- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കവിത'യുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സർവശക്തിയും സംഭരിക്കുമെന്നും മുന്നറിയിപ്പ്; തിരുനെല്ലിയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ, കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ ശക്തമാക്കി; മലയോരപ്രദേശങ്ങളിലും നഗരങ്ങളിലും പരിശോധന
കണ്ണൂർ: തിരുനെല്ലിയിൽ മാവോയിസ്റ്റ് യുവതിയുടെ മരണത്തിൽ തിരിച്ചടിക്കുമെന്ന പോസ്റ്റർ പ്രചരിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂർ റൂറൽ പൊലിസ് പരിധിയിലുള്ള പ്രദേശങ്ങളിലാണ് കനത്ത സുരക്ഷയേർപ്പെടുത്തിയത്. പുതുവർഷത്തിൽ അക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പരിശോധന. തളിപ്പറമ്പ് നഗരത്തിലുൾപ്പെടെ പൊലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തി. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
അയ്യൻകുന്ന് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട് സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ട വിവരം കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയത്. കണ്ണൂർ, കാസർകോട് അതിർത്തി പങ്കിടുന്നതും കർണാടക വനമേഖലയോട് ചേർന്നു നിൽക്കുന്നതുമായ അഞ്ചു പൊലിസ് സ്റ്റേഷനുകൾ മാവോയിസ്റ്റു ഭീഷണിയുടെ നിഴലിലാണ്. ചെറുപുഴ, പയ്യാവൂർ, ശ്രീകണ്ഠാപുരം, ആറളം, കൊട്ടിയൂർ പൊലിസ് സ്റ്റേഷനുകൾക്കാണ് ഭീഷണിയുള്ളത്.
തളിപറമ്പിൽ നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പി വി.രമേശൻ, തളിപ്പറമ്പ്എസ്.എച്ച്.ഒ എ.വി.ദിനേശൻ, ബോംബ് സ്‌ക്വാഡ് എസ്‌ഐ അജിത്കുമാർ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. അടുത്ത ദിവസങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ പരിശോധനയുണ്ടാവുമെന്ന് കണ്ണൂർ റൂറൽ പൊലിസ് മേധാവി എം. ഹേമലത അറിയിച്ചു. കവിതയുടെ മരണത്തിൽ തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് ഭീഷണി തിരുനെല്ലിയിൽ പോസ്റ്റർ രൂപത്തിൽ വന്നതോടെ കണ്ണൂരിന്റെ അതിർത്തി ഗ്രാമങ്ങളിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തണ്ടർബോൾട്ടും പൊലിസും അയ്യൻകുന്ന്, അമ്പായത്തോട് മേഖലകളിൽ നിരീക്ഷണം ശക്തമാക്കി.
മാവോയിസ്റ്റ് സംഘാംഗമായ ആന്ധ്രപ്രദേശിലെ റായസീമ സ്വദേശിനിയായ കവിത എന്ന ലക്ഷ്മി അയ്യൻകുന്ന് വനമേഖലയിൽ വെടിയേറ്റതിനെ തുടർന്ന് ചികിത്സ കിട്ടാതെ ചോര വാർന്നൊഴുകി മരിച്ചെന്ന വിവരമാണ് പുറത്തുവന്നത്. കണ്ണൂർ ഇരിട്ടിയിലെ അയ്യൻകുന്നിലെ ഞെട്ടിത്തോട് വനാതിർത്തിയിൽ നവംബർ-13 ന് രാവിലെ 9.50 നാണ് തണ്ടർബോൾട്ടിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കിടെ കവിതക്ക് വെടിയേറ്റത്. സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെൽവേലിയിലോ എത്തിച്ച് ചികിൽസ നൽകാനുള്ള സംവിധാനം മാവോയിസ്റ്റുകൾക്ക് ഉണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടായതിന് ശേഷം മാവോയിസ്റ്റുകൾക്ക് കനത്ത പൊലീസ് കാവൽ കാരണം കാടിന് പുറത്തെത്താനായില്ല. തുടർന്ന് വനത്തിനുള്ളിൽ തന്നെ ചികിൽസ തുടരുകയായിരുന്നു.
സിപിഐ (മാവോയിസ്റ്റ്) പശ്ചമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയുടെ പേരിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിലും തിരുനെല്ലി ഗുണ്ടികപറമ്പ് കോളനിയിൽ പതിച്ച പോസ്റ്ററുകളിലുമാണ് കവിത മരണപ്പെട്ട വിവരം മാവോയിസ്റ്റുകൾ അറിയിച്ചത്. കവിതയുടെ മൃതദേഹം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ടുന്ന എല്ലാ ബഹുമതികളും നൽകി പശ്ചിമഘട്ട വന മേഖലയിൽ സംസ്‌ക്കരിച്ചതായും ജോഗിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.
സിപിഐ(മാവോയിസ്റ്റ്)കബനി ഏരിയാ സെക്രട്ടറിയായ കവിതയുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സർവശക്തിയും സംഭരിക്കുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. എൽ.ഡി.എഫ് ഭരണകാലത്തുകൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത. നിലമ്പൂരിൽ കുപ്പുദേവരാജനുൾപ്പടെയുള്ള മാവോയിസ്റ്റുകൾ പൊലിസ് ഏറ്റുമുട്ടലിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്