കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ വക്കാലത്ത് അഭിഭാഷകർ ഒഴിഞ്ഞു. മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവും അഡ്വ. തോമസ് ആനക്കല്ലിങ്കലുമാണ് സൗബിൻ ഷാഹിർ അടക്കമുള്ളവരുടെ വക്കാലത്ത് ഒഴിഞ്ഞത്. ഇതിനെത്തുടർന്ന് നിർമ്മാതാക്കളുടെ മുൻകൂർ ജാമ്യഹർജി ജൂൺ 12-ന് പരിഗണിക്കാൻ മാറ്റി. ഇത് അവസാന അവസരമായിരിക്കുമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് മുന്നറിയിപ്പുനൽകി. ഹർജി തീർപ്പാക്കാനിരിക്കെയാണ് അഭിഭാഷകർ വക്കാലത്തൊഴിഞ്ഞത്.

ഒത്തുതീർപ്പ് നിർദേശങ്ങളോട് സൗബിനും കൂട്ടരും അനുകൂല നിലപാട് സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അഭിഭാഷകർ പിന്മാറിയതെന്നാണ് സൂചന. നേരത്തെ വഞ്ചനക്കേസിൽ പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ആശ്വാസം നേടിക്കൊടുക്കാൻ ഇടപെടൽ നടത്തിയത് മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവായിരുന്നു.

മുതിർന്ന അഭിഭാഷകന്റെ വാദങ്ങളാണ് സിനിമാക്കാർക്ക് കേസിൽ നേരത്തെ തുണയായിരുന്നത്. അഡ്വ പി വിജയഭാനുവിനൊപ്പം അഡ്വ തോമസ് ആനക്കല്ലുങ്കലും സൗബിനും ഷോണിനും വേണ്ടി ഹൈക്കോടതിയിൽ നേരത്തെ ഹാജരായിരുന്നു. കേസിൽ ഇവർ വക്കാലത്ത് ഒഴിഞ്ഞത് ഹർജിക്കാർക്ക് തിരിച്ചടിയാണ്. അതേസമയം പ്രതികളുടെ സൗബിൻ അടക്കമുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി 12 വരെ നീട്ടിയിട്ടുണ്ട്. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ തുടങ്ങിയവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

സിനിമയ്ക്കായി ഏഴു കോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നൽകിയില്ലെന്നാരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തത്. നിർമ്മാതാക്കൾ നടത്തിയത് ഗുരുതര സാമ്പത്തികതട്ടിപ്പാണെന്ന് കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മുൻകൂർ ജാമ്യഹരജി തീർപ്പാക്കാനിരിക്കെയാണ് നിലവിലെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞത്. ഗുരുതര സാമ്പത്തിക തട്ടിപ്പാണ് ഹരജിക്കാർ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി മരട് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സൗബിന്റെ പിതാവും നിർമ്മാതാവുമായ ബാബു ഷാഹിറും കേസിൽ പ്രതിയാണ്.

നേരത്തെ പൊലീസ് അന്വേഷണ റിപ്പോർട്ടും ഹർജിക്കാർക്ക് എതിരായിരുന്നു. വൻ ചതിയാണ് നിർമ്മാതാക്കൾ നടത്തിയതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ എറണാകുളം മരട് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ വാദം. ഇത് കള്ളമാണെന്നും 18.65 കോടി രൂപ മാത്രമാണ് നിർമ്മാണ ചെലവായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏഴ് കോടി രൂപയാണ് പരാതിക്കാരനായ സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. സിനിമയ്ക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നുമാണ് പറവ ഫിലിംസ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. 40 ശതമാനം ലാഭവിഹിതമാണ് പരാതിക്കാരന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ ബോക്ക് ബസ്റ്റർ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽ നിന്ന് വ്യക്തമായി. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജിന്റെ ആരോപണം.

എന്നാൽ, കോടതിയൽ സൗഹിൻ അടക്കമുള്ളവർക്ക് തുണയായി മാറിയത അഡ്വ.വിജയഭാനുവിന്റെ വാദങ്ങളായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലും പറഞ്ഞിരുന്നു. ഇത് പരിഗണിച്ച് അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞു.

നടീനടന്മാർക്കും സാങ്കേതികവിദഗ്ദ്ധർക്കുമൊക്കെ പണം നൽകാനുണ്ട്. ചിത്രത്തിന്റെ വരവു ചെലവ് കണക്കാക്കിയതിനു ശേഷം കരാർ അനുസരിച്ചുള്ള ലാഭവിഹിതം നൽകാമെന്ന് തങ്ങൾ അറിയിച്ചതാണെന്നും ജാമ്യ ഹർജിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ, പിന്നീട് ഹർജിക്കാർ ഒത്തുതീർപ്പ് നിർദേശങ്ങളോട് സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് മുതിർന്ന അഭിഭാഷകകർ പിന്മാറുന്നെന്നാണ് സൂചനകൾ. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്റ്റ് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.