തിരുവനന്തപുരം: മന്മോഹൻ ബംഗ്ലാവിന്റെ 'ദൗർഭാഗ്യം' ആന്റണി രാജുവിന്റെ രാജിയിലും ചർച്ച. അഞ്ചു കൊല്ലം പൂർത്തിയാക്കാതെ ഒരു മന്ത്രിക്ക് കൂടി മന്മോഹൻ ബംഗ്ലാവിൽ നിന്നും പടിയൊഴിയേമ്ടി വന്നു. മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹൻ ബംഗ്ലാവിൽ ഇനിയെത്തുക സജി ചെറിയാൻ ആകുമെന്നാണ് റിപ്പോർട്ട്. കെബി ഗണേശ് കുമാറിന് ഔദ്യോഗിക വസതി വേണ്ടെന്ന് നിലപാട് എടുത്തതും ഇതിന് കാരണമാകും. അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോർജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും. കന്റോൺമെന്റ് പരിസരത്ത് വീണ താമസിച്ചിരുന്ന, നിളയിലെ പുതിയ താമസക്കാരനാകാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി. മന്മോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും.

വിവാദങ്ങളിൽ പെട്ട് രാജി വച്ച് രണ്ടാമതും മന്ത്രിസഭയിലേക്ക് എത്തി നാളേറെ ആയെങ്കിലും ഔദ്യോഗിക വസതി അനുവദിച്ച് കിട്ടിയിരുന്നില്ല. വാടക വീട്ടിലെ താമസം മതിയാക്കിയാണ് മന്ത്രി സജി ചെറിയാൻ മന്മോഹൻ ബംഗ്ലാവിലേക്ക് എത്തുന്നത്. ആന്റണി രാജു രാജി വച്ചൊഴിഞ്ഞ ശേഷം ചില്ലറ അറ്റകുറ്റ പണികൾ പൂർത്തിയാക്കി ഔദ്യോഗിക വസതി കൈമാറും. മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹൻ ബംഗ്ലാവ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകർത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു.

പിണറായി ഭരണത്തിന് മുമ്പുള്ള ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. അടുത്ത് എത്തിയത് ആന്റണി രാജുവാണ്. ആന്റണി രാജുവിന് കാലാവധി പൂർത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്നു. ഇടതു മുന്നണിയിലെ മുൻ ധാരണ പ്രകാരമാണ് ഇത്. ഇനി അറിയേണ്ടത് അടുത്ത നിയമസഭയിൽ ആന്റണി രാജു എത്തുമോ എന്ന 'വിശ്വാസ' പ്രശ്‌നമാണ്. ഇനി എത്തുന്ന സജി ചെറിയാന് എന്തു സംഭവിക്കുമെന്നതും ഭാവി രാഷ്ട്രീയ ചർച്ചകളിൽ നിറയും.

അതികായർ അടിതെറ്റി വീണ വീടാണ് മന്മോഹൻ ബംഗ്ലാവ്്. എം വി രാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. ആര്യാടൻ മുഹമ്മദും അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയാണ്. രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വിവാദമായിരുന്നു. കോടിയേരി താമസിക്കുമ്പോഴായിരുന്നു ഈ മാറ്റം. മന്ത്രിമന്ദിരങ്ങളിൽ ഏറ്റവും പ്രൗഢവും വിശാലവുമായതാണ് രാജ്ഭവനോട് ചേർന്നുനിൽക്കുന്ന മന്മോഹൻ ബംഗ്ലാവ്. അതുകൊണ്ട് തന്നെ ഈ മന്ത്രിമന്ദിരം വെറുതെ ഇടാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് സജി ചെറിയാൻ വരുന്നത്. നിരവധി വിവാദങ്ങൾ സജി ചെറിയാൻ എന്ന മന്ത്രിയുടേതായി ഉണ്ടായി. അതിൽ ഒടുവിലത്തേതാണ് പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാരെ ട്രോളുന്ന പ്രസ്താവന.

ആന്റണി രാജുവിന് പകമായി പിണറായിയുടെ രണ്ടാം കാബിനെറ്റിൽ രണ്ടരക്കൊല്ലം കഴിയുമ്പോൾ എത്തുന്നത് കെബി ഗണേശ് കുമാറാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായി ഈ വീട് ഗണേശിന് കിട്ടേണ്ടതായിരുന്നു. എന്നാൽ വാടക വീട് വേണ്ടെന്നും ചെലവ് കുറയ്ക്കാനായി സ്വന്തം വീട്ടിൽ താമസിക്കാൻ ഗണേശ് തയ്യാറാകുമ്പോഴാണ് മന്മോഹൻ ബംഗ്ലാവിന് സജി ചെറിയാൻ അവകാശിയാകുന്നത്. ഗണേശ് കുമാറിന്റെ അച്ഛൻ ആർ ബാലകൃഷ്ണ പിള്ള മന്ത്രിയായിരുന്നപ്പോൾ ഈ വീട്ടിൽ താമസിച്ച ചരിത്രവുമുണ്ട്.

സാസംകാരിക സിനിമാ മന്ത്രിയാണ് സജി ചെറിയാൻ. ഇതിൽ സിനിമ വകുപ്പ് കെബി ഗണേശ് കുമാർ ആഗ്രഹിച്ചിരുന്നു. വകുപ്പു ചോദിച്ച് കത്തും നൽകി. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ സജി ചെറിയാനൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ നടനായ ഗണേശിന് ആന്റണി രാജുവിന്റെ ഗതാഗതം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതിനൊപ്പമാണ് ഗണേശ് താമസിക്കുമെന്ന് കരുതിയ മന്മോഹൻ ബംഗ്ലാവിലേക്കും സജി ചെറിയാൻ എന്ന സിനിമാ മന്ത്രി എത്തുന്നത്.

വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാലു മന്ത്രിമാർ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മന്മോഹൻ ബംഗ്ലാവ്. ഈ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നതാണ് അന്ധവിശ്വാസം. ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയിൽ മന്മോഹൻ ബംഗ്ലാവിൽ താമസിക്കാൻ തയാറായത്. മന്മോഹൻ ബംഗ്ലാവിൽ താമസിച്ച രാഷ്ട്രീയക്കാർ അടിക്കടി വിവാദങ്ങളിൽ പെട്ടതും, പലർക്കും രാജിവെച്ച് പടിയിറങ്ങേണ്ടി വന്നതും ബംഗ്ലാവ് രാഷ്ട്രീയക്കാർക്ക് 'രാശിയില്ലാത്ത' ഇടമാണെന്ന കഥ വ്യാപകമായി പ്രചരിക്കാൻ കാരണമായി.

ശ്രീമൂലം നിരുനാളാണ് മന്മോഹൻ ബംഗ്ലാവ് നിർമ്മിച്ചത്. ആദ്യമായി ഈ ബംഗ്ലാവിൽ താമസിക്കുന്നത് മന്ത്രി പി.എസ് നടരാജ പിള്ളയായിരുന്നു. തിരുവിതാംകൂർ മന്ത്രിസഭയുടെ കാലത്തായിരുന്നു ഇത്. പക്ഷേ താമസത്തിന് അത്ര പ്രൗഢി വേണ്ടെന്ന് തീരുമാനിച്ച നടരാജപിള്ള മന്മോഹൻ ബംഗ്ലാവ് ഓഫീസാക്കുകയും താമസം ഒരു ചെറിയ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എ.കെ ജോൺ, കേരള കോൺഗ്രസ് നേതാവായിരുന്ന ആർ.ബാലകൃഷ്ണ പിള്ള, കെ.കരുണാകരൻ തുടങ്ങി പ്രബല രാഷ്ട്രീയ നേതാക്കളെല്ലാം മന്മോഹൻ ബംഗ്ലാവിൽ താമസിച്ചിട്ടുണ്ട്. മന്ത്രി ആർ.ബാലകൃഷ്ണ പിള്ള ശനിയുടെ അപഹാരം മാറ്റാൻ ബംഗ്ലാവിൽ വാസ്തു പൂജ ഉൾപ്പെടെ നടത്തിയിരുന്നു. 2023ൽ ഈ വീട് മകൻ കെബി ഗണേശ് കുമാറിന് മന്ത്രിമന്ദിരമായി കിട്ടുമായിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക വസതി വേണ്ടെന്ന് ഗണേശ് നിലപാട് എടുത്തത്.

മന്മോഹൻ ബംഗ്ലാവിൽ താമസിച്ച എ.കെ ജോണിന് ബംഗ്ലാവും സ്ഥാനവും പെട്ടെന്ന് ഒഴിയേണ്ടി വന്നിരുന്നു. കരുണാകരൻ ആഭ്യന്തര മന്ത്രിയായി മന്മോഹൻ ബംഗ്ലാവിൽ കാലാവധി തികച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയായി പ്രമോഷൻ കിട്ടി ഒരു മാസത്തിനുള്ളിൽ കരുണാകരനും ബംഗ്ലാവിൽ നിന്നിറങ്ങേണ്ടി വന്നു. ആർ.ബാലകൃഷ്ണ പിള്ളയ്ക്ക് വിനയായത് പഞ്ചാബ് മോഡൽ പ്രസംഗമാണ്. ഇതോടെ മന്മോഹൻ ബംഗ്ലാവിൽ താമസിച്ച ബാലകൃഷ്ണ പിള്ളയ്ക്കും സ്ഥാനമൊഴിയേണ്ടി വന്നു.

പിന്നീട് വി എസ് സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മന്മോഹൻ ബംഗ്ലാവിൽ താമസിച്ചത്. കോടിയേരി ബംഗ്ലാവിൽ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങൾ വരുത്താൻ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ കോടിയേരി മന്മോഹൻ ബംഗ്ലാവിൽ നിന്നും താമസം സമീപത്തെ ഫ്ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രി ആയിരിക്കെ ടി.യു കുരുവിള മന്മോഹൻ ബംഗ്ലാവിൽ താമസം ആരംഭിച്ചു. എന്നാൽ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരിൽ 2007 സെപ്റ്റംബറിൽ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു.

പകരം മന്ത്രിയായ മോൻസ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോൻസ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. 2010ൽ എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു. 2011ൽ മന്മോഹൻ ബംഗ്ലാവിൽ താമസിച്ചത് ആര്യാടൻ മുഹമ്മദാണ്. കാലാവധി പൂർത്തിയാക്കിയെങ്കിലും പിന്നീട് എംഎൽഎയായില്ലെന്നതാണ് വസ്തുത.