത്തിലെ എക്കാലത്തേയും മികച്ച സൂപ്പർ ഹിറ്റ് സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് സിനിമക്ക് പുതിയ വെല്ലുവിളിയായി 'കണ്മണി അൻപോട്'ഗാനം. മഞ്ഞുമ്മൽ ബോയ്‌സിൽ ഈ ഗാനം ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. 'കണ്മണി അൻപോട് 'ഗാനം ഉൾപെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റിൽ കാർഡിൽ പരാമർശിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീൽ നോട്ടീസ് അയച്ചത്.

15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീൽ നോട്ടീസിൽ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകിൽ അനുമതി തേടണമെന്നും അല്ലെങ്കിൽ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വക്കീൽ നോട്ടീസിനോട് സിനിമയുടെ നിർമ്മാതാക്കൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.

ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ കമൽഹാസന്റെ 'ഗുണ' സിനിമയിലെ 'കൺമണി' എന്ന ഗാനം ഉപയോഗിച്ചിരുന്നു. കമൽഹാസനു ചിത്രത്തിൽ നന്ദിയും അർപ്പിച്ചിട്ടുണ്ട്. മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ സുഹൃദ് സംഘങ്ങളിലൊരാൾ ഗുണ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോകുന്നതും സുഹൃത്തുക്കളിൽ ഒരാൾ കൂട്ടുകാരനെ രക്ഷിക്കുന്നതുമായ യഥാർഥ സംഭവമാണ് സിനിമയ്ക്ക് ആധാരമായത്. ഗുണ ചിത്രത്തിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ഇളയരാജയാണ്. ഗുണയിലെ സൂപ്പർഹിറ്റ് ഗാനം മഞ്ഞുമ്മൽ ബോയ്‌സിലും ഉപയോഗിച്ചിരുന്നു. ഇതാണ് ഇളയരാജയുടെ വക്കീൽ നോട്ടീസിന് ആധാരം.

1991ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ 'ഗുണ' എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് 'കൺമണി അൻപോട് കാതലൻ നാൻ' എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. വരുമാനം കൊടുക്കാത്തതിനെ ചൊല്ലി പണം മുടക്കിയ ആളും മഞ്ഞുമ്മൽ ബോയ്‌സിനെതിരെ കേസ് കൊടുത്തിരുന്നു. ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതിന് പിന്നാലെയാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ് എത്തുന്നത്.

യഥാർഥ മഞ്ഞുമ്മൽ ബോയ്സ് ടീം കഴിഞ്ഞ ദിവസം കമൽഹാസനെ കണ്ടിരുന്നു. മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിനു പ്രചോദനമായ സിജു ഡേവിഡ് ആണ് ഉലകനായകൻ കമൽഹാസനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ചത്. കമൽഹാസനോടൊപ്പം മഞ്ഞുമ്മൽ സുഹൃത്തുക്കൾ നിൽക്കുന്ന ചിത്രവും സിജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സിനിമ ഹിറ്റായതോടെ മഞ്ഞുമ്മൽ ബോയ്സ് താരങ്ങൾക്കൊപ്പം, യഥാർഥ മഞ്ഞുമ്മൽ ബോയ്സിനും ആരാധകർ ഏറിയിരുന്നു.

ഇതിനിടെയാണ് കമൽഹാസനും യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ചെന്നൈയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു സ്വപ്നം യാഥാർഥ്യമായതുപോലെ തോന്നുന്നുവെന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ് പ്രതികരിച്ചത്.