- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനു തോമസ് ന്യൂനപക്ഷ മോർച്ചയിലേക്കോ?
കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ വീണ്ടും സ്വർണക്കടത്ത് -ക്വട്ടേഷൻ വിവാദം പുകയുമ്പോൾ രാഷ്ട്രീയ മുതലെടുപ്പിനായി ബിജെപി രംഗത്തിറങ്ങി. സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ട് പാർട്ടിയിൽ നിന്നും ഒഴിവാക്കിയ ജില്ലാകമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാനാണ് ജില്ലാ നേതൃത്വം കരുക്കൾ നീക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെയാണ് നീക്കം.
നേരത്തെ മുതിർന്ന സിപിഎം നേതാവായ കെ.എം ജോസഫിനെ ബിജെപിയിലേക്ക് കൊണ്ടുവരാൻ പാർട്ടി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള ശ്രമിച്ചുവെങ്കിലും നടന്നിരുന്നില്ല. ഇതിനു ശേഷമാണ് പാർട്ടി മറ്റൊരു ഉദ്യമത്തിന് കൂടി തുനിയുന്നത്. ഇതിന്റെ ഭാഗമായാണ് മനു തോമസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു ബിജെപി ജില്ലാ നേതൃത്വം രംഗത്തുവന്നത്. സാധാരണ ഒരു പാർട്ടിയിൽ നിന്നും ഒഴിവാക്കിയ നേതാവിനെ പിന്തുണയ്ക്കാൻ മറ്റൊരു പാർട്ടി തയ്യാറാകാറില്ല. ഇതിന് കടക വിരുദ്ധ നിലപാടാണ് ബിജെപി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
സിപിഎം നേതൃത്വം ഇനിയും തെറ്റ് തിരുത്താൻ തയ്യാറല്ലെന്നതിനുള്ള തെളിവാണ് ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് മനുതോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലൂടെ വെളിവായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിക്കുന്നു. സ്വർണ്ണക്കടത്ത് സംഘവുമായി ചില സിപിഎം ഉന്നതർക്ക് ബന്ധമുണ്ട്. സ്വന്തം പാർട്ടിയിൽ പെട്ടവർക്കെതിരെയാണ് മനുതോമസ് ആരോപണമുന്നയിച്ചത്. അത് ഗൗരവമായി പരിഗണിക്കുന്നതിന് പകരം ആരോപണവിധേയരായവരെ സംരക്ഷിക്കാനാണ് പാർട്ടി നേതൃത്വം തയ്യാറായത്.
പല നേതാക്കളും ഇപ്പോഴും തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ല. ഡിവൈഎഫ്ഐയുടെ സമുന്നതനായ നേതാവായിരുന്നു മനു തോമസ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായി എടുക്കേണ്ട ആവശ്യമില്ല. സ്വന്തം പാർട്ടിയുടെ തെറ്റ് തിരുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ നിലപാടുകളെ എഴുതിത്ത്ത്ത്തള്ളാൻ സാധിക്കില്ല. എന്നാൽ പാർട്ടി നേതൃത്വം തെറ്റ്തിരുത്താതെ ആരോപണമുന്നയിച്ചവരെ പുറത്താക്കുകയാണ് ചെയ്തത്. ആരോപണ വിധേയർ പാർട്ടിക്കകത്ത് സ്ഥാനമാനങ്ങൾ നേടുമ്പോൾ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്ക് ചൂണ്ടിക്കാട്ടുന്നവർക്കെതിരെ നിലപാടെടുക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി പാർട്ടി അംഗത്വം പുതുക്കാതിരുന്ന മനു തോമസിനെ കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും സിപിഎം ഒഴിവാക്കിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. അർജുൻ ആയങ്കി , ആകാശ് തില്ലങ്കേരി തുടങ്ങിയ സ്വർണ കടത്തുകാരുടെ രക്ഷകർ സിപിഎമ്മിലെ ചില ഉന്നത നേതാക്കളാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം. സ്വർണ കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടിയിലെ ചില നേതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ടെന്നായിരുന്നു സിപിഎമ്മിൽ നിന്നും ഒഴിവായതിനു ശേഷം മനു തോമസിന്റെ ആരോപണം.
ഇത്തരം ബന്ധങ്ങൾ ആദ്യം പാർട്ടിയിൽ ചൂണ്ടിക്കാട്ടിയത് താനാണെന്നായിരുന്നു മനു തോമസിന്റെ വെളിപ്പെടുത്തൽ. പാർട്ടിയെ മറയാക്കി തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ കുറിച്ചും ഇവർക്ക് സംരക്ഷണം നൽകുന്ന നേതാക്കളെ കുറിച്ചും സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും താൻ പരാതി നൽകിയിരുന്നു. പാർട്ടിക്കുള്ളിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നേതൃത്വം നിസാര വൽക്കരിച്ചുവെന്നാണ് മനുവിന്റെ ആരോപണം. തുടർച്ചയായി ആവശ്യപ്പെട്ടപ്പോൾ ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രനെ അന്വേഷണ കമ്മിഷനായി വെച്ചുവെങ്കിലും ആരോപണ വിധേയനെ വെള്ള പൂശുന്ന സമീപനമാണ് സ്വീകരിച്ചത്.
സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് താൻ ആരോപണം ഉന്നയിച്ചവർ ഇപ്പോഴും പാർട്ടിയുടെ ആളുകളായി പൊതു സമൂഹത്തിലും സോഷ്യൽ മീഡിയയിലും തെളിഞ്ഞു നിൽക്കുന്നുണ്ട്. പാർട്ടിയുടെ ഭാഗത്തു നിന്ന് തിരുത്തൽ ഉണ്ടാകില്ലെന്ന് ബോധ്യമായതോടെ പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നുവെന്ന് മനു തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്നെ പുറത്താക്കും മുൻപെ വിശദീകരണം ഒന്നും തേടിയിട്ടില്ലെന്നും പാർട്ടി അംഗത്വം പുതുക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മനസ് മടുത്തതു കൊണ്ടു വിട്ടു നിൽക്കുകയായിരുന്നുവെന്നുമെന്നാണ് മനു തോമസ് പ്രതികരിച്ചത്. എന്നാൽ മാറിയ സാഹചര്യത്തിൽ മനു തോമസ് മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്ക് പോകേണ്ട കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല. തീപ്പൊരി യുവജന നേതാവായ മനു തോമസ് ആലക്കോട് വായനയും എഴുത്തും കൃഷിയുമായി കഴിഞ്ഞു വരികയാണ്. ന്യൂന പക്ഷ മോർച്ചയിലേക്കാണ് ബിജെപി ക്ഷണിക്കാൻ സാധ്യതയെന്നാണ് വിവരം. ദേശീയതയിൽ വിശ്വസിക്കുന്ന ആർക്കും ബിജെപിയിലേക്ക് കടന്നു വരാമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.