കോഴഞ്ചേരി: നാലു മന്ത്രിമാരെ സാക്ഷിയാക്കി സർക്കാരിനെ വിമർശിച്ച് മാർത്തോമ്മ മെത്രാപ്പൊലീത്ത. 129-ാമത് മാരാമൺ കൺവൻഷന്റെ ഉദ്ഘാടന വേദിയിലായിരുന്നു മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ തുറന്നു പറച്ചിൽ.

വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന കേരളത്തിലാണ് നാം ജീവിക്കുന്നതെന്നും അധികാരികൾ എങ്ങനെയൊക്കെ വിശദീകരിച്ചാലും പലതിനും ന്യായീകരണമില്ലെന്നും മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ പറഞ്ഞു. സാമൂഹിക സേവനപ്രവർത്തനങ്ങൾക്കാണ് സെസ് എന്നാണ് സർക്കാരും ധനമന്ത്രിയും പറയുന്നത്. ഇത് യുക്തിക്ക് നിരക്കുന്നതല്ല. ഇന്ധന സെസ്, വെള്ളക്കരം, നികുതി ഇതൊക്കെ സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയില്ല. തൊഴിലില്ലായ്മ ദേശീയതലത്തിൽ ആറ് ശതമാനം ആണെങ്കിൽ കേരളത്തിൽ അത് 11 ശതമാനമാണ്. കടബാധ്യത 80 ശതമാനവും.

ഉയർന്ന ചികിത്സാ ചെലവ് കേരളത്തിൽ സാധാരണക്കാരെ വലയ്ക്കുന്നു. 15000 കോടി രൂപയുടെ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇവിടെയാണ് സൗജന്യ ചികിസ പ്രസക്തമാകുന്നതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മന്ത്രിമാരായ വീണാ ജോർജ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ആന്റണി രാജു, എന്നിവരെ സാക്ഷിയാക്കിയായിരുന്നു വിമർശനം.

നാനാത്വത്തിൽ ഏകത്വം പോഷിപ്പിക്കുന്ന കേരളത്തിൽ നവോഥാനത്തിന്റെ മാതൃകയാണ് മരാമണ്ണിലെ ആത്മീയ സംഗമം. ഭിന്നിക്കുന്നവരെ ഒന്നിപ്പിക്കുകയാണ് മാരാമൺ മണൽപ്പുറം ലക്ഷ്യമിടുന്നതെന്നും ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത. മാരാമൺ കൺവൻഷൻ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് കൂടിയായ മെത്രാപ്പൊലീത്ത. ആർഷ ഭാരത സംസ്‌കാരത്തിൽ ഊന്നിയുള്ള പ്രവർത്തനം നാടിന് ഗുണകരമാകും. ലഹരിക്ക് അടിമപ്പെടാതെ സത്യം ധർമ്മം, നീതി തുടങ്ങിയവയ്ക്കായുള്ള സമരമാണ് യുവജനത സ്വീകരിക്കേണ്ടത്. ആധ്യാത്മികതയ്ക്ക് പുതുവഴി തേടുന്ന ആധുനിക കാലഘട്ടത്തിൽ യേശുവിന്റെ വഴികൾക്ക് ഏറെ പ്രാധാന്യമുണ്ട്. വിശ്വാസത്തിൽ ഉറച്ച് നിന്ന് പ്രതിസന്ധികൾ തരണം ചെയ്യണമെന്നാണ് നമ്മെ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംഎ‍ൽഎമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായൺ, കെ.യു. ജനീഷ് കുമാർ, ചിറ്റയം ഗോപകുമാർ, മുൻ എംപി പി.ജെ. കുര്യൻ, മുൻ എംഎ‍ൽഎ മാരായ മാലേത്ത് സരളാദേവി, ജോസഫ് എം.പുതുശേരി, എലിസബത്ത് മാമൻ മത്തായി, ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലുർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറാ തോമസ്, ജോർജ് മാമൻ കൊണ്ടൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജി അലക്സ്, അനീഷ് കുന്നപ്പുഴ, സാലി ലാലു, സാറാമ്മ സാജൻ, ജിജി വറുഗീസ്, സുവിശേഷ സംഘം മുൻ ട്രസ്റ്റീ സാജൻ മാരാമൺ, പി.പി.അച്ചൻ കുഞ്ഞ്, പീലിപ്പോസ് തോമസ്, ജോർജ് കുന്നപ്പുഴ, കെ.കെ.റോയിസൺ,ജെറി മാത്യു തുടങ്ങിയവർ ഉദ്ഘാടന യോഗത്തിൽ സംബന്ധിച്ചു.