കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമരം ചെയ്യുന്നവര്‍ ഒറ്റയ്ക്കല്ലെന്നും സമരത്തില്‍ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാര്‍ സഭ ഒപ്പമുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് സമരപ്പന്തലിലെത്തി പറഞ്ഞു.

സമരക്കാരില്‍ അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വരഹിതമായ രീതിയില്‍ സമരക്കാരുടെ ആവശ്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും മുനമ്പംകാര്‍ക്ക് മനുഷ്യത്വപരമായി നീതിയും സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ സത്യാഗ്രഹം മാതൃകയിലുള്ള പോരാട്ടമാണെന്നും അക്രമസക്തമായ രീതിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ആയിരം കേന്ദ്രങ്ങളില്‍ നാളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലല്‍ നടത്തും. ക്രൈസ്തവ പുരോഹിതര്‍ വര്‍ഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമര്‍ശത്തിനും മേജര്‍ ആര്‍ച്ച് ബിഷപ്പ് മറുപടി നല്‍കി. മന്ത്രി പറയുന്നത് കേട്ട് എന്റെ ഈ ളോഹ ഊരി മാറ്റാന്‍ കഴിയുമോയെന്നും ഞാന്‍ നില്‍ക്കുന്ന ആശയങ്ങള്‍ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നില്‍ക്കുന്നില്ലെങ്കില്‍ ഒറ്റുകാരാകും. ളോഹ ഊരിമാറ്റി ഖദര്‍ ഷര്‍ട്ട് ഇട്ട് സമര പന്തലില്‍ വന്ന് നില്‍ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. മുനമ്പത്തെ പ്രശ്‌നം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്ത് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പര്‍ കയ്യില്‍ക്കിട്ടുമ്പോള്‍ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിര്‍ബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങള്‍ക്കറിയാമെന്ന് നിങ്ങള്‍ തെളിയിക്കണം.'' മാര്‍ റാഫേല്‍ തട്ടില്‍ സമരപ്പന്തലില്‍ പറഞ്ഞു.

''സഭയെന്നതിനേക്കാള്‍ ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. ജനാധിപത്യമൂല്യങ്ങള്‍ക്ക് അടിസ്ഥാനമായി പ്രശ്‌നം പരിഹരിക്കണം. ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണം.'' മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈസ്തവ സഭ വര്‍്ഗീയത കലര്‍ത്തുന്നു: മന്ത്രി വി അബ്ദുറഹിമാന്‍

മുനമ്പം സമരത്തില്‍ ക്രൈസ്തവ സഭ വര്‍ഗീയത കലര്‍ത്തുകയാണെന്ന് വഖഫ് മന്ത്രി വി അബ്ദുറഹിമാന്‍. വര്‍ഗീയപരാമര്‍ശം അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ന്യൂനപക്ഷത്തെ രണ്ടായി കാണുന്നില്ലെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. ഏത് വിധേനെയും അവിടെ താമസിക്കുന്നവരെ സംരക്ഷിക്കണം എന്നുള്ള നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അവിടെ താമസിക്കുന്നവരുടെ പക്ഷമാണ് ഞങ്ങളുടെ പക്ഷമെന്നും മന്ത്രി പറഞ്ഞു.