- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനു തോമസ് സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയോ?
കണ്ണൂർ: കടുത്ത ആരോപണങ്ങളുമായി അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമടങ്ങുന്ന സൈബർ സംഘങ്ങൾ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വട്ടമിട്ടു പറന്നപ്പോൾ അതിനെ പ്രതിരോധിച്ച നേതാവിനെ ഒടുവിൽ സിപിഎം പുറത്താക്കി. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയാണ് അന്നത്തെ ഡി.വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റായിരുന്ന മനു തോമസിനെ വ്യക്തിപരമായി അവഹേളിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. ഇതു ആകാശ് തില്ലങ്കേരിയും കൂട്ടരും ഏറ്റെടുത്തതോടെ പാർട്ടിക്കുള്ളിലും പുറത്തും വൻ വിവാദമായി മാറി.
പാർട്ടിയിൽ പി.ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ വേളയിൽ ഉയർന്നു വന്ന യുവനേതാക്കളിൽ ഒരാളായിരുന്നു മനു തോമസ്. അന്നത്തെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജറും ജില്ലാ നേത്യത്വവും മനുവിന് പ്രതിരോധ കവചം തീർത്തു രംഗത്തു വന്നതോടെയാണ് നിയമനടപടികളിലേക്ക് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം കടന്നത്. സോഷ്യൽ മീഡിയയിലുടെ അധിക്ഷേപിച്ചതിന് അർജുൻ ആയങ്കിക്കെതിരെ കണ്ണൂർ ടൗൺ പൊലിസിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പരാതി നൽകുകയായിരുന്നു.
ഇതേ തുടർന്ന് പൊലിസ് കേസെടുത്തിരുന്നു. എന്നാൽ ഇതിനു ശേഷം നടന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഷാജറിനെ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തി മനു തോമസിനെ ഒഴിവാക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം ചെയ്തത്. എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന മനു തോമസ് പി.ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് യുവജന സംഘടന രംഗത്തേക്ക് ഉയർന്നു വന്നത്. മലയോരത്ത് നിന്നും വളർന്നുവന്ന യുവ നേതാവിൽ ഏറെ പ്രതീക്ഷകൾ അന്നത്തെ പാർട്ടിക്കുണ്ടായിരുന്നു. മുൻജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം ജോസഫ്, മുൻ തളിപറമ്പ് മണ്ഡലം എംഎൽഎ ജയിംസ് മാത്യു എന്നിവർക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിൽ നിന്നും പാർട്ടി ജില്ലാതലത്തിലേക്ക് ഉയർത്തിയ തീപ്പൊരി നേതാവിനാണ് പുറത്തേക്കുള്ള വഴി ഇപ്പോൾതുറന്നത്.
കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ യുവ നേതാവിനെ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നു തെളിഞ്ഞതിനെ തുടർന്നാണ് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം അന്വേഷണ വിധേയമായി പുറത്താക്കിയത്. ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസിനെതിരെയാണ് കഴിഞ്ഞ ദിവസം നടന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗം അച്ചടക്കനടപടി സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ചില നേതാക്കളുടെ താൽപ്പര്യാർത്ഥം പാർട്ടി നടപടി ഉറപ്പായതിനാൽ 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കാതെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്ന മനു തോമസ് ജില്ലാ നേതൃത്വം നടത്തിയ അനുനയ നീക്കങ്ങൾക്ക് വഴങ്ങിയില്ല. എങ്കിലും വിവാദങ്ങൾ ഭയന്ന് ഒരു വർഷത്തിലധികമായി പാർട്ടി യോഗത്തിലും പരിപാടികളിൽ നിന്നും പൂർണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ അച്ചടനനടപടി എടുത്തിരുന്നില്ല. തെറ്റു തിരുത്തി സജീവമാകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും സജീവമായി രംഗത്തു വരാത്തതിനെ തുടർന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് നേതൃത്വം ഇപ്പോൾ പറയുന്നത്.
കഴിഞ്ഞ ദിവസം പാറക്കണ്ടിയിലെ ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ജില്ലാകമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.
മനു തോമസ് കണ്ണൂരിൽ നടന്ന നിരവധി സമരപരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചു വരവെയാണ് വിവാദങ്ങളുണ്ടായത് ഇതിനു ശേഷം ഡിവൈഎഫ്ഐ നേതൃത്വത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. മികച്ച സംഘാടകനും പ്രാസംഗികനുമായ മനു തോമസ് മലയോര മേഖലയായ ശ്രീകണ്ഠാപുരം ഏരിയയിൽ നിന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിലേക്ക് ഉയർന്നു വരുന്നത്.
മനുവിനൊപ്പം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ഷാജർക്ക് യുവജനകാര്യ കമ്മിഷൻ ചെയർമാനായി പാർട്ടി സ്ഥാനക്കയറ്റം നൽകുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ നേരിട്ട കടുത്ത അവഗണനയാണ് സ്വയം വിട്ടു നിൽക്കാനും ഒടുവിൽ പുറത്തേക്ക് പോകാനും ഈ യുവ നേതാവിനെ പ്രേരിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും പാർട്ടിയിൽ ഉയർന്നു വന്ന കെ.എം ജോസഫും ജയിംസ് മാത്യുവും ഇപ്പോൾ സജീവമല്ല. ഇതിനു പുറകെയാണ് മറ്റൊരു യുവനേതാവ് കൂടി പുറത്തു പോകുന്നത്.
പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായാണ് മനു തോമസിനെതിരെയുള്ള അച്ചടക്കനടപടി സ്വീകരിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഒരു സഖാവ് പാർട്ടിയിൽ നിന്നും വിട്ടു നിന്നാൽ അയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നത് സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.