- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലിനജലവും പുഴുവും ഒഴുകിപ്പരന്നതോടൊപ്പം അസഹ്യമായ ദുർഗന്ധം; നാട്ടുകാരുടെ സംശയത്തിൽ തെളിഞ്ഞത് രണ്ട് വലിയ കണ്ടെയ്‌നർ ലോറികളിലെ അഴുകിയ മത്സ്യം; ഏറ്റുമാനൂരിൽ പിടിച്ചത് വിശാഖപട്ടണത്തെ 300 കിലോ അഴുകിയ മീൻ; കോഴി ഇറച്ചിക്ക് പിന്നാലെ മത്സ്യത്തിലും പ്രതിസന്ധി; ആർക്കും വേണ്ടാത്തതെല്ലാം അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ
കൊച്ചി: കോഴി ഇറച്ചിക്ക് പിന്നാലെ മീൻ ദുരന്തവും. കേരളത്തിലെ അതിർത്തിയിലൂടെ എന്തും ഏതും കേരളത്തിലേക്ക് കൊണ്ടു വരാമെന്ന് തെളിയുകയാണ് വീണ്ടും. അതിർത്തിയിൽ ആരും ഒന്നും പരിശോധിക്കുന്നില്ല. മരടിന് അടുത്ത് ദേശീയപാതയോരത്തു നിർത്തിയിട്ടിരുന്ന 2 വലിയ കണ്ടെയ്‌നർ ലോറിയിൽ കണ്ടെത്തിയ അഴുകിയ മത്സ്യം പിടികൂടി നശിപ്പിച്ചത് അതിർത്തിയിലെ അനാസ്ഥയ്ക്ക് തെളിവാണ്. ആന്ധ്രയിൽ നിന്നെത്തിയ വണ്ടിയിൽ 10,000 കിലോഗ്രാം 'രോഹു' മത്സ്യമാണ് പുഴുവരിക്കുന്ന നിലയിൽ ഉണ്ടായിരുന്നത്.
മലിനജലവും പുഴുവും ഒഴുകുന്നതോടൊപ്പം അസഹ്യമായ ദുർഗന്ധം വമിച്ചതോടെയാണ് മരട് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. വാഹനം പൂർണമായും താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വാഹനത്തിന്റെ പിൻഭാഗത്തെ താഴ് തല്ലിത്തുറന്നാണ് വാഹനത്തിനകത്ത് കയറിയത്. പരിശോധനയ്ക്കിടെ വാഹനത്തിന്റെ താക്കോൽ കണ്ടെയ്‌നറിനകത്തു നിന്നു കിട്ടി. മീനുകൾ കുഴികുത്തി മൂടി ലോറികൾ കസ്റ്റഡിയിലെടുത്ത് നഗരസഭ അങ്കണത്തിലേക്കു മാറ്റി. എങ്ങനെയാണ് ഈ അഴുകിയ മീൻ കേരളത്തിലെത്തിയതെന്നാണ് ഉയരുന്ന ചോദ്യം. അതിർത്തിയിലൂടെ എത്തുന്ന കോഴിയും മീനും അഴുകാൻ സാധ്യതയുള്ള മറ്റ് ഭക്ഷ്യവസ്തുക്കളും പരിശോധിക്കേണ്ടതിന്റെ അനിവാര്യതയാണ് ചർച്ചയാകുന്നത്.
മരടിൽ മാത്രമല്ല ഏറ്റുമാനൂരിലും 300 കിലോ മീൻ അഴുകിയ നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിനു സമീപം നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നു ദുർഗന്ധം വമിക്കുന്ന മീൻ കണ്ടെത്തി. ഐസിട്ട് 63 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 300 കിലോയോളം മീൻ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. സാംപിളുകൾ ശേഖരിച്ചെന്നും പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
നഗരസഭാ കാര്യാലയത്തോടു ചേർന്നുള്ള ചിറക്കുളത്തിനു സമീപം പാർക്ക് ചെയ്തിരുന്ന കണ്ടെയ്‌നർ ലോറിയിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാരും വ്യാപാരികളുമാണ് നഗരസഭാധ്യക്ഷ ലൗലി ജോർജിനെ വിവരമറിയിച്ചത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി അൻപഴകനെ തടഞ്ഞുവച്ച നാട്ടുകാർ പൊലീസിനെയും വിളിച്ചു. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മത്സ്യം പഴകിയതാണെന്നു സംശയം തോന്നി. തുടർന്നു ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചു.
വിശാഖപട്ടണത്തു നിന്നാണു മീൻ എത്തിച്ചതെന്നു ലോറി ഡ്രൈവർ മൊഴി കൊടുത്തിട്ടുണ്ട്. മത്സ്യം പഴകിയതാണോയെന്നു സ്ഥിരീകരിക്കണമെങ്കിൽ പരിശോധനാഫലം വരണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. അതായത് ഇതരസംസ്ഥാനത്ത് നിന്ന് വൻതോതിൽ പഴകിയ മീനും കേരളത്തിലേക്ക് എത്തുന്നുണ്ട്. അതിർത്തിയിൽ തന്നെ ഇതു കണ്ടെത്തി തടഞ്ഞില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് അത് കാരണമാകും.
അരൂർ - ഇടപ്പള്ളി ദേശീയപാതയോരത്ത് മരട് നഗരസഭാ പരിധിയിലെ കുണ്ടന്നൂർ വികാസ് നഗറിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വലിയ കണ്ടെയ്‌നർ ലോറികളിലാണ് നിറയെ അഴുകിയ മത്സ്യം ഉണ്ടായിരുന്നത്. വണ്ടിയിൽനിന്ന് മലിനജലവും പുഴുവും ഒഴുകിപ്പരന്നതോടൊപ്പം അസഹ്യമായ ദുർഗന്ധം വരുന്നതായി നാട്ടുകാർ മരട് നഗരസഭയിൽ അറിയിക്കുകയായിരുന്നു.
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും എത്തി. പരിശോധന കണ്ടതോടെ വാഹനത്തിന്റെ ഡ്രൈവർമാർ മാറിക്കളഞ്ഞു. രണ്ട് ലോറികളുടെയും താക്കോൽ വാഹനത്തിൽ തന്നെ െവച്ചശേഷമാണ് ഡ്രൈവർമാർ സ്ഥലംവിട്ടത്. ആന്ധ്രയിൽനിന്നുവന്ന കണ്ടെയ്‌നറിൽ രോഹു, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതൽ. രണ്ട് ആഴ്ചയിൽ കൂടുതൽ പഴക്കമുള്ള മത്സ്യമാണെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഷംസിയ പറഞ്ഞു. പ്രദേശം ബ്ലീച്ചിങ് പൗഡർ ഇട്ടു വൃത്തിയാക്കിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
താഴിട്ടു പൂട്ടിയ നിലയിലാണ് കണ്ടെയ്‌നറുകൾ കാണപ്പെട്ടത്. വാഹനത്തിന്റെ പിൻഭാഗത്തെ താഴ് തല്ലിത്തുറന്നാണ് അകത്ത് കയറി പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് വാഹനത്തിന്റെ താക്കോൽ കണ്ടെയ്‌നറിനകത്തു നിന്നു കണ്ടുകിട്ടി. രണ്ട് വണ്ടികളിൽനിന്നുമായി നാലായിരം കിലോ തൂക്കം വരുന്ന മത്സ്യം നഗരസഭ തന്നെ കണ്ടെത്തിയ സ്ഥലത്ത് ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴികുത്തി മൂടി.
ഉടമസ്ഥനെ കണ്ടെത്തി നഗരസഭയ്ക്കു വന്നിട്ടുള്ള ചെലവ് ഈടാക്കാനും മറ്റ് നിയമ നടപടികൾക്കുമുള്ള നീക്കങ്ങളിലാണെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു. ഞായറാഴ്ചയാണ് ഈ വാഹനങ്ങൾ മരടിൽ എത്തിയത്. മീൻ നശിക്കാതിരിക്കുന്നതിനായി അമോണിയ, ഫോർമാലിൻ അടക്കമുള്ള രാസപദാർഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയമുള്ളതായി ഭക്ഷ്യസുരക്ഷാവകുപ്പ് പറഞ്ഞു.
മംഗലാപുരത്ത് നിന്നും ഗോവയിൽ നിന്നും മത്സ്യങ്ങൾ എത്തിച്ച് പല ജില്ലകളിലേക്കും കൊണ്ടു പോകുന്നത് ഇവിടെ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരത്തിൽ ചെറുവാഹനങ്ങളിലായി ജില്ലയുടെ പല ഭാഗത്തേക്കും ഈ മത്സ്യങ്ങൾ കൊണ്ടുപോയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ