പറവൂർ : വിവാഹമണ്ഡപത്തിൽ വച്ച് മുഹൂർത്തത്തിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്.എറണാകുളം വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

വരണമാല്യവുമായി നിൽക്കുന്നതിനിടയിൽ വരനോട് രഹസ്യമായി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വ്യക്തമാക്കി ആയിരുന്നു യുവതിയുടെ പിന്മാറ്റം. ഇരുവിഭാഗത്തിൽ നിന്നുമുള്ള ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു വധുവിന്റെ നടപടി.വധുവിന്റെ സമ്മതമില്ലാതെയാണ് വിവാഹം നടത്തുന്നതെന്ന് അറിഞ്ഞ വരൻ സ്വമനസ്സാലെയാണ് വിവാഹത്തിൽ നിന്ന് പിൻവാങ്ങിയത്. വധുവിനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പൂർണ്ണ പിന്തുണകൊടുക്കാനും വരൻ തയ്യാറായി എന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

യുവതിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്ത് ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. വീട്ടുകാരായിരുന്നു പെണ്ണുകാണൽ നടത്തിയതും സംസാരിച്ചതുമൊക്കെ. എന്നാൽ ഈ വിവാഹം വേണ്ടെന്ന് വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.പെണ്ണുകാണൽ നടത്തിയപ്പോൾ യുവാവുമായി സംസാരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പെൺകുട്ടി അയാളുമായി പ്രണയത്തിലാകുകയായിരുന്നു.എന്നാൽ ആ വിവാഹം വേണ്ടെന്നു വീട്ടുകാർ പറഞ്ഞതോടെ യുവതി പ്രതിസന്ധിയിലാകുകയും ചെയ്തു.

മുമ്പ് കാണാനെത്തിയ യുവാവിന്റെ ജാതകവുമായി പെൺകുട്ടിയുടെ ജാതകത്തിന് പൊരുത്തം കുറവാണെന്നും യുവാവിന് കുടുംബമഹിമ കുറവാണെന്നും പറഞ്ഞായിരുന്നു ആ വിവാഹം വീട്ടുകാർ ഒഴിവാക്കിയതെന്നാണ് സൂചനകൾ.അതിനിടയിലാണ് പുതിയൊരാൾ പെണ്ണുകാണാനെത്തുന്നതും ആ വിവാഹം ഉറപ്പിക്കുന്നതും. പെൺകുട്ടിയുടെ സമ്മതമില്ലാതെയാണ് വീട്ടുകാർ വിവാഹം ഉറപ്പിച്ചതെന്നാണ് വിവരം. തന്റെ പ്രണയത്തിനു വേണ്ടി യുവതി വീട്ടുകാരോട് നിരന്തരം വാദിച്ചെങ്കിലും അവർ ചെവിക്കൊള്ളുവാൻ തയ്യാറായതുമില്ല. ഇതോടെയാണ് മറ്റു വഴികളില്ലാതെ യുവതി ഈ രീതി തിരഞ്ഞെടുത്തത്.

യുവതിയുടെ വാക്കുകൾ കേട്ട വരന് കാര്യങ്ങൾ ഏകദേശം ബോധ്യമായി. ഇതോടെ താൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് വരൻ അറിയിക്കുകയായിരുന്നു.തുടർന്ന് വരനും കുടുംബവും വടക്കേക്കര പൊലീസിൽ വിവരമറിയിച്ചു.പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു.ഒത്തുതീർപ്പിനൊടുവിൽ വരന്റെ കുടുംബത്തിനുണ്ടായ ചെലവ് യുവതിയുടെ വീട്ടുകാർ നഷ്ടപരിഹാരമായി നൽകാമെന്ന് അറിയിക്കുകയായിരുന്നു.

വിവാഹ ദിനം ക്ഷേത്രത്തിൽ ആദ്യമെത്തിയത് വധുവും സംഘവുമായിരുന്നു. അതിനു പിന്നാലെ വരനും സംഘവും എത്തി. ജ്യോത്സ്യൻ നിശ്ചയിച്ചു നൽകിയ മുഹൂർത്തത്തിൽ ത്തന്നെ വിവാഹച്ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. മുഹൂർത്തമെത്തിയതോടെ താലി ചാർത്തുന്നതിനുള്ള കർമങ്ങൾ ആരംഭിച്ചു.താലിചാർത്താൻ പൂജാരി അനുവാദം നൽകിയിട്ടും വധു തലകുനിക്കാതെ നിശ്ചലം നിന്നു. ആകെ വിഷമവൃത്തത്തിലായ വരൻ വധുവിനോട് കാര്യം എന്താണെന്ന് അന്വേഷിച്ചു.അപ്പോഴാണ് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വധു വരനോട് പറയുന്നത്.

തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വധു തീർത്തു പറയുകയായിരുന്നു. ഈ വിവാഹത്തിനായി വീട്ടുകാരുടെ ഭാഗത്തു നിന്നും സമ്മർദ്ദമുണ്ടായിരുന്നു. വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് തനിക്ക് ഇതുവരെ കാര്യങ്ങൾ എത്തിക്കേണ്ടി വന്നതെന്നും വധു പറഞ്ഞു. പലതവണ ഈ വിവാഹത്തിന് സമ്മതമല്ലെന്ന് വീട്ടുകാരെ അറിയിച്ചിട്ടും അവർ ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും വധു പറഞ്ഞു. മാനസികമായ ഐക്യമില്ലാതെ താങ്കളെ വിവാഹം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും വധു പറഞ്ഞു.

അതേസമയം വിവാഹം അലസിപ്പോയതിന്റെ പിറ്റേദിവസം, അതായത് വെള്ളിയാഴ്ച പറവൂർ രജിസ്ട്രാർ ഓഫീസിൽ വച്ച് യുവതി ഇഷ്ടത്തിലായിരുന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.