- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാവോയിസ്റ്റുകളുടെ 'തല' ബസവരാജു ബസ്തറില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെ കനല് കെട്ടടങ്ങുന്നു; വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുള്ള കേരളത്തിലെ വര്‍ഗസമരത്തിന് വിട പറഞ്ഞ് മാവോയിസ്റ്റുകള്‍; സായുധസമരം അപ്രായോഗികമെന്ന് വിലയിരുത്തല്‍; പിടിച്ചു നില്ക്കാനാവാതെ കാടിറങ്ങി നേതാക്കള്‍
മാവോയിസ്റ്റുകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരാകുന്നു
തിരുവനന്തപുരം: വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നം കണ്ടുകൊണ്ട് വര്‍ഗസമരത്തിന് മുന്നിട്ടിറങ്ങിയ മാവോയിസ്റ്റുകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷരാകുന്നു. നഗരങ്ങള്‍ ഗ്രാമങ്ങളെ വളയുന്ന സാമൂഹിക അന്തരീക്ഷത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ, അവശേഷിച്ച പ്രവര്‍ത്തകര്‍ കൂടി കാടിറങ്ങിയതോടെ മാവോയിസ്റ്റുകളെന്ന വിഭാഗം തന്നെ സംസ്ഥാനത്ത് ഇല്ലാതായി. മാവോയിസ്റ്റ്് സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. മാവോയിസ്റ്റുകളുടെ സജീവസാന്നിധ്യം കേരളത്തില്‍ ഇല്ലാതായതോടെ സി.പി.ഐ (മാവോയിസ്റ്റ്) ഭീഷണി നേരിടാനുള്ള നടപടികള്‍ പുന:പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുകയാണ്.
കഴിഞ്ഞ 15 വര്‍ഷത്തോളമായി കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ച അതിതീവ്രസ്വഭാവമുള്ള സി.പി.ഐ (മാവോയിസ്റ്റ്) എന്ന സംഘടനക്ക് വിവിധ സംസ്ഥാനങ്ങളില്‍ സ്വയംഭരണാധികാരമുള്ള ജില്ലകളുണ്ട്. കേരളത്തില്‍ 2012 ല്‍ പശ്ചിമഘട്ട മലനിരകളിലാണ് മാവോയിസ്റ്റുകളുടെ ആദ്യ കാല്‍പ്പെരുമാറ്റം കേട്ടത്. തുടര്‍ന്ന് കണ്ണൂരിലെ ആറളം, പുളിങ്ങോം, വയനാട്ടിലെ തോല്‍പ്പട്ടി, ബ്രഹ്‌മഗിരി, തിരുനെല്ലി വനങ്ങളില്‍ ആയുധധാരികളെത്തിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാര്യമാക്കിയില്ല. 2013 ഒക്ടോബര്‍ 27 ന് കോഴിക്കോട് നവനക്സലുകളുടെ ആദ്യ വിപ്ലവാഗ്‌നി ഉയര്‍ന്നു. വിലങ്ങാട് ചൂരണിമലയില്‍ ക്രഷര്‍ യൂണിറ്റിലെ മണ്ണുമാന്തി യന്ത്രം കത്തിച്ചു കൊണ്ടായിരുന്നു മല തകര്‍ക്കുന്നതിനെതിരെയുള്ള പ്രതിഷേധം.
പാര്‍ട്ടിയുടെ കേന്ദ്ര മിലിറ്ററി കമ്മിഷനു കീഴില്‍ വരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മി (പിഎല്‍ജിഎ) എന്ന സായുധവിഭാഗം ഗോവ മുതല്‍ ഇടുക്കി വരെയുളള വനമഖലയില്‍ രൂപീകരിച്ച പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റിക്കു കീഴില്‍ ആറു ദളങ്ങള്‍ (ഏരിയാ കമ്മിറ്റികള്‍) രൂപീകരിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചത്. കണ്ണൂര്‍- വയനാട്- കര്‍ണാടക അതിര്‍ത്തിയിലെ വനമേഖലയില്‍ കബനീദളവും കോഴിക്കോട്- വയനാട് അതിര്‍ത്തിയില്‍ ബാണാസുരദളവും നിലമ്പൂര്‍- നീലഗിരി മേഖലയില്‍ നാടുകാണിദളവും അട്ടപ്പാടി- അഗളി മേഖലയില്‍ ശിരുവാണിദളവും പാലക്കാട്- കോയമ്പത്തുര്‍ മേഖലയില്‍ ഭവാനിദളവും വയനാട്ടില്‍ കേരള- കര്‍ണാടക- തമിഴ്നാട് വനാതിര്‍ത്തിയിലെ ട്രൈ ജങ്ഷനില്‍ വരാഹിണിദളവും രൂപീകരിക്കപ്പെട്ടു.
2014 ലാണ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ സജീവ സാന്നിധ്യം അറിയിച്ചത്. കൊച്ചിയിലെ നീറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമണം, വയനാട് തിരുനെല്ലി റിസോര്‍ട്ട് ആക്രമണം, കുഞ്ഞോത്തെ വനംവകുപ്പ് ഔട്ട്്പോസ്റ്റിനെതിരെയുള്ള ആക്രമണം, പാലക്കാട് ചന്ദ്രനഗറിലെ മക്ഡൊണാള്‍ഡ്സ്- കെ.എഫ്.സി ഔട്ട്ലെറ്റുകള്‍ക്ക് എതിരെയുള്ള ആക്രമണം എന്നിവക്കു പുറമേ 2014 ഡിസംബര്‍ ഏഴിന് വയനാട് തൊണ്ടര്‍നാട് കോളനിയില്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്ത് ആദ്യത്തെ പരസ്യ ഏറ്റുമുട്ടലിനും മാവോയിസ്റ്റുകള്‍ തയ്യാറായി. ഇതോടെ മാവോയിസ്റ്റുകളെ നേരിടാനും അടിച്ചമര്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ട് എന്ന പ്രത്യേകസേനക്കു രൂപം നല്‍കി.
കേരളത്തില്‍ മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് കരുത്തു പകരുകയും പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന മുതിര്‍ന്ന നേതാവായിരുന്ന രൂപേഷ് 2015 ല്‍ അറസ്റ്റിലായി.
ആശയ പ്രചരണത്തിനും താത്വിക വിമര്‍ശനങ്ങള്‍ക്കും മുന്‍പിലുണ്ടായിരുന്ന മറ്റൊരു നേതാവായിരുന്ന മുരളി കണ്ണമ്പിള്ളി കൂടി അറസ്റ്റിലായതോടെ ആശയ പ്രചരണത്തിന് ഇടിവുണ്ടായി. പിന്നീട് തണ്ടര്‍ബോള്‍ട്ടിന്റെ ശക്തമായ തിരിച്ചടിയാണ് കേരള വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ നേരിട്ടത്. 2016 നവംബറില്‍ മലപ്പുറം കരുളായി വനത്തില്‍ പൊലീസ് വെടിവയ്പില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെട്ടു. ഇതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും കീഴടങ്ങാനെത്തിയവരെ വെടിവച്ചു കൊല്ലുകയായിരുന്നെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
തുടര്‍ന്ന് 2019 മാര്‍ച്ചില്‍ ലക്കിടിയിലെ റിസോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ കബനിദളത്തിലെ സി.പി. ജലീലും 2019 ഒക്ടോബറില്‍ പാലക്കാട് മഞ്ചിക്കണ്ടിയിലുണ്ടായ വെടിവയ്പില്‍ കാര്‍ത്തി, മണിവാസകം, സുരേഷ്, ശ്രീമതി എന്നിവരും 2020 നവംബറില്‍ ബാണാസുര പന്തിപ്പൊയില്‍ വാളാരംകുന്നിലുണ്ടായ വെടിവയ്പില്‍ മാവോയിസ്റ്റ് വേല്‍മുരുകനും കൊല്ലപ്പെട്ടു. ഇതിനിടെ ചില പ്രമുഖ നേതാക്കള്‍ കീഴടങ്ങി.
കഴിഞ്ഞവര്‍ഷം വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വയനാട് സ്വദേശിയായ ജിഷയും കൂട്ടരും ജനുവരിയില്‍ കര്‍ണാടകയില്‍ കീഴടങ്ങിയതോടെയാണ് 13 വര്‍ഷം നീണ്ട കേരളാതിര്‍ത്തിയിലെ സി.പി.ഐ (മാവോയിസ്റ്റ്്) പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ജിഷക്കു പുറമേ കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള ആറ് മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങിയിരുന്നു. കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി, തമിഴ്‌നാട് സ്വദേശി കെ.വസന്ത് എന്നിവരാണ് കീഴടങ്ങിയത്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വര്‍ധിക്കുകയും, സായുധസമരം വ്യാജമായ ഏറ്റുമുട്ടലുകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയും ചെയ്യുന്ന സാമൂഹിക അന്തരീക്ഷത്തില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സായുധസമരത്തിന് ഇനി എന്തു പ്രസക്തിയാണുള്ളതെന്ന ചോദ്യമുയര്‍ത്തിയാണ് നേതാക്കള്‍ കീഴടങ്ങിയത്.
തലയ്ക്ക് ഒരുകോടി രൂപ പ്രഖ്യാപിച്ചിരുന്ന ഉന്നതതല മാവോയിസ്റ്റ് നേതാവ് ബസവരാജു കൊല്ലപ്പെട്ടതിന് പിന്നാലെ, സായുധ സമരം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞമാസം കേന്ദ്ര കമ്മിറ്റി വക്താവായ അഭയ്യയുടെ പേരില്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രസ്താവന വന്നിരുന്നു. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ് റാവു അഥവാ ബസവരാജു കൊല്ലപ്പെട്ടതിന് ഏകദേശം നാലുമാസത്തിന് ശേഷമായിരുന്നു ഈ പ്രസ്താവന. ബസവരാജു തന്നെ നേരത്തെ മുന്‍കൈയെടുത്ത് ആരംഭിച്ചിരുന്ന സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ തയ്യാറാണെന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഹകരിക്കണമെന്നും ഭാവിയില്‍ പൊതു ആവശ്യത്തിനായി പോരാടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും കഴിയുന്നത്ര സഹകരിച്ച് പോരാടുമെന്നും പോസ്റ്റിലുണ്ടായിരുന്നു. നേരിട്ട് ചര്‍ച്ച നടത്താന്‍ ഒരുമാസത്തെ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ വനമേഖലകളില്‍ മാവോയിസ്റ്റുകള്‍ ഇല്ലാതായതോടെ തണ്ടര്‍ബോള്‍ട്ടിനു പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടി വരും. നിലവില്‍ രണ്ടു വിഭാഗമായാണ് തണ്ടര്‍ബോള്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ലോക്കല്‍ പോലീസ് സ്റ്റേഷന്റെ സുരക്ഷയും മറ്റുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ഒരുവിഭാഗവും വനത്തിലും മറ്റും ദൗത്യത്തിനു പോകുന്ന മറ്റൊരു വിഭാഗവും. മാവോയിസ്റ്റുകള്‍ ഇല്ലാതായെങ്കിലും തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നിട്ടില്ല. ഉത്സവങ്ങള്‍ ഉള്‍പ്പെടെ ജനക്കൂട്ടമുണ്ടാകുന്ന ഇടങ്ങളില്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തണ്ടര്‍ബോള്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നല്‍കുന്നുണ്ട്. ഇവരെ പുനര്‍വിന്യസിക്കുന്നതും മാവോയിസ്റ്റ് ഭീഷണി നേരിടാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ പരിമിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.