കൊച്ചി: ഗുണാ കേസവിലെ അസാധാരണ രക്ഷാപ്രവർത്തനത്തിന്റെ കഥയാണ് മഞ്ഞുമ്മൽ ബോയ്സ് അവതരിപ്പിച്ചത്. പലതരം ചതികളെ തട്ടിമാറ്റി സ്വന്തം കൂട്ടുകാരനെ അഗാധ ഗർത്തത്തിൽ നിന്നും രക്ഷിച്ച കഥ. സിനിമ സൂപ്പർഹിറ്റായി. ശതകോടിയുടെ വരുമാനവുമെത്തി. എന്നാൽ ആ സിനിമയ്ക്ക് പിന്നിൽ നിന്ന നിർമ്മാതാക്കളെ ആശങ്കപ്പെടുത്തും വിധം അറസ്റ്റു ഭയം പോലുമുണ്ടായി. വഞ്ചനാ കേസായിരുന്നു ഇതിന് കാരണം. എന്നാൽ ഈ കേസിൽ നിന്നും മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളും രക്ഷപ്പെടുകയാണ്. സിനിമയിൽ കുഴിയിൽപ്പെട്ട കഥാപാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന് സമാനമായ 'ദൈവത്തിന്റെ കൈ' സൗബിൻ സാഹിറിനും സുഹൃത്തിനും ഹൈക്കോടതിയിൽ തുണയാവുകയാണ്.

'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ഇനി ആശ്വാസ കാലം. ഇവർക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുതിർന്ന അഭിഭാഷകൻ പി വിജയഭാനുവാണ് കേസിൽ സൗബിനും ഷോണിനും വേണ്ടി ഹാജരായത്. മുതിർന്ന അഭിഭാഷകന്റെ വാദങ്ങളാണ് സിനിമാക്കാർക്ക് തുണയായത്. ഇതോടെ കേസിൽ സൗബിനും കൂട്ടുകാരനും അറസ്റ്റ് ഒഴിവാക്കി. ഒരു ചതിയും ഇവർ കാട്ടിയില്ലെന്ന വാദം കോടതിയും തത്വത്തിൽ അംഗീകരിക്കുകയാണ്. അഡ്വ പി വിജയഭാനുവിനൊപ്പം അഡ്വ തോമസ് ആനക്കല്ലുങ്കലും സൗബിനും ഷോണിനും വേണ്ടി ഹൈക്കോടതിയിൽ ഹാജരായിരുന്നു. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ നൽകിയ ഹർജിയിൽ ഹൈക്കോടതി അവധിക്കാല സിംഗിൾ ബെഞ്ചിന്റേതാണ് സ്റ്റേ. . ജസ്റ്റിസ് വിനു എബ്രഹാമിന്റേതാണ് ഉത്തരവ്.

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിന് സൗബിനും ഷോണും പണം വാങ്ങിയത് ശരിയാണ്. എന്നാൽ തിയേറ്ററിൽ നിന്നടക്കം കളക്ഷൻ ഇനിയും പൂർണ്ണമായും തിരിച്ചു കിട്ടിയിട്ടില്ല. ഇനിയും പല ടെക്നീഷ്യന്മാർക്കും പണം കൊടുക്കാനുമുണ്ട്. ഇങ്ങനെ പണം മുഴുവൻ കിട്ടുകയോ ചെലവ് പൂർത്തിയാകുകയോ ചെയ്യാത്ത സാഹചര്യത്തിൽ എങ്ങനെ ലാഭം നോക്കി പണം നൽകാനാകും. ഇതിന് ചതിയായി കണക്കാക്കുന്നത് ശരിയല്ലെന്നായിരുന്നു അഡ്വ വിജയഭാനു വാദിച്ചത്. ഇത് ഹൈക്കോടതി മുഖവിലയ്ക്കെടുത്തു. അങ്ങനെ മഞ്ഞുമ്മൽ ബോയ്സിന്റെ അന്തിമ ക്ലൈമാക്സിലും ജയം സിനിമാക്കാർക്കാകുമെന്ന വിലയിരുത്തൽ സജീവമായി.

എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശമനുസരിച്ച് പൊലീസ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. എറണാകുളം മരട് പൊലീസാണ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത്. പണം മുടക്കി സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയായ അരൂർ സ്വദേശി സിറാജിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്നാണ് പരാതി. ഈ പരാതിക്ക് അടിസ്ഥാനമില്ലെന്ന വിജയഭാനുവിന്റെ വാദമാണ് സൗബിന് ആശ്വാസമാകുന്നത്.

സിനിമയുടെ നിർമ്മാണത്തിനായി ഏഴുകോടി രൂപ താൻ മുടക്കിയതായി പരാതിക്കാരനായ സിറാജ് പറയുന്നു. ഷോൺ ആന്റണിയുടെ ഉടമസ്ഥതയിൽ കടവന്ത്രയിൽ പ്രവർത്തിക്കുന്ന പറവ ഫിലിംസ് കമ്പനി മുഖേനയാണ് പണം നിക്ഷേപിച്ചത്. മുടക്കുമുതലും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ് പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിന്റെ ശരിയായ നിർമ്മാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും സിറാജ് ആരോപിക്കുന്നു. ഇങ്ങനെ പറഞ്ഞാണ് നിയമ നടപടി തുടങ്ങിയത്. എന്നാൽ പണം വാങ്ങിയ കാര്യം സൗബിനും സുഹൃത്തും നിഷേധിക്കുന്നില്ല. നൽകുന്നില്ലെന്നും തിരിച്ചു പറയുന്നില്ല. അതുകൊണ്ട് തന്നെ വഞ്ചനാരോപണമോ ക്രിമിനൽ കേസോ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ വാദം നടന്നത്.

ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെടുകയായിരുന്നു എന്ന് സൗബിനും ഷോണും ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലും പറഞ്ഞിരുന്നു. ഇത് പരിഗണിച്ച് അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞു. ഇതിന് പിന്നാലെയാണ് കേസും സ്റ്റേ ചെയ്യുന്നത്. ഇതോടെ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുടെ പ്രതിസന്ധികളെല്ലാം മാറുകയാണ്.

നടീനടന്മാർക്കും സാങ്കേതികവിദഗ്ദ്ധർക്കുമൊക്കെ പണം നൽകാനുണ്ട്. ചിത്രത്തിന്റെ വരവു ചെലവ് കണക്കാക്കിയതിനു ശേഷം കരാർ അനുസരിച്ചുള്ള ലാഭവിഹിതം നൽകാമെന്ന് തങ്ങൾ അറിയിച്ചതാണെന്നും ജാമ്യ ഹർജിയിൽ വിശദീകരിച്ചിരുന്നു. എന്ന് സിറാജ് ഇത് അംഗീകരിക്കാൻ തയാറായില്ലെന്നും കൊമേഴ്സ്യൽ കോടതിയെ സമീപിച്ചെന്നും വിശദീകരിച്ചു. ഇതെല്ലാം ഹൈക്കോടതിയും ഫലത്തിൽ അംഗീകരിക്കുകയാണ്.

അഡ്വ. വിജയഭാനുവിനെ കൂടാതെ, മുതിർന്ന അഭിഭാഷകൻ അഡ്വ. തോമസ് ജെ ആനക്കല്ലുങ്കൽ, അഡ്വ. ദീപ ജോസ് ജോർജ്ജ്, അഡ്വ. അനുപമ ആൻ ജോസ് കണ്ടത്ത്, അഡ്വ. ജയറാമൻ എസ്, അഡ്വ. ധന്യാ സണ്ണി, അഡ്വ. ൻ മിൽക ജോർജ്ജ് തുടങ്ങിയവർ അടങ്ങിയ അഭിഭാഷക സംഘവുമാണ് കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്്.

ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്റ്റ് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.