കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതിയുടെ നിലപാട് നിർണ്ണായകമാകും. നിർമ്മാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്ന് പൊലീസ് വിശദീകരിക്കുന്നു. നിർമ്മാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്.22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. 22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്ന നിർമ്മാതാക്കളുടെ വാദം കള്ളം. ഹൈക്കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്

സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല. ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഹൈക്കോടതി മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമ്മാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികൾക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്റെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി.

നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്.

അരൂർ ചന്തിരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സിനിമയ്ക്കായി പലപ്പോഴായി മുടക്കിയ 7 കോടി രൂപയോ ലാഭവിഹിതമോ തിരിച്ചുനൽകിയില്ലെന്നായിരുന്നു സിറാജിന്റെ പരാതി. തുടർന്ന് ഇതിൽ അന്വേഷണത്തിന് എറണാകുളം മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് നിർമ്മാതാക്കൾക്കെതിരെ ചുമത്തിയത്.

2022 നവംബർ 30ന് 5.99 കോടി രൂപ പറവ ഫിലിംസിന്റെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പിന്നീട് 50 ലക്ഷം രൂപ ഷോൺ ആന്റണിയുടെ കടവന്ത്രയിലെ ബാങ്ക് അക്കൗണ്ടിലും നൽകി. ഇതിനൊപ്പം 51 ലക്ഷം രൂപ പലപ്പോഴായി പണമായി കൈപ്പറ്റിയെന്നും സിറാജ് മൊഴി നൽകിയിരുന്നു. കരാർ പ്രകാരം പരാതിക്കാരനു 40 കോടി രൂപയുടെ അർഹതയുണ്ടെന്നും അതു നൽകിയില്ലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു.

ഗുണാ കേസവിലെ അസാധാരണ രക്ഷാപ്രവർത്തനത്തിന്റെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് അവതരിപ്പിച്ചത്. പലതരം ചതികളെ തട്ടിമാറ്റി സ്വന്തം കൂട്ടുകാരനെ അഗാധ ഗർത്തത്തിൽ നിന്നും രക്ഷിച്ച കഥ. സിനിമ സൂപ്പർഹിറ്റായി. ശതകോടിയുടെ വരുമാനവുമെത്തി. എന്നാൽ ആ സിനിമയ്ക്ക് പിന്നിൽ നിന്ന നിർമ്മാതാക്കളെ ആശങ്കപ്പെടുത്തും വിധമാണ് പൊലീസ് റിപ്പോർട്ട്. ഇതിനെ ഹൈക്കോടതിയിൽ എങ്ങനെ അവർ പ്രതിരോധിക്കുമെന്നതാണ് നിർണ്ണായകം. മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവാണ് കേസിൽ സൗബിനും ഷോണിനും വേണ്ടി ഹാജരാകുന്നത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിന് സൗബിനും ഷോണും പണം വാങ്ങിയത് ശരിയാണ്. എന്നാൽ തിയേറ്ററിൽ നിന്നടക്കം കളക്ഷൻ ഇനിയും പൂർണ്ണമായും തിരിച്ചു കിട്ടിയിട്ടില്ല. ഇനിയും പല ടെക്നീഷ്യന്മാർക്കും പണം കൊടുക്കാനുമുണ്ട്. ഇങ്ങനെ പണം മുഴുവൻ കിട്ടുകയോ ചെലവ് പൂർത്തിയാകുകയോ ചെയ്യാത്ത സാഹചര്യത്തിൽ എങ്ങനെ ലാഭം നോക്കി പണം നൽകാനാകും. ഇതിന് ചതിയായി കണക്കാക്കുന്നത് ശരിയല്ലെന്നായിരുന്നു അഡ്വ വിജയഭാനു വാദിച്ചത്. ഇത് ഹൈക്കോടതി മുഖവിലയ്ക്കെടുത്തു. ഈ സാഹചര്യത്തിലാണ് കേസ് സ്‌റ്റേ ചെയ്തത്.