ന്യൂഡൽഹി: പുതിയൊരു വിമാന കമ്പനി കൂടി ഇന്ത്യയിൽ. അതും തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിൽ. ഫ്‌ളൈ 91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടി.

കിങ്ഫിഷർ എയർലൈൻസിന്റെ മുൻ എക്‌സിക്യൂട്ടീവും ഫെയർഫാക്‌സ് ഫിനാൻഷ്യലിന്റെ മുൻ ഇന്ത്യൻ മേധാവിയുമാണ് ഇതിന് പിന്നിൽ. ഫ്‌ളൈ 91 എന്ന് വിളിക്കപ്പെടുന്ന പുതിയ എയർലൈൻ, കൺവെർജന്റ് ഫിനാൻസ് എൽഎൽപിയുടെ നിലവിലെ മാനേജിങ് പാർട്ണർ ഹർഷ രാഘവന്റെ നേതൃത്വത്തിലായിരിക്കും. നിർദിഷ്ട എയർലൈൻസിന്റെ ചെയർമാനായിരിക്കും അദ്ദേഹം. മനോജ് ചാക്കോ ആയിരിക്കും സിഇഒ. 2023 ഡിസംബറോടെ പ്രവർത്തനം ആരംഭിക്കാനും ഗോവയിൽ താവളം സ്ഥാപിക്കാനും അവർ ലക്ഷ്യമിടുന്നു.

കിങ് ഫിഷർ എയർലൈൻസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു മലയാളിയായ മനോജ് ചാക്കോ. ചെറു പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന സർവ്വീസാണ് പുതിയ കമ്പനി ലക്ഷ്യമിടുന്നത്. ഉഡാൻ പദ്ധതിയുടെ ഭാഗമാകും സർവ്വീസുകൾ. ഗോവയാകും കമ്പനിയുടെ ആസ്ഥാനം. കേരളത്തിൽ അടക്കം സർവ്വീസ് തുടങ്ങും. കേന്ദ്ര വ്യോമയാന മന്ത്രായലത്തിന്റെ അനുമതി കിട്ടയതോടെ അടിസ്ഥാന പ്രവർത്തനങ്ങൾ ശ്ക്തമാക്കും. ഇനി വ്യോമയാന ഡറക്ടർ ജനറലിന്റെ അനുമതി വേണം.

എടിആർ 72 വിമാനങ്ങളിലായിരിക്കും സർവ്വീസ്. 70 യാത്രക്കാരെ കൊണ്ടു പോകാൻ ഈ വിമാനത്തിനാകും. ഇന്ത്യയുടെ ടെലിഫോൺ കോഡാണ് 91. അടുത്ത അഞ്ചു വർഷത്തേക്ക് പ്രതിവര്ഡഷം ആറ് എടിആർ വിമാനങ്ങൾ പാട്ടത്തിന് എടുത്ത് സർവ്വീസ് നടത്തുകയാണ് ലക്ഷ്യം. ഈ കമ്പനിയുടെ മാനേജ്മെന്റ് ടീമിലെ മറ്റ് അംഗങ്ങൾക്ക് ജെറ്റ് എയർവേസ്, ഗൾഫ് എയർ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, വിസ്താര എന്നിവയുൾപ്പെടെ വിവിധ വ്യോമയാന കമ്പനികളിൽ മുൻ പരിചയമുണ്ട്.

ഇതാദ്യമായല്ല ഒരു പ്രാദേശിക എയർലൈൻ തുടങ്ങാൻ വ്യവസായ രംഗത്തെ മുൻനിരക്കാരോ സംരംഭകരോ ഒന്നിക്കുന്നത്. 45 മുതൽ 90 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഹ്രസ്വദൂര വിഭാഗത്തിലാണ് ഫ്‌ളൈ 91 പ്രവർത്തിക്കുക.