കണ്ണൂർ: സിപിഎം ഭരിക്കുന്ന കൂത്തുപറമ്പ് നഗരസഭയിലെ വലിയ വെളിച്ചത്തെ കിൻഫ്രാ പാർക്കിൽ സ്വകാര്യ സ്ഥാപനം തയ്‌ച്ചെടുക്കുന്നത് ഇസ്രയേൽ പൊലിസിനും സൈന്യത്തിനുമുള്ള വസ്ത്രങ്ങൾ. പാർട്ടിക്ക് ഇസ്രയേൽ സയണിസ്റ്റ് ഭീകര രാജ്യമാണെങ്കിലും ഇവിടെയുള്ള സ്ത്രീ തൊഴിലാളികൾക്ക് അതൊന്നും അറിയില്ല. ഇസ്രയേൽ - ഹമാസ് യുദ്ധം പശ്ചിമേഷ്യയിൽ കൊടുമ്പിരി കൊള്ളവേ കണ്ണൂർ ജില്ലയിൽ നിന്നാണ് ഇസ്രയേൽ പൊലിസിനും സേനയ്ക്കും യൂനിഫോം തയ്ക്കുന്ന വനിതാ തൊഴിലാളികൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരാവുന്നത്.

ഇവരെ കുറിച്ചു വാർത്തകൾ വന്നിട്ടുണ്ടെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ ഇസ്രയേലിൽ നിന്നുംഓർഡറുകൾ അധികം വന്ന സാഹചര്യത്തിൽ ഇവരും നല്ല തിരക്കിലാണ്. കുത്തുപറമ്പ് - തലശേരി സ്വദേശിനികളായ ആയിരത്തി അഞ്ഞൂറ് സ്ത്രീകളാണ് ഇസ്രയേലിനു വേണ്ടി കൂത്തുപറമ്പ് കിൻഫ്രാ പാർക്കിലെ മരിയൻ അപ്പാരൽസിൽ വസ്ത്രങ്ങൾ തുന്നുന്നത്. എല്ലാവർഷവും കരാർ കമ്പിനിയായ മരിയൻ അപ്പാര ൽസ് ഇസ്രയേലിനു വേണ്ടി വസ്ത്രങ്ങൾ തുന്നാറുണ്ടെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കൂടുതൽ ഓർഡർ ലഭിച്ചതു കാരണം രാപ്പകൽ തിരക്കിലാണ്.

ഫുൾ കൈയും ഇരട്ട പോക്കറ്റുമുള്ള യൂനിഫോമിന്റെ സ്‌ളീവുകളിൽ രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം വച്ചാണ് അയക്കുന്നത്. എട്ടു വർഷമായി കുത്തുപറമ്പിലെ സ്ഥാപനം ഈ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിട്ട്. തുടക്കത്തിൽ ഇസ്രയേലി കമാൻഡർമാരും ലേഡീ ഓഫിസർമാരും ഡിസൈനർമാരും ക്വാളിറ്റി കൺട്രോൾ മാരും പ്രവൃത്തി നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ഇവിടെ എത്തിയിരുന്നു. മുംബെയിലെ കമ്പിനിയുടെ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന തുണിയാണ് വസ്ത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

ആകാശനീല, ഫോറസ്റ്റ് ഗ്രീൻ, നേവി ബ്‌ളൂ , ഇളം പച്ച യുനിഫോമുകളാണ് ഇവിടെ നിർമ്മിക്കുന്നത്. പ്രവൃത്തിയുടെ അവസാന ഘട്ടത്തിൽ ഇസ്രയേൽ പ്രതിനിധി പാക്കിങ്ങിന് മുൻപ് ഗുണമേന്മ ഉറപ്പു വരുത്തും. യുദ്ധമുഖത്ത് ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന കറുത്ത യൂനിഫോമും ജയിൽ വാർഡർ മാർ ഉപയോഗിക്കുന്ന യുനിഫോമും തയ്യാറാക്കുന്നതും ഇവിടെ തന്നെയാണ് ഇസ്രയേലിൽ നിന്നും ഇതിനായി കരാർ എടുത്ത വൻകിട കമ്പിനിയാണ് ഔട്ട്‌സോഴ്‌സ് വർക്കിനായി മരിയൻ അപ്പാര ൽസിനെ ഏൽപിക്കുന്നത്. തൊടുപുഴ സ്വദേശിയായ തോമസ് ഓരിക്കലാണ് കമ്പിനിയുടെ എം.ഡി. മുംബെയിലാണ് കമ്പനിയുടെ ഹെഡ് ഓഫിസ് പ്രവർത്തിച്ചു വരുന്നത്. തുന്നൽ കമ്പിനി മാത്രമാണ് കണ്ണൂരിൽ പ്രവർത്തിച്ചു വരുന്നത്.

2006 ൽ തിരുവനന്തപുരത്ത് ആരംഭിച്ച കമ്പിനി കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. രണ്ടായിരത്തോളം പേർക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. കൈത്തറി മേഖലയുടെ തകർച്ചയോടെ പ്രതിസന്ധി നേരിട്ട കുത്തുപറമ്പ്, തലശേരി മേഖലയിലെ സ്ത്രീകൾക്ക് ചെറിയ തോതിലെങ്കിലും തൊഴിൽ നൽകി പുനരധിവസിപിക്കാൻ മരിയൻ അപ്പാര ൽസിന് കഴിഞ്ഞിട്ടുണ്ട് ഇസ്രയേൽ പൊലീസിന്റെയും കുവൈറ്റ് അഗ്‌നിശമന സേനയുടെയും ഒക്കെ യൂണിഫോം തയാറാക്കുന്ന മരിയൻ അപ്പാരൽസിന്.

ഇനി ഫിലിപ്പെയിൻസ് സേനക്ക് കൂടിയുള്ള യൂണിഫോമുകൾ തയാറാക്കാൻ ഓർഡർ കിട്ടിയിട്ടുണ്ട്. കുവൈറ്റിലെ നാഷണനൽ ഗാർഡിന്റെയും ഫയർ സർവീസിന്റെയും ഖത്തർ എയർഫോഴ്‌സിന്റെയും യൂനിഫോമുകളും ഇവിടെ തയ്ക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് ഡോക്ടർമാരുടെ കോട്ടുകൾ, രോഗികൾക്കുള്ള യൂനിഫോം, സൂപ്പർ മാർക്കറ്റ് ജീവനക്കാരുടെയും ഐ.ടി പ്രൊഫഷണൽ സ് അണിയുന്ന കോട്ടുകളും ഇവിടെ തയ്യാറാക്കുന്നുണ്ട്.

ഇസ്രയേൽ പൊലീസിനു പ്രതിവർഷം 50,000 ഷർട്ടുകളാണ് ഒരുക്കുന്നത്. ഇസ്രയേലിലേക്ക് നേരിട്ടാണ് ഇവിടെനിന്നു കയറ്റി അയക്കുന്നത്. പൊലീസ് യൂണിഫോമിൽ മാത്രം ഒതുങ്ങുന്നില്ല സ്ഥാപനത്തിന്റെ ഇസ്രയേൽ ബന്ധം. ഇസ്രയേൽ ജയിൽ വാർഡന്മാരുടെ യൂണിഫോം തുന്നുന്നതും ഇവിടെയാണ്. മുംബൈയിലെ സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന തുണിയാണ് ഇതിന് ഉപയോഗിക്കുന്നത്. പ്രതിവർഷം 30,000 ഓർഡറുകളാണ് ലഭിക്കുന്നതെന്ന് ഫാക്ടറി മാനേജർ ടി.വി. സനീഷ് പറഞ്ഞു.

എന്നാൽ വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം സ്ഥാപനത്തിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തൊഴിൽ പരിശീലനം നേടിയവർ വിട്ടു പോകുന്നതും മറ്റുസ്ഥാപനങ്ങളിലേക്ക് ചേക്കേറുന്നതും പതിവാണെന്ന് കമ്പിനി അധികൃതർ പറയുന്നു 95 ശതമാനം തദ്ദേശിയരായ സ്ത്രികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 50 മുതൽ 70 കോടി രൂപ വരെയാണ് കമ്പിനിയുടെ വാർഷിക വരുമാനം. കണ്ണൂരിലെ പരമ്പരാഗത തൊഴിലായ കൈത്തറി മേഖല തകർന്നതു കാരണം മരിയൻ അപ്പാര ൽസിലൂടെ അതിജീവിക്കാൻ ശ്രമിക്കുന്ന ധാരാളം സ്ത്രീ തൊഴിലാളികളുണ്ട്.