- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടു.. നാട്ടു ഓസ്‌കാർ നേടിയപ്പോൾ മനോരമ എങ്ങനെ അടങ്ങിയരിക്കും! ഇങ്ങനെ ആടണം നാട്ടുനാട്ടു എന്നു പറഞ്ഞ് വായനക്കാരെ ഡാൻസ് കളിപ്പിക്കാൻ മനോരമയുടെ ഗ്രാഫിക് ട്യൂഷൻ! ഓസ്‌കാർ ആഘോഷമാക്കിയ പത്രം സൈബറിടത്തിൽ വൈറൽ; നാട്ടു ഡാൻസിന്റെ റൂട്ട് മാപ്പ് കൂടി പുറത്തു വിടുമോയെന്ന് ട്രോളന്മാരും
തിരുവനന്തപുരം: ചില വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ എന്നും വ്യത്യസ്തത പുലർത്തുന്നവരാണ് മലയാള മനോരമ പത്രം.അതിനി സ്‌പോർട്‌സിലായാലും വിനോദത്തിലായാലും യുദ്ധത്തിലായാലും എന്നുവേണ്ട എല്ലാ വിഭാഗത്തിലും മനോരമ തങ്ങളുടെതായ ഈ രീതി പരീക്ഷിക്കാറുണ്ട്.ഗ്രാഫിക്ക് റപ്രസന്റെഷനോട് കൂടി വാർത്തയെ സമീപിക്കുന്ന രീതി എളുപ്പത്തിൽ വായനക്കാരനിലേക്ക് എത്തുന്നുവെന്നതാണ് പ്രത്യേകത. നിപവധി തവണ പരിഹാസങ്ങൾക്കൊക്കെ പാത്രമായിട്ടുണ്ടെങ്കിലും ഈ രീതി മനോരമ തുടരുന്നത് ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെയാണ്.
ഇപ്പോഴിത കഴിഞ്ഞ ദിവസം ഓസ്‌കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനമായ നാട്ടുനാട്ടുവിന്റെ ചുവടുകളെയാണ് മനോരമ ചിത്രരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.'ഇങ്ങനെ ആടണം നാട്ടുനാട്ടു' എന്ന തലക്കെട്ടോടെ നാട്ടുക്കൂത്ത് ആടാൻ പഠിപ്പിക്കുകയാണ് പേജിലൂടെ. നാട്ടുനാട്ടുവിന്റെ ഓരോ ചുവടും വിശദമായി വിവരിക്കുന്നുണ്ട് ഇതിൽ. ഡാൻസ് എങ്ങിനെ തുടങ്ങണം ഏതൊക്കെ ചുവട് എപ്പോഴൊക്കെ പ്രയോഗിക്കണം എന്നതുൾപ്പടെ ആ നൃത്തത്തെ പഠിച്ചെടുക്കാൻ പാകത്തിലാണ് ചിത്രത്തിലൂടെ പാട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഓസ്‌കറിലെ ഇന്ത്യൻ നേട്ടങ്ങൾ പത്രങ്ങൾ എങ്ങനെ ആഘോഷമാക്കും എന്ന ചർച്ചകൾ സജീവമായിരിക്കെയാണ് ഇൻഫോഗ്രാഫിക്‌സ് പേജിലൂടെ മനോരമ ഇത്തവണയും ശ്രദ്ധ നേടിയത്.കൃത്യമായി വായിച്ച് മനസ്സിലാക്കി കളിച്ചാൽ ഓസ്‌കാർ പാട്ടിന് വീട്ടിൽ ചുവടുവയ്ക്കാം. പാട്ടിലെ ആഗോളതലത്തിൽ ഹിറ്റാക്കിയത് മൂന്ന് ഹുക്ക് സ്റ്റെപ്പുകളായിരുന്നു. ഇത് മൂന്നും വിശദമായി ചിത്രങ്ങളുടെ സഹായത്തോടെ ഇന്നത്തെ മനോരമ പത്രത്തിന്റെ പേജിൽ വിവരിക്കുന്നുണ്ട്.
പത്രത്തിലെ പേജ് ശ്രദ്ധ നേടിയതിന് പിന്നാലെ ട്രോളന്മാരും മനോരമയുടെ ഈ അവതരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്.രസകരമായ നിരവധി ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.ചുവടുകൾക്കൊപ്പം ഒരു റൂട്ട് മാപ്പ് കൂടി തരട്ടെ എന്നാണ് ഒരു ട്രോളിൽ ചോദിക്കുന്നത്.നിലത്ത് വീണ് കിടക്കുന്ന ബിജു മേനോന്റെ ചിത്രത്തിന് താഴെ മനോരമ പേജ് കണ്ട് ഡാൻസ് പഠിക്കാൻ ശ്രമിച്ച ഞാൻ..മനോരമ വരിക്കാർ റൈറ്റ് നൗ എന്നിങ്ങനെ പോകുന്നു ട്രോളുകൾ.
ദക്ഷിണേന്ത്യൻ നാടോടി സംഗീതത്തിന്റെ താളത്തിൽ ചിട്ടപ്പെടുത്തിയ പാട്ടിന്റെ അവസാനഭാഗത്തു താളം കൊട്ടിക്കയറുമ്പോൾ പ്രേക്ഷകന്റെ ആവേശവും പതിന്മടങ്ങാകുന്നു. ഇത്രയും ഹെവി റിഥത്തിലുള്ള പാട്ട് ഇന്ത്യൻ സിനിമകളിൽ തന്നെ അപൂർവമാണെന്നാണ് ഗായകർ ചൂണ്ടിക്കാട്ടുന്നത്. ദ്രുതതാളം പൊടിപാറുമ്പോഴും മെലഡി ലയിച്ചുചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തിന്റെ പ്രത്യേകതയെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ചിത്രത്തിന്റെ കഥാഗതിയിലെ നിർണായകരംഗത്താണ് ഈ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പാർട്ടിക്കിടെ സിനിമയിലെ നായകന്മാരോടു ഫ്‌ളെമിംഗോ സ്‌റ്റൈലിൽ ഡാൻസ് ചെയ്യാനറിയാമോ എന്നു പരിഹാസത്തോടെ ചോദിക്കുന്നു. ആ പാട്ടിൽ ചുവടുപിഴച്ച് കാൽതട്ടി വീഴുന്ന നായകർ ഇവിടത്തെ നാടൻപാട്ട് നിങ്ങൾക്കറിയാമോ എന്നു തിരിച്ചു ചോദിച്ചാണ് പുതിയ പാട്ടിലേക്കു ചുവടുവയ്ക്കുന്നത്.
നായകന്മാർ മത്സരിച്ചു നൃത്തം ചെയ്തതുപോലെതന്നെ മത്സരിച്ചു പാടുകയായിരുന്നു, ഗായകരായ കാലഭൈരവയും രാഹുൽ സ്പിലിഗുഞ്ജും.ഈ ഗാനത്തിന്റെ ചിത്രീകരണം യുക്രെയ്‌നിലെ കീവിൽ പ്രസിഡന്റ് സെലെൻസ്‌കിയുടെ കൊട്ടാരത്തിന്റെ മുൻപിലായിരുന്നു. റഷ്യയുടെ അധിനിവേശത്തിനു മാസങ്ങൾക്കു മുൻപായിരുന്നു ഇത്. ഇന്ത്യയിൽ വച്ചു ചിത്രീകരിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ ലൊക്കേഷൻ മാറ്റി.
എസ്.എസ്.രാജമൗലി ചിത്രത്തിനു പേരിട്ടപ്പോൾതന്നെ അതിനൊരു താളമുണ്ടായിരുന്നു: 'രണം, രുധിരം, രൗദ്രം'. 'ആർആർആർ' എന്ന ചുരുക്കപ്പേരിൽ സിനിമ സ്‌ക്രീനിലെത്തിയപ്പോൾ കീരവാണിയുടെ ഈണം അതിന്റെ ഹൈലൈറ്റായി. രാംചരണും ജൂനിയർ എൻടിആറും മത്സരിച്ചു ചുവടു വച്ച 'നാട്ട് നാട്ട്' ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നൃത്തം ചെയ്യിച്ചു.ഇപ്പോൾ ഓസ്‌കാറിന്റെ നിറവിലും
മറുനാടന് മലയാളി ബ്യൂറോ