- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജെ.ബി കോശി റിപ്പോര്‍ട്ട് പുറത്തുവിടണം, നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം; നിയമസഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം; വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണം; ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരം: മാര്‍ത്തോമ സഭാധ്യക്ഷന്
ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരം: മാര്‍ത്തോമ സഭാധ്യക്ഷന്

പത്തനംതിട്ട: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അധികാരികള്‍ ഇച്ഛാശക്തി കാട്ടണമെന്നും മാര്‍ത്തോമ സഭ. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന പ്രസംഗത്തില്‍ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപ്പൊലിത്തയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ വന്നെങ്കിലും ഇപ്പോഴും ആശങ്കയുണ്ട്. വര്‍ഗീയ മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ന്യൂനപക്ഷ വേട്ട കേരളത്തില്‍ പോലും കേട്ടുതുടങ്ങുന്നത് ഗൗരവകരമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ആക്രമിക്കപ്പെടുന്നുവെന്ന് ഒഡീഷ സംഭവം ചൂണ്ടിക്കാട്ടി മാര്‍ത്തോമാ സഭ അധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. ക്രിസ്മസ് ദിനത്തിലെ അക്രമത്തിന്റെ അലയൊലി കേരളത്തില്‍ പോലും കേട്ടു. എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി സമര്‍പ്പിച്ച ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കണമെന്ന് മാര്‍ത്തോമ്മ സഭ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടണം. മത അധ്യാപകര്‍ക്ക് ക്ഷേമനിധി എന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ വരുന്നു. ഇതേക്കുറിച്ച് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം എന്താണെന്ന് അറിയണം.
മത അധ്യാപകര്‍ക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള നീക്കം സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പിന്‍വാതില്‍ നീക്കമാകരുത്. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന, മതവര്‍ഗീയതയെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഗൗരവത്തോടെ വിനിയോഗിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വോട്ടും ശബ്ദവും നിലപാടും ദൈവരാജ്യ മൂല്യങ്ങളാല്‍ നയിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ലഹരി വ്യാപനത്തെയും മദ്യനയത്തെയും മെത്രാപ്പോലീത്ത രൂക്ഷമായി വിമര്‍ശിച്ചു. ബാറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും മദ്യവില്‍പ്പന കുതിച്ചുയരുന്നതും ആശങ്കാജനകമാണ്. രാസലഹരി കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും അത് തടയേണ്ടവര്‍ നിസ്സംഗത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധ്യാപകര്‍ക്ക് കുട്ടികളെ പേടിയാണെന്ന അവസ്ഥയിലേക്ക് വിദ്യാലയങ്ങള്‍ മാറിയെന്നും കുട്ടി കുറ്റവാളികളെ നേരിടാന്‍ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് അടുക്കുന്നതിനായി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സജീവമാക്കിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നീക്കം വെറും 'തെരഞ്ഞെടുപ്പ് തന്ത്രം' മാത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും ക്രൈസ്തവ സഭയിലെ ഒരു വിഭാഗവും രംഗത്തു വരികയും ചെയ്തു.
എന്താണ് കോശി കമ്മീഷന്‍?
കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ക്ഷേമവും പരിശോധിക്കുന്നതിനായി 2020 നവംബറിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ വലിയൊരു ഭാഗം മുസ്ലിം വിഭാഗം കൊണ്ടുപോകുന്നു എന്ന ചില ക്രൈസ്തവ സംഘടനകളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഈ നീക്കം. 2023 മെയ് മാസത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ അത് പരസ്യപ്പെടുത്തിയിട്ടില്ല.


